‘വൈഗയെ ഞെരിച്ചുകൊന്നു; സനുവിന്റേത് രഹസ്യ ജീവിതം, തുടർച്ചയായി മൊഴി മാറ്റുന്നു’
Mail This Article
കൊച്ചി∙ വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ (40) തനിച്ചാണെന്ന് പൊലീസ്. പിടിക്കപ്പെടാതിരിക്കാൻ എല്ലാ തെളിവുകളും ഇല്ലാതാക്കിയാണ് ഇയാൾ മുങ്ങി നടന്നതെന്നും എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 21ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഒരു മിസിങ് കേസ് റജിസ്റ്റർ ചെയ്തതിൽനിന്നായിരുന്നു തുടക്കം. തൊട്ടടുത്ത ദിവസം ഒരു പെൺകുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിന് കളമശേരിയിലും കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണത്തിലാണ് ഇത് അച്ഛനും മകളുമാണെന്നും പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നും തിരിച്ചറിഞ്ഞത്. സനു മോഹൻ ജീവിച്ചിരിക്കുന്നതായി പൊലീസ് ആദ്യം സ്ഥിരീകരിച്ചത് വാളയാറിൽ കാർ കടന്നു പോകുന്നതിന്റെ ദൃശ്യം ലഭിച്ചതിലൂടെയായിരുന്നു.
പൊലീസ് എട്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പ്രവർത്തനം. യാതൊരു ഡിജിറ്റൽ തെളിവുകളും ബാക്കി വയ്ക്കാതിരുന്നത് ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം ദുഷ്കരമാക്കി. തുടർന്നു കഴിഞ്ഞ ദിവസം കൊല്ലൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇന്നലെ ഇയാളെ പിടികൂടിയത്. പല സ്ഥങ്ങളിൽ കറങ്ങിക്കറങ്ങിയാണ് ഇയാൾ കർണാടകയിലെ കാർവാറിലെത്തിയത്. കുറഞ്ഞതു രണ്ടു സംസ്ഥാനങ്ങളിലും കൂടിയത് മൂന്നു സംസ്ഥാനങ്ങളിലും ഇയാൾ പോയിട്ടുണ്ട്.
ഇയാളെ കണ്ടെത്തിയതോടെ വൈഗയുടെ മരണം കൊലപാതകമെന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇയാൾ മകളെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിനു പ്രേരണയായത് എന്നാണ് വെളിപ്പെടുത്തൽ. ടെൻഷ കൊണ്ട് ഇനി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നു തോന്നിയപ്പോൾ മകളെ ഉപേക്ഷിച്ചുപോകാതെ ആദ്യം അവളെ കൊലപ്പെടുത്തി മരിക്കാനായിരുന്നു തീരുമാനം. സ്വയം മരിക്കാൻ സാധിക്കാതിരുന്നതിനാലാണ് മുങ്ങിയത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
പെൺകുട്ടിയുടെ മരണത്തിൽ മൂന്നാമത് ഒരാളുടെ ഇടപെടലുണ്ട് എന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. ആരുമില്ല എന്ന് വ്യക്തമായിട്ടുണ്ട്. നിലവിൽ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള രാസ പരിശോധനാ റിപ്പോർട്ട്, പോസ്റ്റുമോർട്ടം റിപ്പോർട്ട് തുടങ്ങിയവ പൊലീസിന്റെ കൈവശമുണ്ട്. കൂടുതൽ ചോദ്യം ചെയ്ത് തെളിവു ശേഖരിക്കുന്നതിനായി ഇയാളെ കോടതിയിൽ ഹാജരാക്കി 15 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനാണ് തീരുമാനം.
എട്ടു സ്ഥലങ്ങളില്‍ സംഘങ്ങളായി നടത്തിയ തിരച്ചിലിന് തൃക്കാക്കര എസിപി ശ്രീകുമാറാണ് നേതൃത്വം നൽകിയത്. ഫീൽഡിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അന്വേഷണ മികവും പ്രതിയെ പിടികൂടാൻ സഹായിച്ചു. ഇയാളുടെ പഴയ സ്വഭാവം തിരിച്ചറിഞ്ഞായിരുന്നു അന്വേഷണം. തിരച്ചിൽ തുടങ്ങുമ്പോൾ പ്രേരണ എന്തെല്ലാമായിരിക്കും എന്നതു മാത്രമായിരുന്നു പൊലീസിന്റെ കയ്യിലുണ്ടായിരുന്നത്. വരും ദിവസങ്ങളിൽ അന്വേഷണങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും എസിപി പറഞ്ഞു.
സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. സനു പരമാവധി പിടിക്കപ്പെടാതിരിക്കാൻ ശ്രമിച്ചത് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ നീക്കങ്ങളും പിടിക്കപ്പെടാതിരിക്കാൻ ചെയ്തതു പോലെയായിരുന്നു. എല്ലാ ഡിജിറ്റൽ തെളിവുകളും ഇല്ലാതാക്കിയായിരുന്നു എല്ലാ നീക്കങ്ങളും. എന്നാൽ നൂറിലേറെ പേരെ ചോദ്യം ചെയ്ത് ഇയാളുടെ സ്വഭാവം പൂർണമായും പഠിച്ച ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ കർണാടകയിലെ കാർവാറിൽ വച്ചു പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.
നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.
English Summary: Kochi city police commissioner press meet on Vaiga death and Sanu Mohan's arrest