ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചശേഷം അതേ നാണയത്തില്‍ അവർക്കു മറുപടി നൽകാൻ ശ്രമിച്ച സർക്കാരിനു ഹൈക്കോടതി വിധി തിരിച്ചടിയായി. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണം അവസാനിപ്പിക്കുകയോ മേൽക്കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.

സർക്കാർ മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത. സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യാനും സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ രാജിക്കു പിന്നാലെയാണ് സര്‍ക്കാരിനു ഇഡി കേസ് പുതിയ തലവേദന ആയിരിക്കുന്നത്.

കേസ് എടുത്ത പൊലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസില്‍ ഇടപെട്ട പൊലീസ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്പി, ചില ജയിൽ ഉദ്യോഗസ്ഥർ, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇഡി കേസെടുക്കുമോ എന്ന ആശങ്ക പൊലീസിലെ ഉന്നതർക്കുണ്ട്. കേന്ദ്ര ഏജൻസിക്കെതിരെ നീങ്ങിയാൽ അത് നിയമപരമായി തിരിച്ചടിയാകുമോയെന്ന ആശങ്ക തുടക്കത്തിൽതന്നെ പൊലീസ് ഉദ്യോഗസ്ഥർ പങ്കുവച്ചിരുന്നു. സർക്കാരിൽനിന്ന് ലഭിച്ച കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ഡിജിപിയും. ഇഡിക്കെതിരെ നീങ്ങിയ ഉദ്യോഗസ്ഥർക്കുമേൽ ഇനി കേസും സമ്മർദവും ഉണ്ടാകുന്ന സാഹചര്യമൊരുങ്ങും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ ജയിലിൽനിന്ന് കത്തെഴുതിയിരുന്നു. ഇതിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതി സ്വപ്നയെ നിർബന്ധിച്ചെന്നു പറയുന്ന ഓഡിയോ ക്ലിപ് വ്യാജമായി നിർമിച്ചതാണോ ശബ്ദം യഥാർഥമാണോ എന്നാണ് അന്വേഷണം നടത്തിയതെന്നും കേസെടുക്കാവുന്ന കുറ്റകൃത്യമാണെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഒരു അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ തെളിവുകളുടെയും വസ്തുതകളുടെയും വിശ്വാസ്യത മറ്റൊരു അന്വേഷണ ഏജൻസിക്കു പരിശോധിക്കാനാകില്ലെന്ന് ഇഡിയും കോടതിയിൽ വാദിച്ചു. 

English Summary: HC quashes FIRs against ED in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com