മൻസൂർ കൊലപാതക കേസ്; പ്രതികളെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ല: ഫിറോസ്
Mail This Article
കോഴിക്കോട്∙ പാനൂർ - പുല്ലൂകരയിലെ മൻസൂർ കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. സിപിഎം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ്, ലോക്കൽ കമ്മിറ്റി അംഗം ജാബിർ, പൂല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നാസർ, ഇബ്രാഹിം എന്നിവർ ഈ കേസിൽ പ്രതികളാണ്. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണ സംഘത്തെ മാറ്റിയപ്പോൾ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലും പുതിയ അന്വേഷണ സംഘത്തിന്റെ മുകളിലും ഭരണകക്ഷി സമ്മർദം ചെലുത്തുന്നത് കാരണം അന്വേഷണം വീണ്ടും ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയാണ്.
കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പ്രതി ജാബിർ ഓൺലൈനിൽ വന്നതിന്റെ തെളിവുകൾ ഇതിനകം പുറത്ത് വന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പ്രതിയെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ല. കേസിലെ പ്രധാന പ്രതി സുഹൈലിന്റെ വീട് സിപിഎം നേതാക്കൾ വൃത്തിയാക്കാൻ എത്തിയത് ദുരൂഹമാണ്. ബോംബ് നിർമ്മാണം നടന്നത് സുഹൈലിന്റെ വീട്ടിലാണെന്ന് നാട്ടുകാർ സംശയിക്കുമ്പോളാണ് ഇത്തരം ഒരു സംഭവം നടന്നത്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ന്യായമായും സംശയിക്കുന്നു. ഇതിന് നേതൃത്വം കൊടുത്ത സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ഹരീന്ദ്രൻ, പാനൂർ നഗരസഭ കൗൺസിലർ ദാസൻ എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷിക്കണം.
കേസിലെ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലും അന്വേഷണം ഇപ്പോൾ മുമ്പോട്ട് പോകുന്നില്ല. മൻസൂറിന്റെ കൊലപാതകത്തിലെ സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വരുമെന്ന ഭയം കൊണ്ട് രതീഷിനെ കൊലപ്പെടുത്തിയാതാണെന്ന് സംശയമുണ്ട്.
മൻസൂർ കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിന് പകരം വിലാപ യാത്ര കഴിഞ്ഞ് പോകുമ്പോളുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ നിരപരാധികളായ യൂത്ത്‌ലീഗ് പ്രവർത്തകരെ കള്ളക്കേസുകൾ ചുമത്തി ജയിലിടക്കാനാണ് പൊലിസ് താത്പര്യം കാണിക്കുന്നതെന്നെന്നും പി.കെ.ഫിറോസ് ആരോപിച്ചു.
English Summary: PK Firoz on Mansoor murder case investigation