ADVERTISEMENT

ജില്ലയിൽ 9ൽ 8 സീറ്റും നേടി എൽഡിഎഫ് കണക്കു ശരിയാക്കി. 2016ലെ ഫലത്തിന്റെ ആവർത്തനമുണ്ടാകുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ജയം മാത്രമാണ് യുഡിഎഫിന്റെ ആശ്വാസം. 3 മന്ത്രിമാർ രംഗത്തില്ലാഞ്ഞിട്ടും എൽഡിഎഫിന്റെ പ്രകടനത്തിനു തിളക്കം കൂടിയതേയുള്ളൂ.

സിപിഎം 6 സീറ്റും സിപിഐയും എൻസിപിയും ഓരോ സീറ്റുമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ അരൂരും ഇത്തവണ എൽഡിഎഫ് വീണ്ടെടുത്തു. യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാന് ഗായിക കൂടിയായ ദലീമയോടു പരാജയം. ഏറെ ശ്രദ്ധനേടിയ അരിത ബാബുവിന്റെ സ്ഥാനാർഥിത്വത്തിന് കായംകുളത്ത് യു. പ്രതിഭയുടെ വിജയത്തെ തടയാനായില്ല

മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ ഇത്തവണ മത്സരിച്ചില്ലെങ്കിലും അവരുടെ മണ്ഡലങ്ങളായ അമ്പലപ്പുഴയിൽ എച്ച്. സലാമും ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും ചേർത്തലയിൽ പി. പ്രസാദും എൽഡിഎഫിനു വേണ്ടി ചെങ്കൊടി പാറിച്ചു. 

2016 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപതു സീറ്റുകളിൽ എട്ടും എൽഡിഎഫിനായിരുന്നു. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. എം.എം. ആരിഫ് ലോക്സഭയിലേക്കു ജയിച്ചുപോയപ്പോൾ അരൂരിൽ നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെ യുഡിഎഫിനു രണ്ടു സീറ്റ്. ഇത്തവണ മേൽക്കൈ നിലനിർത്താൻ എൽഡിഎഫും നില മെച്ചപ്പെടുത്താൻ യുഡിഎഫും നേട്ടമുണ്ടാക്കാൻ ബിജെപിയും കണക്കുകൂട്ടിയാണ് ഇറങ്ങിയത്.

ടേം നിബന്ധനയുടെ പേരിൽ എൽഡിഎഫ് മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ എന്നിവർ ഇത്തവണ മൽസരത്തിനില്ലാത്തത് ചർച്ചയായിരുന്നു; അവർ പ്രചാരണരംഗത്തുണ്ടായിരുന്നെങ്കിലും. കായംകുളത്തെ സ്ഥാനാർഥി അരിത ബാബുവിനെതിരെ എം.എം. ആരിഫ് നടത്തിയ പ്രസ്താവന വിവാദത്തിനു തിരി കൊളുത്തി. ആഴക്കടൽ മൽസ്യബന്ധനക്കരാറും തീരമേഖലയിെല പ്രശ്നങ്ങളും സജീവ ചർച്ചയായ ജില്ലയിൽ ശബരിമലയും പിൻവാതിൽ നിയമനവുമടക്കം പ്രചാരണത്തിൽ പരാമർശിക്കപ്പെട്ടു.

daleema-jojo-4

∙ അരൂർ

ദലീമ ജോജോയിലൂടെ സിപിഎം അരൂർ തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ഷാനിമോൾ ഉസ്മാനെതിരെ 7013 വോട്ടിനാണ് ദലീമ ജയിച്ചുകയറിയത്.

ഇടതുമുന്നണിയുടെ കയ്യിലുള്ള മണ്ഡലം എന്ന വിശേഷണമുള്ള അരൂരിൽ, 1957 ൽ ആദ്യ രണ്ടു തിര‍ഞ്ഞെടുപ്പുകൾ ജയിച്ചത് ഒരു കോൺഗ്രസ് സ്ഥാനാർഥിയാണ്– പി.എസ്. കാർത്തികേയൻ. 67 ൽ സിപിഎമ്മിനു വേണ്ടി ഗൗരിയമ്മ ജയിച്ച മണ്ഡലം പിന്നീട് ഏറെക്കാലം ഇടതുമുന്നണിയുടെ കുത്തകയായിരുന്നു. 70 ലും ഗൗരിയമ്മ ജയിച്ചു. 77 ൽ സിപിഐ സ്ഥാനാർഥി പി.എസ്. ശ്രീനിവാസൻ. പിന്നെ 80 മുതൽ 2001 വരെ തുടർച്ചയായ ആറു തിരഞ്ഞെടുപ്പുകളിൽ ഗൗരിയമ്മ; 91 വരെ സിപിഎമ്മിനു വേണ്ടിയും 96ലും 2001ലും ജെഎസ്എസിനു വേണ്ടിയും.

അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി എ.എം. ആരിഫ് വിജയിച്ചതിനുശേഷം ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചതിന്റെ ആത്മിവിശ്വാസവുമായാണ് ഇത്തവണ ഷാനിമോൾ മൽസരത്തിനിറങ്ങിയത്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള അഭിമാനപ്പോരാട്ടത്തിൽ സിപിഎം നിയോഗിച്ചത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോയെ ആയിരുന്നു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ടി. അനിയപ്പനായിരുന്നു എൻഡിഎ സ്ഥാനാർഥി.

മൽസ്യത്തൊഴിലാളികൾ ധാരാളമുള്ള മണ്ഡലത്തിൽ തീരമേഖലയിലെ പ്രശ്നങ്ങളും സജീവചർച്ചയായി. ഒന്നര വർഷം കൊണ്ട് മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ തന്നെയായിരുന്നു ഷാനിമോൾ പ്രചാരണത്തിൽ മുന്നോട്ടു വച്ചത്. ഇടതു മുന്നണി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളും അഴിമതിയാരോപണങ്ങളും യുഡിഎഫ് പ്രചാരണത്തിന് എടുത്തുപയോഗിച്ചു. ഇടതു സർക്കാരിന്റെ ജനക്ഷേമ നടപടകളും വികസന നേട്ടങ്ങളും നിരത്തിയായിരുന്നു ദലീമയുടെ പ്രചാരണം. ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലുള്ള ബന്ധങ്ങളും ഗായിക എന്ന നിലയിലുളള വ്യക്തിപരിചയവും തുണയ്ക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടി.

ഫലം

∙ ദലീമ ജോജോ (സിപിഎം): 75617

∙ ഷാനിമോൾ ഉസ്മാൻ (കോൺ‍ഗ്രസ്): 68604

∙ അനിയപ്പന്‍ (ബിഡിജെഎസ്): 17479

2016 ലെ ഫലം

∙ഭൂരിപക്ഷം: 38,519

∙എ.എം. ആരിഫ് (സിപിഎം ): 84,720
∙സി.ആർ.ജയപ്രകാശ് ( കോൺഗ്രസ് ): 46,201
∙ടി. അനിയപ്പൻ (ബിഡിജെഎസ്): 27,753

പി. പ്രസാദ്
പി. പ്രസാദ്

∙ ചേർത്തല

ചേർത്തല ഇടതുമുന്നണിക്കു തന്നെ. സിപിഐ സ്ഥാനാർഥി പി. പ്രസാദ് കോൺഗ്രസ് സ്ഥാനാർഥി എസ്. ശരത്തിനെ 6148 വോട്ടുകൾക്കു തോൽപിച്ചു.

മണ്ഡല പുനർനിർണയത്തിനു ശേഷം 2011 ൽ നിലവിൽ വന്ന ചേർത്തല മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിര‍ഞ്ഞെടുപ്പുകളിലും സിപിഐയാണ് ജയിച്ചത്. അതിനു മുമ്പുള്ള ഒരു ടേം കൂടി കണക്കിലെടുത്താൽ പി. തിലോത്തമൻ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് ഇത്തവണ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദിനെ എൽഡിഎഫ് മൽസരത്തിനിറക്കിയത്. 2016 ൽ തിലോത്തമനോടു പരാജയപ്പെട്ട യുവ നേതാവ് എസ്. ശരത്തിനെത്തന്നെ കോൺഗ്രസ് സ്ഥാനാർഥിയാക്കി.

എന്നാൽ എൻഡിഎയുടെ സ്ഥാനാർഥിപ്രഖ്യാപനം ഇടതുക്യാംപിനെ അമ്പരപ്പിച്ചു. സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പി.എസ്. ജ്യോതിസിനെയാണ് ബിഡിജെഎസിന്റെ പേരിൽ എൻഡിഎ മൽസരിപ്പിച്ചത്. തീരമേഖലയിലെ പ്രശ്നങ്ങളടക്കം ചർച്ചയായ മണ്ഡലത്തിൽ തിലോത്തമൻ നടത്തിയ വികസനങ്ങളും ഇടതു സർക്കാരിന്റെ നേട്ടങ്ങളുമായിരുന്നു ഇടതു പ്രചാരണത്തിന്റെ കാതൽ. പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ പി. പ്രസാദിന്റെ ഇടപെടലുകളും എൽഡിഎഫ് ഉയർത്തിക്കാട്ടി.

കഴിഞ്ഞ വട്ടം തോറ്റിട്ടും മണ്ഡലത്തിൽ നിറഞ്ഞുനിന്ന ശരത്തിന്റെ പ്രവർത്തന മികവിൽ വിശ്വാസമർപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. മൽസ്യബന്ധന കരാറടക്കമുള്ള വിഷയങ്ങളുന്നയിച്ചായിരുന്നു യുഡിഎഫ് വോട്ടു തേടിയത്. ജ്യോതിസിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിത നേട്ടം കൊണ്ടുവരുമെന്ന് എൻഡിഎ കരുതി. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെയും രണ്ടു മുന്നണികളുടെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചുമാണ് ബിജെപി വോട്ടു ചോദിച്ചത്.

2021 ഫലം

∙ പി. പ്രസാദ് (സിപിഐ): 83702
∙ എസ്. ശരത് (കോൺഗ്രസ്): 77554
∙ പി.എസ്. ജ്യോതിസ് (ബിഡിജെഎസ്): 14254

2016 ലെ ഫലം

∙പി. തിലോത്തമൻ ( സിപിഐ ): 81,197

∙എസ്.ശരത് (കോൺഗ്രസ്): 74,001
∙പി.എസ്.രാജീവ് (ബിഡിജെഎസ്): 19,614

 പി.പി. ചിത്തരഞ്ജൻ
പി.പി. ചിത്തരഞ്ജൻ

∙ ആലപ്പുഴ

പി.പി. ചിത്തരഞ്ജനിലൂടെ ആലപ്പുഴ സിപിഎം നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജിനെ 11644 വോട്ടിനാണ് ചിത്തരഞ്ജൻ പരാജയപ്പെടുത്തിയത്.

ഇടതു ചായ്‌വുണ്ടെന്നു പറയുമ്പോഴും ഇടത്, വലത് മുന്നണികളെ ജയിപ്പിച്ചിട്ടുണ്ട് ആലപ്പുഴ. എ. നഫീസത്ത് ബീവിയും ടി.വി തോമസും പി.കെ. വാസുദേവൻ നായരും റോസമ്മ പുന്നൂസുമടക്കമുള്ള വലിയ നേതാക്കൾ ജയിച്ചിട്ടുണ്ട് ഇവിടെ. ടിവിയും പികെവിയുമടക്കം തോറ്റിട്ടുമുണ്ട്. 1991 മുതൽ 2006 വരെ യുഡിഎഫിന്റെ കയ്യിലായിരുന്നു ആലപ്പുഴ. 91 ൽ എൻഡിപി സ്ഥാനാർഥി കെ.പി. രാമചന്ദ്രൻനായരും 96 മുതൽ 2006 വരെ മൂന്നു തിരഞ്ഞെടുപ്പുകളിൽ കെ.സി. വേണുഗോപാലും ജയിച്ചു. 2011 ൽ ടി.എം. തോമസ് ഐസക്ക് ജയിച്ച മണ്ഡലം 2016 ൽ അദ്ദേഹം നിലനിർത്തി. രണ്ടു ടേം നിബന്ധനയുടെ പേരിലാണ് ഇത്തവണ ഐസക് മാറി പി.പി. ചിത്തരഞ്ജനെ സിപിഎം മൽസരിക്കാനിറക്കിയത്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ടിക്കറ്റിൽ മൽസരിച്ച് വി.എം. സുധീരനെ വീഴ്ത്തിയ ഡോ. കെ.എസ്. മനോജാണ് ഇത്തവണ യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയത്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ, മാധ്യമപ്രവർത്തകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ സന്ദീപ് വാചസ്പതിയായിരുന്നു ബിജെപി സ്ഥാനാർഥി.

2916 ൽ തോമസ് ഐസക് 31,032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ഇത്തവണയും ജയം ആവർത്തിക്കാമെന്നായിരുന്നു സിപിഎമ്മിന്റെ ആത്മവിശ്വാസം. ഐസക് ചിത്തരഞ്ജന്റെ പ്രചാരണത്തിൽ സജീവവുമായിരുന്നു. മൽസ്യത്തൊഴിലാളി യൂണിയൻ നേതാവായ ചിത്തരഞ്ജന് തീരമേഖലകളിൽ വോട്ടുപിടിക്കാനാവുമെന്നും ഐസക് കഴി‍ഞ്ഞ 10 വർഷത്തിനിടെ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടി. സർക്കാരിന്റെ ജനക്ഷേമ പരിപാടികളും പ്രചാരണത്തിൽ അവതരിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വാർഡുകളിൽ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം നിയമസഭാ തിര‍ഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് പറഞ്ഞിരുന്നു.

അതേസമയം, യുഡിഎഫിലെത്തിയപ്പോൾത്തന്നെ ആലപ്പുഴയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന മനോജ് വളരെ നേരത്തേതന്നെ പ്രചാരണ പരിപാടികൾ തുടങ്ങിയിരുന്നു. ഇത് ഗുണകരമാകുമെന്ന് യുഡിഎഫ് കരുതി. ലത്തീൻ സമുദായാംഗമായ മനോജിന് തീരമേഖലയിലെ ലത്തീൻ വോട്ടുകൾ സമാഹരിക്കാനാകുമെന്നും കണക്കുകൂട്ടലുണ്ടായി. മൽസ്യബന്ധനക്കരാറും സ്വർണക്കടത്തും അടക്കമുള്ള വിവാദങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നു കണക്കാക്കിയ യുഡിഎഫിന്റെ പ്രചാരണത്തിൽ സർക്കാരിനെതിരെ ഇക്കാര്യങ്ങളിൽ ശക്തമായ ആക്രമണവുമുണ്ടായി. കേന്ദ്രസർക്കാരിന്റെ വികസന പരിപാടികളും ഇടത്, വലത് മുന്നണികൾക്കെതിരെയുള്ള ആക്രമണങ്ങളുമായിരുന്നു എൻഡിയുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു. ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര–വയലാർ രക്തസാക്ഷി സ്മാരകത്തിൽ കയറി പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു.

ഫലം
∙ പി.പി. ചിത്തരഞ്ജൻ (സിപിഎം) : 73412
∙ ഡോ. കെ.എസ്. മനോജ് (കോൺഗ്രസ്): 61768
∙ സന്ദീപ് വാചസ്പതി (ബിജെപി): 21650
∙ഭൂരിപക്ഷം:

2016 ലെ ഫലം

∙ഡോ.ടി.എം.തോമസ് ഐസക് (സിപിഎം): 83,211

∙ലാലി വിൻസെന്റ് (കോൺഗ്രസ്): 52,179
∙രൺജിത് ശ്രീനിവാസ് (ബിജെപി): 18,214

എച്ച്. സലാം
എച്ച്. സലാം

∙ അമ്പലപ്പുഴ

സിപിഎം സ്ഥാനാർഥി എച്ച്. സലാമിനെ ജയിപ്പിച്ച് അമ്പലപ്പുഴ ഇത്തവണയും ഇടത്തേക്കു ചാ‍‍ഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി എം. ലിജുവിനെ 11125 വോട്ടിനാണ് തോൽപിച്ചത്. പുന്നപ്ര ഉൾപ്പെടുന്ന അമ്പലപ്പുഴയിൽ 1967 ലെ ആദ്യ തിര‍ഞ്ഞെടുപ്പിൽ ജയിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. 70 ലും വിജയം ആവർത്തിച്ച വിഎസിന് പക്ഷേ 1977 ൽ മൂന്നാം മൽസരത്തിൽ അടിതെറ്റി; ആർഎസ്പിയുടെ കെ.കെ. കുമാരപിള്ളയ്ക്കു മുന്നിൽ. പിന്നീട് പി.കെ. ചന്ദ്രാനന്ദനും സുശീല ഗോപാലനുമൊക്കെ മൽസരിച്ചു ജയിച്ച അമ്പലപ്പുഴയിൽ 2006 മുതൽ മൂന്നു വട്ടം ജി. സുധാകരനായിരുന്നു ജയിച്ചുകയറിയത്. രണ്ടു ടേം നിബന്ധയുടെ പേരിൽ ഇത്തവണ സുധാകരനു മാറിനിൽക്കേണ്ടിവന്നപ്പോൾ സിപിഎം പകരം നിയോഗിച്ചത് ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാമിനെയാണ്.

സുധാകരന്റെ പിന്തുണയോടെ സലാം പോരാട്ടത്തിനിറങ്ങിയപ്പോൾ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് ഡിസിസി അധ്യക്ഷൻ എം. ലിജുവിനെ. 2011 ൽ ലിജു ഇവിടെ സുധാകരനോടു മൽസരിച്ചു പരാജയപ്പെട്ടിരുന്നു. എൻഡിഎയുടെ സ്ഥാനാർഥിയെച്ചൊല്ലി മുന്നണിയിലും ബിജെപിയിലുമുണ്ടായ തർക്കങ്ങൾക്കൊടുവിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് മൽസരിക്കാനെത്തി.

ഇടതുമുന്നണി മേൽക്കെ അവകാശപ്പെടുമ്പോഴും ഇത്തവണ മണ്ഡലത്തിൽ പ്രചാരണം കടുപ്പമായിരുന്നു. തീരമേഖലയിലെ പ്രശ്നങ്ങളും മൽസ്യത്തൊഴിലാളികളുടെ ദുരിതവും മൽസ്യബന്ധനക്കരാറുമൊക്കെ സജീവചർച്ചയായി. മണൽ ഖനനവും ഹാർബറിന്റെ പ്രവർത്തനം നിലച്ചതും തോട്ടപ്പള്ളി സ്പിൽവേയിലെ ഡ്രജിങ്ങുമൊക്കെയായിരുന്നു മണ്ഡലത്തിലെ സജീവ വിഷയങ്ങൾ.

മന്ത്രിയെന്ന നിലയിൽ ജി. സുധാകരന്റെ പ്രവർത്തനവും വ്യക്തിപ്രഭാവവും സഹായിക്കുമെന്നും സർക്കാരിന്റെ ജനക്ഷേമ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടി. തീരമേഖലയിലെ പ്രശ്നങ്ങൾക്കടക്കം സർക്കാർ പരിഹാരം കണ്ടില്ലെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മേൽക്കൈ ഇത്തവണ ഗുണം ചെയ്യുമെന്നും കരുതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടുവളർച്ച ഗുണകരമാകുമെന്നു വിലയിരുത്തിയ എൻഡിഎ ഇത്തവണ ന്യൂനപക്ഷ വോട്ടുകളും ലക്ഷ്യമിട്ടിരുന്നു.

2021 ഫലം
∙ എച്ച്. സലാം (സിപിഎം): 61365
∙ എം. ലിജു (കോൺഗ്രസ്): 50240
∙ അനൂപ് ആന്റണി (ബിജെപി): 22389

2016 ലെ ഫലം

∙ഭൂരിപക്ഷം: 22,621

∙ജി. സുധാകരൻ ( സിപിഎം): 63,069
∙ഷേക്ക് പി.ഹാരിസ് (ജെഡിയു): 40,448
∙എൽ.പി. ജയചന്ദ്രൻ (ബിജെപി ): 22,730

തോമസ് കെ.തോമസ്
തോമസ് കെ.തോമസ്

∙ കുട്ടനാട്

കുട്ടനാട്ടിൽ എൽഡിഎഫിനു തുടർവിജയം. എൻസിപി സ്ഥാനാർഥി തോമസ് കെ.തോമസിന് യുഡിഎഫിന്റെ കേരള കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് എബ്രഹാമിനെതിരെ 5516 വോട്ടിന്റെ വിജയം.

കർഷക മേഖലയായ കുട്ടനാട്ടിൽ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ കാർഷിക മേഖലയിലെ പ്രശ്നങ്ങളും കർഷകർ നേരിടുന്ന പ്രതിസന്ധികളുമൊക്കെയാണ്. പ്രളയങ്ങളും ദുരിതാശ്വാസവുമൊക്കെ പ്രചാരണത്തിൽ ചർച്ചയാവുകയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള കുട്ടനാട് പക്ഷേ ഇടതിനൊപ്പം മാത്രമല്ല നിന്നിട്ടുള്ളത്. തകഴി മണ്ഡലം വിഭജിച്ച് 1965 ലാണ് കുട്ടനാട് മണ്ഡലം രൂപീകരിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോണ്‍ഗ്രസിന് മണ്ഡലത്തിലെ വിജയചരിത്രത്തിൽ മേൽക്കൈയുണ്ട്. 1982 മുതൽ 2001 വരെ കേരള കോൺഗ്രസിന്റെ ഡോ. കെ.സി. ജോസഫ് തുടർച്ചയായി അഞ്ചുവട്ടം കുട്ടനാട്ടിൽനിന്നു ജയിച്ചു. 2006 ൽ യുഡിഎഫിന്റെ ഡിഐസി സ്ഥാനാർഥി തോമസ് ചാണ്ടി ഡോ. കെ.സി. ജോസഫിനെ പരാജയപ്പെടുത്തി. പിന്നീട് തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പിലും തോമസ് ചാണ്ടി തന്നെ ജയിച്ചുകയറി. 2011 ലും 2016 ലും പക്ഷേ എൻസിപി സ്ഥാനാർഥിയായി എൽഡിഎഫിലായിരുന്നു അദ്ദേഹം.

2019 ൽ തോമസ് ചാണ്ടി അന്തരിച്ചതിനെത്തുടർന്ന് മണ്ഡലം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെയാണ് മണ്ഡലം നിലനിർത്താനായി ഇത്തവണ എൻസിപി സീറ്റിൽ ഇടതുമുന്നണി മല്‍സരിപ്പിച്ചത്. ജേക്കബ് എബ്രഹാം ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. 2016 ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി തോമസ് ചാണ്ടിക്കെതിരെ മൽസരിച്ച ജേക്കബ് ഏബ്രഹാം 4,891 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കേരള കോൺഗ്രസ് ലയനത്തിനു ശേഷം വീണ്ടും പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പിലാണ് ഇത്തവണ അദ്ദേഹം മൽസരത്തിനിറങ്ങിയത്. എൻഡിഎ ഇത്തവണ അവതരിപ്പിച്ചത് സർപ്രൈസ് സ്ഥാനാർഥിയെയാണ്– സിപിഐ ജില്ലാ കൗൺസിൽ അംഗമായിരുന്ന തമ്പി മേട്ടുതറയെ. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ തമ്പി ബിഡിജെഎസ് സ്ഥാനാർഥിയായത് ഇടതു കേന്ദ്രങ്ങളെ ഒന്നമ്പരപ്പിച്ചു.

കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് കുട്ടനാടിന്റെ പ്രധാന വേവലാതി. ടൂറിസം രംഗത്തെ വെല്ലുവിളികളും പ്രളയവും ശുദ്ധജലക്ഷാമവുമൊക്കെ പ്രചാരണത്തിലിടം പിടിച്ചു. തോമസ് ചാണ്ടി നടപ്പാക്കിയ കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞും ഇടതു സർക്കാരിന്റെ പ്രളയദുരിതാശ്വാസമടക്കമുള്ള പ്രവർത്തനങ്ങൾ എടുത്തുകാട്ടിയുമായിരുന്നു തോമസ് കെ.തോമസിന്റെ പ്രചാരണം. അതേസമയം, ഇപ്പോഴും പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ഇടതുസർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വോട്ടു ചോദിച്ചത്. തമ്പി മേട്ടുതറയുടെ വരവ് ഇടതുവോട്ടുകൾ കൂടി തങ്ങളിലേക്കെത്തിക്കുമെന്ന് എൻഡിഎ കണക്കുകൂട്ടി.

ഫലം
∙ തോമസ് കെ.തോമസ് (എൻസിപി):57379
∙ ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ്): 51863
∙ തമ്പി മേട്ടുതറ (ബിഡിജെഎസ്): 14946

2016 ലെ ഫലം

∙തോമസ് ചാണ്ടി (എൻസിപി): 50,114
∙ജേക്കബ് ഏബ്രഹാം (കേരള കോൺഗ്രസ് എം): 45,223
∙സുഭാഷ് വാസു (ബിഡിജെഎസ്): 33,044

ramesh-chennithala--03

∙ ഹരിപ്പാട്

ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്ക് ഹാട്രിക് ജയം. സിപിഐ സ്ഥാനാർഥി ആർ. സജിലാലിനെ 13666 വോട്ടുകൾക്കാണ് ചെന്നിത്തല വീഴ്ത്തിയത്.

ഇരുമുന്നണികളെയും ജയിപ്പിച്ചിട്ടുള്ള ഹരിപ്പാട്ട് ഹാട്രിക് വിജയം തേടിയാണ് ഇത്തവണ രമേശ് ചെന്നിത്തല ഇറങ്ങിയത്. 1982 ൽ കന്നി മൽസരത്തിൽ ചെന്നിത്തലയെ ജയിപ്പിച്ചിട്ടുണ്ട് ഹരിപ്പാട്. ആ ടേമിൽത്തന്നെ, 1986 ൽ മന്ത്രിയുമായി. 1987 ലും 2011 ലും ഹരിപ്പാട്ടു നിന്ന് രമേശ് വിജയിച്ചു. 2016 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയുമായി. 2016 ൽ, മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവുമുയർന്ന ഭൂരിപക്ഷം – 18621 വോട്ട് – നേടി ഹരിപ്പാട്ടു വിജയം തുടർന്ന ചെന്നിത്തല പ്രതിപക്ഷ നേതാവായി.

ഇത്തവണ വിജയം ഉറപ്പാക്കിയാണ് രമേശ് ചെന്നിത്തലയും കോൺഗ്രസും മൽസരത്തിനിറങ്ങിയത്. ചെന്നിത്തലയെ വീഴ്ത്തി മണ്ഡലം പിടിക്കാൻ എൽഡിഎഫ് നിയോഗിച്ചത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാലിനെയാണ്. അതിനെച്ചൊല്ലി സിപിഐയിൽ തർക്കമുണ്ടായെങ്കിലും പിന്നീട് പാർട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി പ്രചാരണത്തിൽ സജീവമായി. 2016 ൽ ബിജെപി തീർത്തും മോശം പ്രക‍ടനം നടത്തിയ മണ്ഡലത്തിൽ ഇത്തവണ പാർട്ടി സ്ഥാനാർഥിയാക്കിയത് ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമനെയാണ്.

2016 ൽ 51.16 ശതമാനം വോട്ടു നേടിയതിന്റെ ആത്മവിശ്വാസവുമായാണ് രമേശ് ചെന്നിത്തല മൽസരിക്കാനിറങ്ങിയത്. ഹരിപ്പാടുമായുള്ള ആത്മബന്ധവും മണ്ഡലത്തിലെമ്പാടുമുള്ള വ്യക്തിപരമായ ബന്ധങ്ങളും അടുപ്പവും ഇത്തവണയും സഹായിക്കുമെന്നു യുഡിഎഫ് ക്യാംപ് കണക്കുകൂട്ടി. സ്വർണക്കടത്ത്, പിൻവാതിൽ നിയമനം, ശബരിമല മുതൽ ലൈഫ് മിഷനും മൽസ്യബന്ധനക്കരാറും വരെയുള്ള വിഷയങ്ങളുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. ഇക്കാര്യങ്ങളിലെല്ലാം ചെന്നിത്തല നടത്തിയ സജീവ ഇടപെടൽ വോട്ടർമാരെ സ്വാധീനിക്കുമെന്നുതന്നെ മുന്നണി കരുതി.

അതേസമയം, തദ്ദേശ തിര‍ഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി അലട്ടുകയും ചെയ്തു. മറുവശത്ത്, തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രകടനത്തിലായിരുന്നു ഇടതുമുന്നണിയുടെ പ്രധാന പ്രതീക്ഷ. തദ്ദേശ തിര‍ഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനം നേട്ടമായത് എൻഡിഎയ്ക്കാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ ഇരട്ടിയിലധികം വോട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പെട്ടിയിൽ വീണത്. ആ നേട്ടം തുടരുകയെന്ന വെല്ലുവിളിയായിരുന്നു പാർട്ടിയുടെ മുന്നിലുണ്ടായിരുന്നത്. യോഗി ആദിത്യനാഥിനെ എത്തിച്ചുള്ള പ്രചാരണം ഗുണം ചെയ്യുമെന്നും ബിജെപി കരുതി.

ഫലം
∙ രമേശ് ചെന്നിത്തല (കോൺഗ്രസ്): 72768
∙ ആർ. സജിലാൽ (സിപിഐ): 59102
∙ കെ. സോമൻ (ബിജെപി): 17890
∙ഭൂരിപക്ഷം:

2016 ലെ ഫലം

∙രമേശ് ചെന്നിത്തല (കോൺഗ്രസ്): 75,980
∙പി.പ്രസാദ് (സിപിഐ): 57,359
∙ഡി.അശ്വിനി ദേവ് (ബിജെപി): 12,985

U-Prathibha-Kayamkulam

∙ കായംകുളം

സിറ്റിങ് എംൽഎ യു. പ്രതിഭയിലൂടെ കായംകുളം സിപിഎം നിലനിർത്തി. കോൺഗ്രസിന്റെ യുവസ്ഥാനാർഥി അരിത ബാബുവിനെ 6298 വോട്ടിനാണ് പ്രതിഭ പരാജയപ്പെടുത്തിയത്.

രണ്ടു മുന്നണികളെയും ജയിപ്പിച്ചിട്ടുള്ള കായംകുളമാണ് ഇത്തവണ ആലപ്പുഴ ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടന്ന മണ്ഡലങ്ങളിലൊന്ന്; 67 വർഷത്തിനു ശേഷം രണ്ടു വനിതകൾ ഏറ്റുമുട്ടുന്നു. രണ്ടു മുന്നണികൾക്കും വേണ്ടി വനിതാ സ്ഥാനാർഥികൾ കളത്തിലിറങ്ങിയ കായംകുളത്ത്, 1957 ൽ മണ്ഡലത്തിലെ ആദ്യ മൽസരത്തിൽ ജയിച്ചുകയറിയത് ഒരു വനിതയായിരുന്നു– സിപിഐ സ്ഥാനാർഥി കെ.ഒ. അയിഷാ ബായി. കോൺഗ്രസ് സ്ഥാനാർഥി സരോജിനിയെ പരാജയപ്പെടുത്തിയ അവർ കേരള നിയമസഭയിലെ ആദ്യ ഡപ്യൂട്ടി സപീക്കറുമായി. മഹിളാ സമാജങ്ങളുടെ തുടക്കക്കാരിയും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ച അഭിഭാഷകയുമായിരുന്ന അയിഷാ ബായി അടുത്ത തിരഞ്ഞെടുപ്പിലും കായംകുളത്തുനിന്നു മൽസരിച്ചു ജയിച്ചു.

തച്ചടി പ്രഭാകരനും ജി. സുധാകരനും എം.എം. ഹസനും സി.കെ. സദാശിവനുമൊക്കെ മൽസരിച്ചു ജയിച്ച കായംകുളം 2006 മുതൽ മൂന്നു തിര‍ഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തായിരുന്നു; 2006 ലും 2011 നും സി.കെ. സദാശിവനും 2016 ൽ യു. പ്രതിഭയും. ഇത്തവണ വിജയത്തുടർച്ച തേടിയാണ് പ്രതിഭ മൽസരത്തിനിറങ്ങിയത്. മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് 21 ാം വയസ്സിൽ ജില്ലാ പഞ്ചായത്തംഗമായ അരിത ബാബുവിനെയാണ്. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി. പ്രദീപ് ലാലായിരുന്നു എൻഡിഎ സ്ഥാനാർഥി.

വികസനം പറഞ്ഞായിരുന്നു മൂന്നു മുന്നണികളും വോട്ടു ചോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും എടുത്തു പറഞ്ഞായിരുന്നു പ്രതിഭയുടെ പ്രചാരണം. അതേസമയം സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതി. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞും ഇടതുസർക്കാരിന്റെ വീഴ്ചകളും വിവാദങ്ങളും ചൂണ്ടിക്കാട്ടിയുമായിരുന്നു യുഡിഎഫ് പ്രചാരണം നയിച്ചത്.

ഇതിനിടെ, പ്രതിഭയുടെ പ്രചാരണയോഗത്തിൽ എ.എം. ആരിഫ് എംപി അരിതയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായി. അരിതയുടെ മാതാപിതാക്കളുടെ ജോലി സൂചിപ്പിച്ച്, ഇതു പാൽസൊസൈറ്റി തിരഞ്ഞെടുപ്പല്ല എന്നായിരുന്നു ആരിഫിന്റെ പരാമർശം. സംഭവം വിവാദമായതോടെ ആരിഫ് വിശദീകരണം നടത്തിയെങ്കിലും സംഭവം അരിതയ്ക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനീക്കുമെന്നു യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും ഇടതു സർക്കാരിന്റെ വീഴ്ചകളും അഴിമതിയാരോപണങ്ങളും അടക്കം എടുത്തുപറഞ്ഞായിരുന്നു എൻഡിഎയുടെ പ്രചാരണം. എസ്എന്‍ഡിപി യോഗം കായംകുളം യൂണിയന്‍ സെക്രട്ടറിയായ പ്രദീപ് ലാലിന് മണ്ഡലത്തിലെ ഈഴവ വോട്ടുകൾ സമാഹരിക്കാനായാൽ നേട്ടമാകുമെന്നും എൻഡിഎ കണക്കുകൂട്ടിയിരുന്നു.

ഫലം
∙ യു. പ്രതിഭ (സിപിഎം): 77348
∙ അരിത ബാബു (കോൺഗ്രസ്): 71050

∙ പ്രദീപ് ലാൽ (ബിഡിജെഎസ്): 11413

2016 ലെ ഫലം

∙യു.പ്രതിഭ ഹരി ( സിപിഎം ): 72,956
∙എം.ലിജു ( കോൺഗ്രസ്): 61,099
∙ഷാജി എം.പണിക്കർ (ബിഡിജെഎസ് ): 20,000

എം.എസ്.അരുൺ കുമാർ
എം.എസ്.അരുൺ കുമാർ

∙ മാവേലിക്കര

എം.എസ്.അരുൺ കുമാറിലൂടെ മാവേലിക്കര സിപിഎം നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.കെ. ഷാജുവിനെ 24717 വോട്ടിനാണ് അരുൺ തോൽപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞിട്ടുണ്ട് മാവേലിക്കര. 1957 ൽ നിലവിൽ വന്ന മണ്ഡലം ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിൽ ദ്വയാംഗമായിരുന്നു. പിന്നീട് മുന്നണികളെ മാറിമാറി ജയിപ്പിച്ചു.1980, 82, 87 തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ എസ്. ഗോവിന്ദക്കുറുപ്പ് ജയിച്ചുകയറിയ മാവേലിക്കര, പിന്നീട് അടുപ്പിച്ച് നാലുതവണ കോൺഗ്രസിനൊപ്പം നിന്നു. 91, 96, 2001, 2006 തിരഞ്ഞെടുപ്പുകളിൽ എം. മുരളിയായിരുന്നു വിജയി. 2011 ലും 2016 ലും സിപിഎമ്മിന്റെ ആർ. രാജേഷ് ജയിച്ചു.

മണ്ഡലം നിലനിർത്താൻ സിപിഎം ഇത്തവണ ഇറക്കിയത് ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എം.എസ്.അരുൺ കുമാറിയാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് മുൻ എംഎൽഎ കൂടിയായ കെ.കെ. ഷാജുവിനെ. ഡിവൈഎഫ്ഐ നേതാവും സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയുമായിരുന്ന കെ. സഞ്ജുവിനെ പാർട്ടിയിലെത്തിച്ച് ബിജെപി സ്ഥാനാർഥിയാക്കിയത് ഇടതു ക്യാംപിന് അപ്രതീക്ഷിതമായിരുന്നു.

സർക്കാരിന്റെ നേട്ടങ്ങൾ തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയം. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ ആവർത്തിക്കാമെന്നായിരുന്നു എൽഡിഎഫ് പ്രതീക്ഷ. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെല്ലാം എൽഡിഎഫിനായിരുന്നു വിജയം. അതേസമയം, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയാരോപണങ്ങളും വിവാദങ്ങളും വോട്ടാകുമെന്ന് യുഡിഎഫ് കരുതി. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രതിനിധികളുള്ള ബിജെപി നില മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു.

ഫലം
∙ എം.എസ്.അരുൺ കുമാർ (സിപിഎം): 71743
∙ കെ.കെ. ഷാജു (കോൺഗ്രസ്): 47026
∙ കെ. സഞ്ജു (ബിജെപി): 30955

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,98,395
∙പോൾ ചെയ്ത വോട്ട് : 1,49,688
∙പോളിങ് ശതമാനം : 75.45
∙ഭൂരിപക്ഷം: 31,542

∙ആർ.രാജേഷ് (സിപിഎം): 74,555
∙ബൈജു കലാശാല (കോൺഗ്രസ്): 43,013
∙പി.എം.വേലായുധൻ (ബിജെപി ): 30,929
∙ടി. ആശ (എസ്‍യുസിഐ): 242
∙കറ്റാനം സുരേഷ് (ബിഎസ്പി): 213
∙അജീഷ് കുമാർ (സ്വത): 213
∙നോട്ട: 523

ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ തിരുവൻവണ്ടൂരിൽ വോട്ടു തേടുന്നു.
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ തിരുവൻവണ്ടൂരിൽ വോട്ടു തേടുന്നു.

∙ ചെങ്ങന്നൂർ

ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ സജി ചെറിയാന് രണ്ടാം വിജയം. കോൺഗ്രസ് സ്ഥാനാർഥി എം. മുരളിക്കെതിരെ 32093 വോട്ടാണ് സജിയുടെ ഭൂരിപക്ഷം.

രണ്ടു മുന്നണികളോടും അടുപ്പം കാട്ടിയിട്ടുള്ള ചെങ്ങന്നൂരിൽ 1991 മുതൽ അഞ്ചു ടേം നീണ്ട കോൺഗ്രസ് വിജയത്തിനു തടയിട്ടാണ് 2016 ൽ രാമചന്ദ്രൻ നായർ ജയിച്ചുകയറിയത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് 2018 ൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച സജി തുടർച്ചയായ രണ്ടാം വിജയത്തിനാണ് ഇത്തവണ ഇറങ്ങിയത്. മണ്ഡലത്തിലെ വികസനവും സർക്കാരിന്റെ ജനക്ഷേമ പരിപാടികളും തന്നെയായിരുന്നു പ്രചാരണത്തിൽ എൽഡിഎഫ് എടുത്തുപറഞ്ഞത്. മണ്ഡ‍ലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കെപിസിസി ജനറൽ സെക്രട്ടറിയും മാവേലിക്കര മുൻ എംഎൽഎയുമായ എം. മുരളിയെ. ബിജെപിയുടെ കണക്കിലെ എ ക്ലാസ് മണ്ഡലത്തിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിനെയാണ് പാർട്ടി സ്ഥാനാർഥിയാക്കിയത്.

ശബരിമലയുമായി ബന്ധമുള്ള മണ്ഡലമെന്ന നിലയിൽ വിശ്വാസ സംരക്ഷണവും ശബരിമല യുവതീപ്രവേശവും ചെങ്ങന്നൂരിൽ ഇത്തവണ യുഡിഎഫും ബിജെപിയും സജീവ ചർച്ചാവിഷയമാക്കിയിരുന്നു. സ്വർണക്കടത്ത്, പിൻവാതിൽ നിയമനം അടക്കമുള്ള വിവാദവിഷയങ്ങളെല്ലാം യുഡിഎഫിന്റെ പ്രചാരണത്തിൽ ഉന്നയിക്കപ്പെട്ടു. ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് നടത്തിയ, ബിജെപി–സിപിഎം ഡീൽ പരാമർശം വലിയ വിവാദമായെങ്കിലും അതിനെ അതിജീവിക്കാനാകുമെന്നു ബിജെപി കരുതി. 2016 ലെ തിരഞ്ഞടുപ്പിൽ വോട്ടു വിഹിതം ഇരട്ടിയാക്കാനായതും ഇത്തവണ ബിജെപിക്കു പ്രതീക്ഷയായിരുന്നു.

2021 ഫലം
∙ സജി ചെറിയാൻ (സിപിഎം) : 71502
∙ എം. മുരളി (കോൺഗ്രസ്): 39409
∙ എം.വി ഗോപകുമാർ (ബിജെപി): 34620

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,97,372
∙പോൾ ചെയ്ത വോട്ട് : 1,45,518
∙പോളിങ് ശതമാനം : 73.73
∙ഭൂരിപക്ഷം: 7,983

∙കെ.കെ.രാമചന്ദ്രൻ നായർ(സിപിഎം): 52,880
∙പി.സി.വിഷ്ണുനാഥ് (കോൺഗ്രസ്): 44,897
∙പി.എസ്.ശ്രീധരൻപിള്ള (ബിജെപി): 42,682
∙ശോഭന ജോർജ് (സ്വത): 3,966
∙അലക്സ് (ബിഎസ്പി): 483
∙ഇ.ടി.ശശി (സ്വത): 247
∙നോട്ട: 363

English Summary: Kerala Assembly Election Result - Alappuzha District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com