ADVERTISEMENT

ന്യൂഡൽഹി∙ ജാഗ്രതയും കരുതലും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന നല്‍കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ഡൽഹിയിലെ ഏറ്റവും വലിയ നിഗംബോധ് ഘട്ട് ശ്മശാനത്തിൽ ദിവസം 15 സംസ്കാരങ്ങൾ നടന്നിടത്ത് ഇപ്പോൾ 30ൽ അധികം സംസ്കാരങ്ങളാണ് നടക്കുന്നത്. ഡൽഹിയിലെ‍ വലിയ സംസ്കാര സ്ഥലങ്ങളിലൊന്നായ ജാദിദ് ഖബ്രിസ്ഥാൻ അഹ്‌ലെ ഇസ്‌ലാമിലും സമാന അവസ്ഥയാണ്. 150–200 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുള്ള സ്ഥലമേ ഇവിടെയുള്ളെന്ന് നടത്തിപ്പുകാർ പറയുന്നു.

ബുധനാഴ്ച ഡൽഹിയിൽ മാത്രം 104 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 20ന് ശേഷം ആദ്യമായാണ് ഇത്രയും പേർ ഒരു ദിനം കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെ രാജ്യത്താകെ 1027 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് ഇത്രയധികം പ്രതിദിന മരണനിരക്ക് റിപ്പോർട്ട് ചെയ്തത് ഒക്ടോബർ 18നായിരുന്നു. അന്ന് 1033 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കോവിഡ് ചികില്‍സയ്ക്കും വന്‍ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്. പല ആശുപത്രിക്കു മുന്നിലും ആളുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം ആറോടെ ഡൽഹിയിലെ വെന്റിലേറ്റർ സൗകര്യമുള്ള 85% ഐസിയു കിടക്കകളും വെന്റിലേറ്റർ സൗകര്യമില്ലാത്ത 88% ഐസിയു കിടക്കകളും നിറഞ്ഞിരുന്നു. ഞായറാഴ്ച മുതൽ ഡൽഹിയിൽ ദിവസവും 10,000ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബുധനാഴ്ച 17,000ൽ അധികം പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.

കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് ലോക്ഡൗണിനു സമാനമായ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ രാത്രി എട്ടുമണി മുതല്‍ മേയ് ഒന്നുവരെയാണു നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. അവശ്യസര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.

ഇന്നലെ മാത്രം 60,000ൽ അധികംപേര്‍ക്ക് മഹാരാഷ്്്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.

English Summay: Delhi Crematoriums, Graveyards Struggle To Keep Up As Covid Deaths Rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com