യുഎഇയുടെ ക്ഷണം സ്വീകരിച്ചു; ഇന്ത്യ, പാക്ക് വിദേശകാര്യമന്ത്രിമാര് അബുദാബിയിൽ
Mail This Article
അബുദാബി∙ യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും അബുദാബിയിലെത്തി. ഇന്ത്യ, പാക്ക് ബന്ധം മെച്ചപ്പെടുത്താൻ മധ്യസ്ഥത വഹിക്കുന്നതായി യുഎഇ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിമാരുടെ യുഎഇ സന്ദർശനം.
ഇന്ത്യ - പാക്ക് വെടിനിർത്തൽ കരാർ പാലിക്കാൻ ഫെബ്രുവരിയിൽ ധാരണയുണ്ടാക്കിയതിലടക്കം യുഎഇയുടെ ഇടപെടലുണ്ടെന്ന് യുഎസിലെ യുഎഇ സ്ഥാനപതി യൂസുഫ് അൽ ഉത്തൈബയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൗഹൃദരാജ്യമായ യുഎഇയിലേക്ക് ഇരു വിദേശകാര്യമന്ത്രിമാരുമെത്തിയത്.
എന്നാൽ, അബുദാബിയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കറും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ലെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ സ്ഥിരീകരണം. ഇന്നലെ അബുദാബിയിലെത്തിയ എസ്. ജയ്ശങ്കർ, യുഎഇ വിദേശകാര്യമന്ത്രി മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിലെ സഹകരണത്തിനും കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യക്ഷേമത്തിനും ഊന്നൽ നൽകുന്ന ചർച്ചകളായിരിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ചയാണ് പാക്ക് വിദേശകാര്യമന്ത്രി മൂന്നുദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തിയത്. പാക്ക് വ്യവസായ സമൂഹവുമായും ഉന്നത നേതാക്കളുമായും ഷാ മഹ്മൂദ് ഖുറേഷി കൂടിക്കാഴ്ച നടത്തി. ജനുവരിയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഇന്റലിജൻസ് ഏജൻസികൾ യുഎഇയിൽ രഹസ്യചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഫെബ്രുവരി 27ന് ഡൽഹിയിലെത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി യുഎഇയിലെത്തുന്നത്.
English Summary: India Pak foreign ministers in UAEE