അമ്മയ്ക്ക് സ്വത്ത് കിട്ടാതിരിക്കാൻ അച്ഛനെ സഹായിച്ചു; കോടീശ്വര പുത്രന് തിരിച്ചടി
Mail This Article
ലണ്ടൻ ∙ വിവാഹമോചന കരാർ പ്രകാരം നൽകേണ്ട തുക കുറയ്ക്കാനായി സ്വത്തിന്റെ മൂല്യത്തിൽ കൃത്രിമം കാണിച്ച റഷ്യൻ കോടീശ്വരനെതിരെ ഭാര്യ നൽകിയ പരാതിയിൽ അനുകൂല വിധി. റഷ്യൻ കോടീശ്വരൻ ഫൽഹാദ് അഖ്മെദവിനെതിരെയാണ് മുൻ ഭാര്യ തത്‌സിയാന പരാതി നൽകിയത്. ഇവരുടെ മൂത്തമകൻ തെമൂറിനെതിരെയും പരാതി നൽകിയിരുന്നു.
അച്ഛന്റെ തീരുമാനം നടപ്പാക്കാന്‍ ‘വിശ്വസ്തനായ ലഫ്റ്റനന്റിനെ’പ്പോലെ മകൻ പ്രവർത്തിച്ചു എന്നാണു പരാതി. നഷ്ടപരിഹാര തുകയായ 45 കോടി പൗണ്ട് തന്റെ മാതാവിനു ലഭിക്കുന്നതു തടയാൻ തെമൂർ ശ്രമിച്ചെന്നും ലണ്ടൻ കോടതി നിരീക്ഷിച്ചു. സത്യസന്ധമല്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് തെമൂർ എന്നു വിശേഷിപ്പിച്ച കോടതി, 10 കോടി ഡോളറിലധികം ഇദ്ദേഹം നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു.
എന്നാൽ മാതാപിതാക്കൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമാണ് മകൻ എന്ന നിലയിൽ താൻ ശ്രമിച്ചതെന്നും മറിച്ചുള്ള വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും തെമൂർ വാദിച്ചു. വിവാഹമോചന കരാർ പ്രകാരം നേടിയ മോസ്കോയിലെ അപാർട്മെന്റ് വിൽക്കാൻ മകൻ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പരാതിക്കാരി കോടതിയെ സമീപിച്ചത്.
തത്‌സിയാന റഷ്യക്കാരിയാണെങ്കിലും ലണ്ടനിലാണു താമസിക്കുന്നത്. അഞ്ചു വർഷം മുൻപ് ആരംഭിച്ച കേസിൽ വിധി വന്നതോടെ ബ്രിട്ടനിലെ ഏറ്റവും ’ചെലവേറിയ’ വിവാഹമോചനക്കേസ് എന്ന വിശേഷണവും ഇതിനു ലഭിച്ചു. ഏകദേശം 45.3 കോടി പൗണ്ട് വിലമതിക്കുന്ന സ്വത്തിൽ അവകാശം ഉന്നയിക്കാനാണ് വിധിയിലൂടെ തത്‌സിയാനയ്ക്കു സാധിക്കുക.
English Summary:In UK's "Largest Divorce" Case, Son Ordered To Pay $100 Million To Mom