ADVERTISEMENT

കണ്ണൂർ∙ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മാസ്ക് നിർമാണത്തിലേക്കു കടന്ന ഹാൻവീവ് പ്രതീക്ഷിച്ച വിൽപന നടത്താനാവാതെ കരുക്കിലായി. ഉൽപാദിപ്പിച്ച 3,58,216 മാസ്ക്കുകളിൽ 36,900 മാസ്ക്കുകൾ മാത്രമാണ് കണ്ണൂർ റീജിയനു കീഴിൽ വിറ്റു പോയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സ്ഥാപനത്തിന് ആശ്വാസമാകുമെന്നു കരുതിയിരുന്ന പദ്ധതിയാണ് പാളിയത്.

രണ്ടും മൂന്നും ലെയറുകളുള്ള മാസ്ക്കുകൾക്ക് ആവശ്യക്കാർ കൂടിയതോടെ ഒറ്റലെയറിൽ തീർത്ത മാസ്ക്കുകൾക്ക് ആവശ്യക്കാരില്ലാതെ വന്നതോടെയാണ് വിൽപന തകർന്നത്. 22 ലക്ഷം രൂപയുടെ കച്ചവടം മാത്രമാണു നടന്നത്. അതേസമയം, മാസ്ക്കുകളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധ ചെലുത്തിയ ഖാദി ബോർഡ് 25 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കുകയും ചെയ്തു.

വിറ്റു പോകാൻ കഴിയാത്ത മാസ്ക്കുകൾ വിഷു വിപണിയിൽ സൗജന്യമായി നൽകുകയായിരുന്നു ഹാൻവീവ്. 500 രൂപയിൽ കുടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് 2 മാസ്ക്കുകൾ സൗജന്യമായി നൽകി.

കഴിഞ്ഞ 3 വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഹാൻവീവ്. ഒന്നര വർഷമായി തൊഴിലാളികൾക്കും ജീവനക്കാർക്കും വേതനം മുടങ്ങുന്നു. ഇപ്പോഴും വേതന കുടിശികയുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണമെന്ന ആവശ്യത്തിന് 16 വർഷത്തെ പഴക്കമുണ്ട്. 

സ്കൂൾ യൂണിഫോമിൽനിന്നുള്ള വരുമാനവും മുടങ്ങിയിരിക്കുകയാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ജീവനക്കാരും ഉഴലുകയാണ്. സ്ഥാപനത്തിനു മുന്നോട്ടു പോകാനുള്ള പദ്ധതികളും മുന്നിലില്ല. 

∙ തലപ്പത്തുള്ളവർ പടിയിറങ്ങുന്നു, പ്രശ്നങ്ങൾ ബാക്കി

സംസ്ഥാന സർക്കാർ പരമ്പരാഗത വ്യവസായങ്ങൾക്ക് ഊർജം പകരാൻ ആരംഭിച്ച ഹാൻവീവ് ഇന്ന് തകർച്ചയുടെ പടുകുഴിയിലാണ്. ശമ്പളം കൊടുക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലെത്തിയ സ്ഥാപനത്തിന്റെ ചെയർമാൻ കാലാവധി പൂർത്തിയാക്കാൻ പോവുകയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവനാണ് ചെയർമാൻ. സ്വന്തം യൂണിയനിൽപെട്ട തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾ പോലും പരിഹരിക്കാതെയാണ് അദ്ദേഹത്തിന് ഇറങ്ങി പോകേണ്ടി വരിക.

ഹാൻവീവിന്റെ ഉൽപാദനം സ്കൂൾ യൂണിഫോം മാത്രമാക്കി ചുരുക്കി. ഇത് സർക്കാർ പദ്ധതി മാത്രമാണ്. എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാം. സ്ഥിരം വരുമാനത്തിനുള്ള പദ്ധതിയൊന്നും നിലവിൽ ഹാൻവീവിനു മുന്നിലില്ല. വിരമിച്ചു പോകുന്ന ജീവനക്കാർക്ക് പകരം വയ്ക്കാനാളില്ലാതെ ഷോറുമുകൾ പലതും പൂട്ടി പോകുന്നു. മാസ്ക് വിൽപനയിലൂടെ ശമ്പളം കൊടുക്കാനുള്ള തുകയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും അതും പാളി.

സ്ഥാപനത്തിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിൽ ശീതസമരത്തിലായിരുന്നു. യൂണിയന്റെ ആവശ്യങ്ങൾക്കു മുന്നിൽ കണ്ണടയ്ക്കുകയും ഹാൻവീവിനെ രക്ഷപ്പെടുത്താൻ നൂതന പദ്ധതികൾ നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ചെയർമാന്റെ നിലപാടിൽ അവർ അസംതൃപ്തരായിരുന്നു. 5 വർഷം കൊണ്ട് സ്ഥാപനത്തെ രക്ഷപ്പെടുത്തിയെടുക്കാൻ കഴിയാതെയാണ് ചെയർമാന് സ്ഥാനമൊഴിയേണ്ടി വരുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

∙ എല്ലാം പാർട്ടിക്കാർ

ഹാൻവീവിലെ ജീവനക്കാരുടെ സംഘടനയിൽ മേധാവിത്വവും സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനവുമെല്ലാം സിപിഎമ്മിനാണ്. അതുകൊണ്ടു തന്നെ സിഐടിയു യൂണിയൻ, ജീവനക്കാരുടെ ആവശ്യങ്ങൾക്കായി ആത്മാർഥത കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായുണ്ട്. സർക്കാരിനു കീഴിലെ എല്ലാ സ്ഥാപനങ്ങളിലും ശമ്പള വർധനയും ശമ്പള പരിഷ്കരണവുമെല്ലാം നടന്നെങ്കിലും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ചെയർമാനായ ഹാൻവീവിൽ മാത്രം ഒന്നും നടന്നില്ല.

ജീവനക്കാരെ സംഘടിപ്പിച്ച് സിഐടിയു ജയിംസ് മാത്യു എംഎൽഎയുടെ നേതൃത്വത്തിൽ ഹാൻവീവ് ആസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തിയിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു ഒത്തുതീർപ്പുമില്ലാതെ സമരം അവസാനിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപെങ്കിലും ശമ്പള പരിഷ്കരണം ഉണ്ടാകുമെന്ന തൊഴിലാളികളുടെ പ്രതീക്ഷയും അസ്ഥാനത്തായി. സിഐടിയു സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനം എടുപ്പിക്കാൻ യൂണിയൻ നേതാക്കൾക്കു കഴിഞ്ഞില്ല. ഇതോടെ സിഐടിയു നേതൃത്വത്തിനെതിരെയും ജീവനക്കാർ വിരൽചൂണ്ടി തുടങ്ങി.

English Summary: Weaving industry industry facing economic crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com