ADVERTISEMENT

ലണ്ടൻ∙ വായ്പ തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടിഷ് സർക്കാരിന്റെ അനുമതി. ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. എന്നാൽ നീരവിന് ഇപ്പോഴും ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.

നേരത്തെ, നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ സ്വീകര്യമാണെന്നാണ് കോടതി അറിയിച്ചത്. കോവിഡും ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങളെല്ലാം അന്ന് കോടതി തള്ളിയിരുന്നു. 

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. ‌‌‌നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.

പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ ക്രമക്കേടുകൾ പുറത്തു വന്നത്.

English Summary : Fugitive billionaire Nirav Modi's extradition to India cleared by UK government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com