പെട്ടത് ആക്രിക്കടയുടമ; പോസ്റ്ററുകൾ ആരേലും തിരികെ വാങ്ങണേയെന്ന് അഭ്യർഥന
Mail This Article
തിരുവനന്തപുരം∙ ചെകുത്താനും കടലിനും നടുവിൽ അകപ്പെട്ട പോലെയാണ് നന്തൻകോട് വൈഎംആർ ജംക്‌ഷനിലെ ആക്രിക്കട ഉടമ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠൻ. വില കൊടുത്ത പോസ്റ്ററുകളുടെ കൂമ്പാരം കടയ്ക്കുള്ളിൽ സിംഹ ഭാഗവും അപഹരിച്ചു. കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി.ബാലുവിൽ നിന്ന് 500 രൂപ നൽകി വാങ്ങിയ പോസ്റ്ററുകൾ മറിച്ചു വിൽക്കാനാകാതെ വിഷമവൃത്തത്തിലാണ് മണികണ്ഠനിപ്പോൾ. ആരെങ്കിലും പോസ്റ്ററുകൾ തിരിച്ചെടുക്കണേയെന്ന പ്രാർഥനയിലാണ് ഈ തമിഴ്നാട്ടുകാരൻ.
വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചു നൽകിയ പോസ്റ്ററുകളാണ്, മണികണ്ഠൻ, ബാലുവിൽ നിന്നു വാങ്ങിയത്. 51 കിലോ വരുന്ന പോസ്റ്ററുകൾ 500 രൂപയ്ക്ക് വാങ്ങിയ മണികണ്ഠന്, പോസ്റ്ററുകൾ മറിച്ചു വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. നന്തൻകോട് വൈഎംആർ ജംക്‌ഷനിലെ കടയിലാണ് പോസ്റ്ററുകൾ സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ, പോസ്റ്ററുകളൊന്നു പോലും തൽക്കാലം ആർക്കും വിൽക്കരുതെന്നാണ് മണികണ്ഠനു പൊലീസ്‍ നൽകിയിരിക്കുന്ന നിർദേശം. പോസ്റ്റർ വിറ്റ പരാതിയിൽ അന്വേഷണം നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയതെന്നു പൊലീസ് പറഞ്ഞു.
ഈ സാഹചര്യത്തിൽ, പണം മടക്കി നൽകി പോസ്റ്ററുകൾ കോൺഗ്രസുകാർ തിരിച്ചെടുക്കുമോയെന്ന പ്രതീക്ഷയിലാണ് ഇയാൾ. പോസ്റ്റർ വിവാദം ചൂടു പിടിച്ചതോടെ മണികണ്ഠന്റെ കടയും വാർത്തകളിൽ ഇടം തേടി. പോസ്റ്ററുകൾ കാണാൻ പലരും ഇവിടെ എത്തുന്നുമുണ്ട്. 4 കെട്ടുകളുമായി വ്യാഴാഴ്ച രാവിലെ 10ന് ബാലു കടയിലെത്തുകയും കടലാസാണെന്ന് പറഞ്ഞതായും മണികണ്ഠൻ പറഞ്ഞു. ‘പൊട്ടിക്കാത്ത നിലയിലായിരുന്നു കെട്ടുകളെല്ലാം. ആകെ 51 കിലോയുണ്ടായിരുന്നു. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും അപ്പോൾ തന്നെ ബാലുവിന് നൽകി. പണം മടക്കി നൽകിയാൽ മുഴുവൻ പോസ്റ്ററുകളും തിരിച്ചു നൽകും’– മണികണ്ഠൻ പറഞ്ഞു.
ആകെ 400 പോസ്റ്ററുകളാണ് ബാലു, ആക്രിക്കടയിൽ വിറ്റതെന്നാണു പ്രാഥമിക നിഗമനമെന്ന് സംഭവത്തെക്കുറിച്ച് ഇടക്കാല റിപ്പോർട്ട് നൽകിയ ഡിസിസി വൈസ് പ്രസിഡന്റ് ഡി.അരവിന്ദാക്ഷൻ പറഞ്ഞു. ഒരെണ്ണത്തിന് 10 രൂപ ചെലവിൽ അച്ചടിച്ച മൾട്ടി കളർ പോസ്റ്ററാണ്, കിലോയ്ക്ക് 10 രൂപയ്ക്ക് നന്തൻകോട്ടെ ആക്രിക്കടയിൽ ബാലു വിറ്റത്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പോസ്റ്ററുകളാണ് ആക്രിക്കടയിൽ വിറ്റതെന്നു കണ്ടെത്തിയതായും അരവിന്ദാക്ഷൻ അറിയിച്ചു. പേരൂർക്കടയിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്നു 14 കെട്ട് പോസ്റ്ററുകളാണ് കുറവൻകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം അലങ്കരിക്കാനും പതിക്കാനുമായി അനുവദിച്ചത്.
14 കെട്ടുകളുള്ളതിൽ, 6 കെട്ടുകൾ നന്തൻകോട് വാർഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറി. ഇതിൽ 2 കെട്ട് ദേവസ്വം ബോർഡ് ജംക്‌ഷൻ ഭാഗത്തേക്കും ബാക്കിയുള്ള 4 കെട്ട് വി.ബാലുവിനും നൽകി. പോളിങ് ബൂത്തിലേക്കുള്ള വഴിയിൽ, അന്നേ ദിവസം രാത്രിതന്നെ പോസ്റ്റർ അലങ്കരിക്കാനാണ് ബാലുവിന് ലഭിച്ച നിർദേശം. അലങ്കരിച്ച ശേഷം ബാക്കി വന്ന പോസ്റ്ററുകൾ കെട്ടുകളാക്കി കോൺഗ്രസിന്റെ ഇലക്‌ഷൻ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചു. ഇതാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ആക്രിക്കടയിൽ വിറ്റതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തൽ.
അതേസമയം, പോസ്റ്ററുകൾ വിറ്റ സംഭവത്തിൽ മണ്ഡലം–വാർഡ്–ബൂത്ത് കോൺഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചു. പാർട്ടിയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനമെന്നു ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. സംഭവത്തിൽ വി.ബാലുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു. പോസ്റ്ററുകൾ വിറ്റതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയാണെന്നു മ്യൂസിയം പൊലീസ് പറഞ്ഞു.
English Summary: Veena S Nair poster controversy: Kerala scrap shop owner speaks