സനു മോഹനെ കൊല്ലൂരിലെത്തിച്ച് തെളിവെടുത്തു; ജാക്കറ്റും താക്കോലും കണ്ടെത്തി
Mail This Article
കൊല്ലൂർ ∙ കൊച്ചി കാക്കനാട് വൈഗ കൊലക്കേസ് പ്രതി സനു മോഹനെ ആറു ദിവസം ഒളിവിൽ കഴിഞ്ഞ കർണാടക കൊല്ലൂരിലെത്തിച്ചു തെളിവെടുപ്പു നടത്തി. വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പിനുശേഷം ഞായറാഴ്ച വൈകിയാണ് അന്വേഷണ സംഘം ഇയാളെയും കൊണ്ടു കൊല്ലൂരിലെത്തിയത്. ഇന്നു കൊല്ലൂരിൽ തെളിവെടുപ്പു പൂർത്തിയാക്കിയശേഷം സംഘം കേരളത്തിലേക്കു മടങ്ങി.
കൊല്ലൂരിൽ സനു മോഹൻ 6 ദിവസം ഒളിവിൽ കഴിഞ്ഞ ബീന റസിഡൻസിയിലാണ് ആദ്യം തെളിവെടുപ്പു നടന്നത്. ഇവിടത്തെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. താമസിച്ച മുറിയിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ഒരു ജാക്കറ്റ് കണ്ടെടുത്തു. തുടർന്നു കൊല്ലൂർ ബസ് സ്റ്റാൻഡ്, യാത്രാ മധ്യേ ഇയാൾ ബസ് മാറിക്കയറിയ വനമേഖല തുടങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി.
വാടക കൊടുക്കാതെ മുങ്ങിയ ഇയാൾ താമസിച്ച ഹോട്ടൽ മുറിയുടെ താക്കോൽ ബൈന്ദൂരിൽ റോഡരികിൽ വലിച്ചെറിഞ്ഞതായി ഹോട്ടലിലെ തെളിവെടുപ്പിനിടെ വ്യക്തമാക്കി. കൊല്ലൂരിലെ തെളിവെടുപ്പിനു ശേഷം സനു മോഹനെയും കൊണ്ട് ബൈന്ദൂരിലെത്തിയ പൊലീസ് സംഘം ഇവിടെ നിന്നു താക്കോലും കണ്ടെത്തി.
ഏപ്രിൽ 10നു രാവിലെ കൊല്ലൂർ ക്ഷേത്രത്തിനു തൊട്ടടുത്ത ബീന റസിഡൻസിയിൽ മുറിയെടുത്ത സനു മോഹൻ 16നു രാവിലെയാണ് ഇവിടെനിന്നു മുങ്ങിയത്. ജീവനക്കാരോട് സൗപർണികയിൽ പോയി വരാമെന്നു പറഞ്ഞാണ് ഇറങ്ങിയത്. വൈകിട്ട് മംഗളൂരുവിൽനിന്നു വിമാനത്തിൽ മടങ്ങാനുള്ളതാണെന്നും വിമാനത്താവളത്തിൽ പോകുന്നതിനായി ഉച്ചയ്ക്ക് 1 മണിക്ക് കാർ വേണമെന്നും പറഞ്ഞിരുന്നു.
കാർ എത്തിയ ശേഷവും ഇയാൾ തിരിച്ചെത്തിയില്ല. ഇതോടെയാണു സനു മോഹൻ മുങ്ങിയതായി ഹോട്ടലുകാർക്കു വ്യക്തമായത്. മുറി വാടകയായ 5,700 രൂപ നൽകാതെയാണു മുങ്ങിയത്. തുടർന്ന് ഇയാൾ തിരിച്ചറിയൽ രേഖയായി നൽകിയ ആധാർ കാർഡിലെ വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് 3 ആഴ്ച പൊലീസിനെ വട്ടം കറക്കിയ പ്രതിയാണ് ഇയാളെന്നു വ്യക്തമായതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും.
ഇവിടെനിന്നു മുങ്ങുമ്പോൾ ഒരു ചെറിയ ബാഗ് മാത്രമാണ് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത്. താമസിച്ച മുറിയിൽനിന്ന് ഇന്നു കണ്ടെത്തിയത് ഒരു ജാക്കറ്റ് മാത്രവും. ബാഗും മറ്റു സാധനങ്ങളുമെല്ലാം മുങ്ങുന്നതിന് മുമ്പ് കടത്തിയിരുന്നു. ഇതോടെ, സനു മോഹൻ കൊല്ലൂരിൽനിന്നു മുങ്ങിയതും നേരത്തെ ആസൂത്രണം ചെയ്തതു പ്രകാരമാണെന്ന നിഗമനത്തിലാണു പൊലീസ്.
ഇതോടെ, ഇയാൾ ബാഗും മറ്റും മുൻകൂട്ടി എവിടേക്കാണു മാറ്റിയത്, കൊല്ലൂരിൽ മറ്റാരുടെയെങ്കിലും സഹായം ഇയാൾക്കു ലഭിച്ചിരുന്നുവോ തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാവുകയാണ്. തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ചെത്തിയശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെയേ ഇത്തരം കാര്യങ്ങളിൾ വ്യക്തത വരൂ.
English Summary: Police brought Sanu Mohan to Kollur for examination