ADVERTISEMENT

ന്യൂഡൽഹി∙ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുപ്രീം കോടതി. സിബിഐ അന്വേഷണത്തിനാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ഡി.കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. 

കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരാകും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരികയെന്നാണ് നിഗമനം. ജയിൻ സമിതി നമ്പി നാരായണന്റെ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. 

ജയിൻ സമിതി റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടു. ജയിൻ സമിതിയുടേത് പ്രാഥമിക റിപ്പോർട്ട് ആണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്തണമെന്നുമാണു കോടതി അറിയിച്ചത്. റിപ്പോർട്ട് പരസ്യമാക്കരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി പ്രത്യേക നിർദേശം നൽകി.

നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. 2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. എസ്. സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിലുള്ളത്.

English Summary: SC on Centre's plea, report on ISRO espionage case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com