അഭിമന്യു കൊലക്കേസ്: പ്രതി സഞ്ജയ്ജിത്ത് കീഴടങ്ങി
Mail This Article
കൊച്ചി∙ വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു (15) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി പൊലീസിനു കീഴടങ്ങി. കേസിലെ മുഖ്യ പ്രതി സഞ്ജയ്ജിത്താണ് കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയെ അരൂർ പൊലീസിന് കൈമാറി. അരൂർ പൊലീസ് കായംകുളം പൊലീസിന് കൈമാറും.
നേരത്തെ ഇയാളുടെ പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ അപ്രതീക്ഷിതമായി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇയാളെ വള്ളികുന്നത്തു നിന്നു പൊലീസ് എത്തുമ്പോൾ കൈമാറുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപം പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിലാണ് അഭിമന്യു മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അഭിമന്യുവിന്റെ സുഹൃത്തുക്കളായ വള്ളികുന്നം പുത്തൻചന്ത സ്വദേശികളായ മങ്ങാട്ട്പുത്തൻവീട്ടിൽ കാശിനാഥൻ (16), നഗരൂർകുറ്റിയിൽ ആദർശ് (19) എന്നിവർക്കു സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഗുരുതര പരുക്കേറ്റ ആദർശ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടതുകൈയ്ക്കു സാരമായ പരുക്കേറ്റ കാശിനാഥ് വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ആർഎസ്എസ് ബന്ധമുള്ളവരാണെന്നാണ് സിപിഎം ആരോപണം.
English Summary: Vallikunnam Abhimanyu Murder Case: Accused surrenders before police