കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളിലും വയനാട്ടിൽ 10 ഇടത്തും നിരോധനാജ്ഞ
Mail This Article
കൽപറ്റ/ കോഴിക്കോട് ∙ വയനാട്ടില്‍ രണ്ടു നഗരസഭാ പരിധികളുള്‍പ്പെടെ 10 തദ്ദേശസ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്‍പറ്റ, ബത്തേരി നഗരസഭകളിലും കണിയാമ്പറ്റ, തിരുനെല്ലി, നെന്മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി പഞ്ചായത്തുകളിലുമാണു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ടർ 144 പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയിലെ എല്ലാ കണ്ടെയ്ൻമെന്റ് സോണുകളിലും കലക്ടർ 144 പ്രഖ്യാപിച്ചു. നിലവിൽ 32 തദ്ദേശസ്ഥാപനങ്ങളിലായി 108 വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളായിട്ടുള്ളത്. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ ഇതുപ്രകാരം പൂര്‍ണമായി നിരോധിച്ചു.
തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ടയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.
English Summary : Section 144 imposed in 10 local bodies in Wayanad