ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം-അങ്കമാലി എംസി റോഡ് (227 കിമീ) നാല് വരി പാതയാക്കാൻ സംസ്ഥാന വിഹിതമായി 832 കോടി രൂപ കിഫ്ബി വഴി അനുവദിക്കും. ദേശീയപാത നിലവാരത്തിലേക്കു ഉയർത്തുന്നതിന്റെ ഭാഗമായി 6794 കോടി രൂപയാണു എംസി റോഡ് നവീകരണത്തിനു വേണ്ടത്. ഭൂമിയേറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനാണു സംസ്ഥാനം നൽകുക. എംസി റോഡിനു പുറമേ കൊച്ചി–തേനി (ദേശീയപാത 85) നാല് വരിയാക്കാൻ 372 കോടി രൂപയും കോഴിക്കോട്– മലപ്പുറം– പാലക്കാട് നാല് വരിപാതയ്ക്കായി 190 കോടി രൂപയും സംസ്ഥാന വിഹിതമായി കിഫ്ബിയിൽ നിന്നു നൽകും.

മൊത്തം 1395 കോടി രൂപ സംസ്ഥാനം കേന്ദ്രത്തിനു കൈമാറും. തിരുവനന്തപുരത്തു നിന്നാരംഭിച്ച് കൊട്ടാരക്കര, ചെങ്ങന്നൂർ, കോട്ടയം വഴി അങ്കമാലിയിൽ അവസാനിക്കുന്ന എംസി റോഡ് ദേശീയപാതയായി ഉയർത്താൻ നേരത്തെ സംസ്ഥാനം കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. കെഎസ്ടിപി പദ്ധതിയിൽ വികസിപ്പിച്ച എംസി റോഡിൽ ഇപ്പോൾ പല ഭാഗത്തും മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ്. അങ്കമാലി–കാലടി, പെരുമ്പാവൂർ–മൂവാറ്റപുഴ, ഏറ്റുമാനൂർ–കോട്ടയം, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ഏതാനും സ്ഥലങ്ങളിൽ ബൈപാസുകൾ വന്നെങ്കിലും റോഡിലെ തിരക്കിനു കാര്യമായ കുറവുണ്ടായിട്ടില്ല. ആറ് സിഗ്‌നലുകളുള്ള തിരുവല്ല ബൈപാസ്, ബൈപാസ് എന്ന വാക്കിനു തന്നെ നാണക്കേടാണ്. ചെങ്ങന്നൂർ–കഴക്കൂട്ടം സുരക്ഷാ ഇടനാഴിയുടെ ഭാഗമായി എംസി റോഡിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അപകടങ്ങൾ തുടർക്കഥയാണ്. റോഡ് നാല് വരിയാക്കുന്നതോടെ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കാം.

സ്റ്റേറ്റ് ഹൈവേ 1 എന്നറിയപ്പെടുന്ന മെയിൻ സെൻട്രൽ (എംസി) റോഡ് തിരുവിതാകൂർ ദിവാനായിരുന്ന രാജാ കേശവദാസാണു നിർമിച്ചത്. തിരുവനന്തപുരത്തു കേശവദാസപുരത്തുനിന്നു തുടങ്ങി അങ്കമാലി വരെ നീളുന്ന പാത മധ്യതിരുവിതാകൂറിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ചാണു കടന്നു പോകുന്നത്. അങ്കമാലിയിൽ സേലം–കൊച്ചി (എൻഎച്ച് 544) ദേശീയപാതയിലാണു എംസി റോഡ് ചേരുന്നത്.

ശബരിമലയിലേക്കുള്ള തീർഥാടകർ ആശ്രയിക്കുന്ന പ്രധാന പാതയും ഇതാണ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിലൂടെയാണു പാത കടന്നു പോകുന്നത്. കൊച്ചി–തേനി ദേശീയപാതയുടെ പുതുക്കിയ അലൈൻമെന്റ് മൂന്നാർ ടൗണിനെ ബൈപാസ് ചെയ്യുന്ന രീതിയിലാണ്. കൊച്ചി, തൂത്തുകുടി തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പാത നാല് വരിയായാണു വികസിപ്പിക്കുന്നത്.

English Summary: Kerala Government To Transfer 1395 Crore Rupees To Uinon Government For Road Renovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com