ADVERTISEMENT

ലക്നൗ ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആന്റി വൈറൽ മരുന്നായ റെംഡിസിവിറിന്റെ ക്ഷാമം പരിഹരിക്കാൻ ഗുജറാത്തിൽനിന്ന് 25,000 വയൽ (കുപ്പി) റെംഡിസിവിർ ഇൻജക്‌ഷൻ എത്തിക്കാൻ യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകിയതോടെ മരുന്ന് എത്തിക്കാൻ അഹമ്മദാബാദിലേക്കു പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്നു വൈകിട്ടോടെ സംസ്ഥാനത്ത് ആവശ്യത്തിനു മരുന്നെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റെംഡിസിവിറിനു പുറമേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഐവര്‍മെക്ടിന്‍, പാരസെറ്റാമോൾ, ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ, വൈറ്റമിൻ സി, സിങ്ക് അടങ്ങിയ ഗുളികകൾ, വൈറ്റമിൻ ബി കോപ്ലക്സ്, വൈറ്റമിൻ ഡി ത്രി തുടങ്ങിയ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തുമെന്ന് അധികൃതർ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികൾക്കായി ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നതാണ് ഈ മരുന്നുകൾ. റെംഡിസിവിർ ഉൾപ്പെടെ, കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ ലഭ്യമാകാത്ത സാഹചര്യം സംസ്ഥാനത്തെ ഒരു ജില്ലയിലും ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകി.

റെംഡിസിവിർ നിർമിക്കാൻ യുഎസ് കമ്പനിയായ ഗലിയഡ് സയൻസസുമായി ഇന്ത്യയിലെ പല കമ്പനികളും താൽക്കാലിക കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂടി 38.80 ലക്ഷം യൂണിറ്റ് മരുന്നാണ് ഒരു മാസം നിർമിക്കുന്നത്. കോവിഡ് വ്യാപനം അതിശക്തമായതോടെ പ്രതിമാസ ഉൽപാദനം 78 ലക്ഷം യൂണിറ്റ് ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. മരുന്നുകളുടെ വില കുറയ്ക്കാനും കമ്പനികൾ തയാറായിട്ടുണ്ട്.

കോവിഡ് രോഗികളിൽ അനിയന്ത്രിതമായ റെംഡിസിവിർ ഉപയോഗം ആരോഗ്യമന്ത്രാലയം വിലക്കിയിട്ടുണ്ട്. കോവിഡ് രോഗികളിൽ ഇപ്പോഴും ഇതു പരീക്ഷണ മരുന്നാണ്. ആശുപത്രികളിൽ വച്ചേ രോഗികൾക്കു നൽകാവൂ. മെഡിക്കൽ ഷോപ്പുകൾ മരുന്നു നൽകരുത്. വീടുകളിൽ തുടരുന്ന കോവിഡ് ബാധിതർക്കും ലക്ഷണമില്ലാത്ത രോഗികൾക്കും നൽകരുത്. ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ തുടരുന്നവർക്കു മാത്രമാണ് റെംഡെസിവർ നൽകേണ്ടതെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു.

English Summary: UP gets 25,000 vials of Remdesivir injections airlifted from Ahmedabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com