സനു മോഹനെയും വൈഗയുടെ അമ്മയെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുന്നു
Mail This Article
കൊച്ചി∙ കളമശേരി മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനെയും കുട്ടിയുടെ മാതാവിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. സനു മോഹന്റെ മൊഴികളിലെ വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് തീരുമാനം. സാമ്പത്തിക ബാധ്യതയുള്ളതിനാൽ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നായിരുന്നു സനു പൊലീസിനോടു പറഞ്ഞിരുന്നത്.
എന്നാൽ മകളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ട് അന്യസംസ്ഥാനങ്ങളിലെത്തി പണം ഉപയോഗിച്ചു ചൂതാട്ടം നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വൻ തുക കൈവശം വച്ച് നാടുവിട്ടത് എന്തിനാണെന്ന ചോദ്യത്തിനും ഇയാൾക്ക് കൃത്യമായ മറുപടി നൽകാനായിട്ടില്ല. നാടുവിട്ട ശേഷം മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന മൊഴിയും വിശ്വസനീയമല്ലെന്നു പൊലീസ് തിരിച്ചറിഞ്ഞു.
ഇയാളെ അഞ്ചു സംസ്ഥാനങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പു നടത്തിയ ശേഷം ഇന്നലെ അന്വേഷണ സംഘം നടത്തിയ അവലോകന യോഗത്തിൽ കേസ് തുടർന്ന് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. സനു മോഹൻ നൽകിയ മൊഴികൾക്കതീതമായി മകളെ കൊലപ്പെടുത്തിയതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടത്തിയതിന്റെ പ്രേരണയായി ഇയാൾ പറയുന്ന കാര്യങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നത് പൊലീസിനെ സമ്മർദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ കൊലപാതക കാരണം കൃത്യമായി തിരിച്ചറിയുന്നതിനാണ് കുട്ടിയുടെ മാതാവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്. ഇവരെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കുട്ടി മരിച്ച സാഹചര്യം പരിഗണിച്ച് കാര്യമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നില്ല.
English Summary: Vaiga murder case, police interrogation