ഒസിഐ കാർഡ്: നിയമങ്ങൾ ലളിതമാക്കി ആഭ്യന്തര മന്ത്രാലയം
Mail This Article
ന്യൂഡൽഹി∙ ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ ഇളവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 20 വയസ്സിനു മുൻപു പാസ്പോർട്ട് പുതുക്കുമ്പോൾ ഒപ്പം ഒസിഐ കാർഡും പുതുക്കണമെന്ന നിബന്ധനയിലാണ് പ്രധാന മാറ്റം.
20 വയസ്സിനു മുൻപ് ഒസിഐ കാർഡ് നേടിയവർ 20 വയസ്സു പൂർത്തിയായ ശേഷം ഒരു തവണ മാത്രം ഇനി കാർഡ് പുതുക്കിയാൽ മതിയാകും. ഇരുപതു വയസ്സു പിന്നിടുമ്പോൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിന് മാത്രമാണിത്. ഇരുപതു വയസ്സിനു ശേഷം ഒസിഐ കാർഡിന് അപേക്ഷ നൽകുന്നവർക്ക് കാർഡ് ഇത്തരത്തിൽ പുതുക്കേണ്ടതില്ല.
ഇത്തരത്തിൽ, 50 വയസ്സ് തികഞ്ഞവർ പുതിയ പാസ്പോർട്ടിന്റെ പകർപ്പും പുതിയ ഫോട്ടോയും ഒസിഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. 50 വയസ്സു കഴിഞ്ഞവർക്ക് പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇതിനായുള്ള രേഖകൾ അപ്‌ലോഡ് ചെയ്തു നൽകാം. വിശദാംശങ്ങൾ അപ്‌ഡേറ്റു ചെയ്‌തുകഴിഞ്ഞാൽ ഇതു ശരിവച്ചുകൊണ്ടുള്ള ഇ-മെയിൽ സന്ദേശം ലഭ്യമാകും. പാസ്പോർട്ട് ഇഷ്യു ചെയ്തതു മുതൽ അപ്ഡേറ്റ് ചെയ്ത ഫൊട്ടോഗ്രാഫുകളും രേഖകളും അംഗീകരിക്കുന്ന തീയതി വരെ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽനിന്നോ യാത്രാ നിയന്ത്രണമുണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
2005 ൽ പ്രാബല്യത്തിൽ വന്ന ഒസിഐ കാർഡ് വ്യവസ്ഥകൾ പ്രകാരമാണ് 20 വയസ്സിനു താഴെയുള്ളവരും 50 വയസ്സിനു മുകളിലുളളവരും പാസ്പോർട്ട് പുതുക്കുമ്പോഴെല്ലാം ഒസിഐ കാർഡും പുതുക്കണമെന്ന നിബന്ധന നടപ്പാക്കി വന്നത്. ഇന്ത്യൻ പൗരന്റേയോ ഒസിഐ കാർഡ് ഉടമയുടേയോ വിദേശവംശജരായ പങ്കാളികളുടെ ഒസിഐ കാർഡ് നടപടികളിലും ചില ഇളവുണ്ട്. ഇവർ പാസ്പോർട്ട് പുതുക്കുമ്പോൾ പാസ്പോർട്ടിലെ ഫോട്ടോയുൾപ്പെടുന്ന ഭാഗത്തിന്റെ കോപ്പിയും ഒരു പുതിയ ഫോട്ടോയും ഇന്ത്യൻ പൗരനുമായോ ഒസിഐ കാർഡ് ഉടമയുമായോ ഉളള വിവാഹം നിലനിൽക്കുന്നുവെന്ന സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്താൽ മതിയാകും. ഈ വിവരങ്ങൾ ലഭ്യമാക്കുന്നതോടെ ഇതു ശരിവച്ചുകൊണ്ടുള്ള ഇമെയിൽ ലഭ്യമാകും.
മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വീസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം. ഇന്ത്യൻ സർക്കാരിന്റെ ഒസിഐ കാർഡ് ഉളളവർ ഏകദേശം 37.72 ലക്ഷം പേർ വരുമെന്നാണ് കണക്കുകൾ. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഒസിഐ കാർഡ് പുതുക്കാനുളള തീയതി 2021 ഡിസംബർ 31 വരെ കേന്ദ്ര സർക്കാർ നേരത്തെ നീട്ടിനൽകിയിരുന്നു.
English Summary: Rules Simplified For Getting OCI Card Reissued