‘ഹൈറേഞ്ചിൽ’ എൽഡിഎഫ്; ഇടുക്കിയിലെ 5 സീറ്റിൽ നാലും പിടിച്ചെടുത്തു
Mail This Article
ഇടുക്കിയിലെ 5 സീറ്റിൽ നാലും എൽഡിഎഫ് പിടിച്ചെടുത്തു. ഇടതു തരംഗത്തിൽ കടപുഴകാതിരുന്നത് തൊടുപുഴയിൽ പി.ജെ. ജോസഫ് മാത്രം. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എം.എം. മണി രണ്ടാം തവണയും നിയമസഭയിലേക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി.ജെ. ജോസഫിന് അതിന്റെ പകുതി മാത്രമേ ഇത്തവണ നേടാൻ കഴിഞ്ഞുള്ളൂ.
കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടി ശ്രദ്ധയാകർഷിച്ച ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫിന്റെ റോഷി അഗസ്റ്റിൻ വിജയിച്ചു. തുടർച്ചയായ 5–ാം തവണയാണ് റോഷി ഇടുക്കിയുടെ ജനപ്രതിനിധിയായി സഭയിലെത്തുന്നത്. 2016ൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫ്രാൻസിസ് ജോർജാണു റോഷിക്കെതിരെ മത്സരിച്ചത്. ദേവികുളത്ത് തന്റെ ആദ്യ മത്സരത്തിനിറങ്ങിയ എ. രാജയും പീരുമേട്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ വാഴൂർ സോമനും ജയിച്ചുകയറി. സിപിഎം 2 സീറ്റിലും സിപിഐ, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റിലും ഇടുക്കിയിൽ വിജയിച്ചു. മത്സരിച്ച 3 സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടു.
എൻഡിഎയ്ക്കു ജില്ലയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ദേവികുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതും മണ്ഡലങ്ങളിൽ വോട്ടിന്റെ ശതമാനത്തിൽ വന്ന ഇടിവും തിരിച്ചടിയായി.
ഭൂമിപ്രശ്നങ്ങളും നിർമാണ നിരോധനവും വന്യമൃഗശല്യവും കാർഷികോൽപന്ന വിലയിടിവും തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളുമൊക്കെയായിരുന്നു ഇത്തവണയും ഇടുക്കിയുടെ വിഷയങ്ങൾ. രണ്ടു മണ്ഡലങ്ങളിൽ കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലും ഈ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ രാഷ്ട്രീയത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.
2016ൽ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളിൽ എൽഡിഎഫും ഇടുക്കിയിലും തൊടുപുഴയിലും യുഡിഎഫും ജയിച്ചിരുന്നു. പക്ഷേ കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലേക്കു വന്നതോടെ എൽഡിഎഫ് –4 യുഡിഎഫ് –1 എന്നായിരുന്നു നില. ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണി ഇത്തവണ ജയിച്ചാൽ തല മൊട്ടയടിക്കുമെന്ന് എതിരാളി ഇ.എം. ആഗസ്തി പ്രഖ്യാപിച്ചതും മണിയുടെ പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ജോയ്സ് ജോർജ് നടത്തിയ വിവാദ പ്രസ്താവനയും ഇത്തവണ ജില്ലയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു.
ഇത്തവണ ജില്ലയിലെ മണ്ഡലങ്ങളുടെ വിജയചിത്രം ഇങ്ങനെ:
∙ ദേവികുളം (എസ്‍സി)
ഇത്തവണയും ദേവികുളം ഇടത്തുതന്നെ. കോൺഗ്രസ് സ്ഥാനാർഥി ഡി. കുമാറിനെതിരെ സിപിഎം സ്ഥാനാർഥി എ. രാജയ്ക്ക് 7848 വോട്ടിന്റെ വിജയം.
ജില്ലയിലെ ഏക സംവരണ മണ്ഡലമായ ദേവികുളത്ത് ഇരുമുന്നണികൾക്കും സ്വാധീനമുണ്ട്. 1957 ൽ നിലവിൽ വന്ന മണ്ഡലം കോൺഗ്രസിനെയും സിപിഎമ്മിനെയും മാറിമാറി ജയിപ്പിച്ചിട്ടുണ്ട്. 1980 മുതൽ പക്ഷേ അടുപ്പിച്ച് മൂന്നു ടേം വീതം ഒരു പാർട്ടിയോട് അനുഭാവം എന്നതാണ് ദേവികുളത്തിന്റെ രീതി. 2006 മുതലുള്ള മൂന്നു തവണയും സിപിഎമ്മിന്റെ എസ്.രാജേന്ദ്രൻ ജയിച്ചുകയറിയ മണ്ഡലത്തിൽ ഇത്തവണ ഇടതുമുന്നണി നിയോഗിച്ചത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജയെയാണ്.
രാജേന്ദ്രനു മുമ്പ് 1991, 96, 2001 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചിരുന്ന കോൺഗ്രസിന്റെ എ.കെ. മണിയെയാണ് കഴിഞ്ഞ മൂന്നു ടേമിലും രാജേന്ദ്രൻ തോൽപിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ യുഡിഎഫ് രംഗത്തിറക്കിയത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാറിനെയായിരുന്നു. എൻഡിഎ സ്ഥാനാർഥി ധനലക്ഷ്മിയുടെ പത്രിക തള്ളിപ്പോയതിനാൽ സ്വതന്ത്ര സ്ഥാനാർഥി ഗണേശനായിരുന്നു എൻഡിഎയുടെ പിന്തുണ.
തോട്ടം മേഖലയിലെ പ്രശ്നങ്ങളും കർഷകരുടെ പ്രതിസന്ധികളുമൊക്കെയായിരുന്നു പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ. കർഷകരുടെ മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകിയ ഇടതുമുന്നണി സർക്കാരിന്റെ നടപടി വോട്ടാകുമെന്നും എൽഡിഎഫ് കണക്കുകൂട്ടി. അതേസമയം, തോട്ടം മേഖലയിലെ പിന്നാക്കാവസ്ഥയും കർഷക പ്രശ്നങ്ങളുമടക്കം ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം.
ഫലം
∙ എ. രാജ (സിപിഎം): 59049
∙ ഡി. കുമാർ (കോൺഗ്രസ്): 51201
2016ലെ ഫലം
∙എസ്.രാജേന്ദ്രൻ (സിപിഎം):49,510
∙എ.കെ.മണി (കോൺഗ്രസ്): 43,728
∙ആർ.എം.ധനലക്ഷ്മി (അണ്ണാഡിഎംകെ): 11,613
∙എൻ.ചന്ദ്രൻ (ബിജെപി): 9,592
∙ ഉടുമ്പൻചോല
സിറ്റിങ് എംഎൽഎ എം.എം. മണിയിലൂടെ ഉടുമ്പൻചോല ഇത്തവണയും സിപിഎമ്മിന്. കോൺഗ്രസിന്റെ ഇ.എം. ആഗസ്തിയെ 38305 വോട്ടിനാണ് മണി വീഴ്ത്തിയത്.
2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്. മന്ത്രിയെന്ന നിലയിൽ മണി നേടിയ വാർത്താ ശ്രദ്ധയും സർക്കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന് എൽഡിഎഫ് കണക്കു കൂട്ടിയപ്പോൾ, മണ്ഡലം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് മുൻ എംഎൽഎ കൂടിയായ മുതിർന്ന േനതാവ് ഇ.എം. അഗസ്തിയെയാണ്. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എൻഡിഎ സ്ഥാനാർഥി. എസഎൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലറാണ് സന്തോഷ്.
25 വർഷത്തിനു ശേഷം എം.എം. മണിയും ഇ.എം. ആഗസ്തിയും ഒരു തിരഞ്ഞെടുപ്പു പോരാട്ടത്തിൽ, ഒരേ മണ്ഡലത്തിൽ നേർക്കുനേർ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996 ൽ എം.എം. മണി തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മൽസരിച്ചത് ഇ.എം. ആഗസ്തിക്കെതിരെയായിരുന്നു; ഉടുമ്പൻചോലയിൽ. അന്ന് തോറ്റു.
ഇത്തവണ, മണ്ഡലത്തിലെത്തിച്ച വികസനങ്ങൾ പറഞ്ഞാണ് മണി വോട്ടു ചോദിച്ചത്. ഇത്തവണ എൽഡിഎഫ് സർക്കാരിനു ഭരണത്തുടർച്ച കിട്ടിയാൽ പട്ടയനിയമം ഭേദഗതി ചെയ്ത് നിയമനിർമാണം നടത്തുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. പട്ടയഭൂമിപ്രശ്നം നീറിനിൽക്കുന്ന മണ്ഡലത്തിൽ അതിൽപിടിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം. മുൻപ് എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ആഗസ്തിയുടെ വോട്ടു തേടൽ. ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്യാമായിരുന്നിട്ടും എൽഡിഎഫ് സർക്കാർ അനങ്ങിയില്ലെന്ന് അരോപിച്ച യുഡിഎഫ്, ഇത്തവണ അധികാരത്തിലെത്തിയാൽ ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്ത് നിയമനിർമാണം നടത്തുമെന്നും വാഗ്ദാനം ചെയ്തു.
ഫലം
∙ എം.എം. മണി (സിപിഎം): 77381
∙ ഇ.എം. ആഗസ്തി (കോൺഗ്രസ്): 39076
∙ സന്തോഷ് മാധവൻ (ബിഡിജെഎസ്): 7208
2016 ലെ ഫലം
∙എം.എം.മണി (സിപിഎം): 50,813
∙സേനാപതി വേണു (കോൺഗ്രസ്): 49,704
∙സജി പറമ്പത്ത് (ബിഡിജെഎസ്): 21,799
∙ തൊടുപുഴ
‘സ്വന്തം കോട്ട’ ഇത്തവണയും പി.ജെ. ജോസഫിനെ കൈവിട്ടില്ല. പഴയ അനുയായി കൂടിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി കെ.ഐ. ആന്റണിക്കെതിരെ 20259 വോട്ടിന്റെ വിജയം.
ഇത്തവണ തൊടുപുഴയിലെ മൽസരത്തിനുള്ള പ്രത്യേകത, രണ്ടു കേരള കോൺഗ്രസുകാർ നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നതായിരുന്നു. നിയമസഭയിൽ ഒൻപതുവട്ടം തൊടുപുഴയെ പ്രതിനിധീകരിച്ച പി.ജെ. ജോസഫ് ഇത്തവണയും വിജയമുറപ്പിച്ചുതന്നെയാണ് പോരിനിറങ്ങിയത്. ജോസഫിനെ നേരിടാൻ ഇടതുമുന്നണി കളത്തിലിറക്കിയത് പഴയ അനുയായി കെ.ഐ. ആന്റണിയെ. ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് (എം) ലാണിപ്പോൾ ആന്റണി. ബിജെപിക്കു സ്വാധീനമുള്ള തൊടുപുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കാനിറങ്ങിയത് യുവനേതാവ് പി. ശ്യാംരാജാണ്.
മണ്ഡലത്തിലെത്തിച്ച വികസനവും തൊടുപുഴയിലെമ്പാടുമുള്ള വ്യക്തിബന്ധങ്ങളുമായിരുന്നു പി.ജെ.ജോസഫിന്റെ പ്രധാന ആത്മവിശ്വാസം. കേരള കോൺഗ്രസ് വോട്ടുകൾക്കൊപ്പം ഇടതുവോട്ടുകൾ കൂടി ചേരുമ്പോള്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടൽ. തൊടുപുഴ നഗരസഭയില്‍ എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. മികച്ച പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.
ഫലം
∙ പി.ജെ.ജോസഫ് (കേരള കോൺഗ്രസ്): 67495
∙ കെ.ഐ. ആന്റണി (കേരള കോൺഗ്രസ് എം): 47236
∙ പി. ശ്യാംരാജ് (ബിജെപി): 21263
2016 ലെ ഫലം
∙പി.ജെ.ജോസഫ് (കേരള കോൺഗ്രസ് (എം): 76,564
∙റോയി വാരികാട്ട് (ഇടതു സ്വത): 30,977
∙എസ്.പ്രവീൺ (ബിഡിജെഎസ്): 28,845
∙ ഇടുക്കി
സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിന് അഞ്ചാംവട്ടവും കൈ കൊടുത്ത് ഇടുക്കി. യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിനെതിരെ 5573 വോട്ടിന്റെ വിജയം. കഴിഞ്ഞ നാലു തവണയും യുഡിഎഫിനു വേണ്ടിയായിരുന്നു റോഷി മൽസരിച്ചു ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫ് ടിക്കറ്റിൽ മൽസരിച്ച കെ. ഫ്രാൻസിസ് ജോർജിനെ 9,333 വോട്ടുകൾക്കു തോൽപ്പിച്ചിരുന്നു.
കൗതുകകരമായിരുന്നു ഇത്തവണ ഇടുക്കിയിലെ മൽസരം. രണ്ടു കേരള കോൺഗ്രസുകാർ ഏറ്റുമുട്ടുന്നു എന്നതിനപ്പുറം, കഴിഞ്ഞ വട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഇത്തവണ എൽഡിഎഫിനു വേണ്ടിയും അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി ഇത്തവണ യുഡിഎഫിനു വേണ്ടിയും മൽസരിക്കുന്നു എന്നതായിരുന്നു ശ്രദ്ധേയം. മുന്നണി മാറ്റങ്ങളുടെയും ജോസ് കെ.മാണി – പി.ജെ. ജോസഫ് പോരിന്റെയും പശ്ചാത്തലത്തിൽ, ഇരുകൂട്ടർക്കും ഇവിടെ വിജയം അനിവാര്യമായിരുന്നുതാനും. എസ്എൻഡിപി കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥനായിരുന്നു ബിഡിജെഎസ് സ്ഥാനാർഥി.
20 വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളുടെ പേരിലാണ് റോഷി വോട്ടുചോദിച്ചത്. മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും ഇടതുമുന്നണി സർക്കാരിന്റെ ക്ഷേമപദ്ധതികളും വോട്ടാകുമെന്നും എൽഡിഎഫ് കണക്കുകൂട്ടി. അതേസമയം. നിർമാണ നിരോധനവും കാർഷിക മേഖലയിലെ പ്രശ്നങ്ങളും ശബരിമല വിഷയവുമടക്കം എടുത്തുകാട്ടിയായിരുന്നു യുഡിഎഫ് പ്രചാരണം. മണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല ചരിത്രവും അവർക്ക് ആത്മവിശ്വാസം പകർന്നിരുന്നു.
ഫലം
∙ റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം): 62368
∙ കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്):56795
∙ സംഗീത വിശ്വനാഥൻ (ബിഡിജെഎസ്): 9286
2016 ലെ ഫലം
∙ഭൂരിപക്ഷം : 9,333
∙റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്(എം):60,556
∙കെ.ഫ്രാൻസിസ് ജോർജ് (ജനാധിപത്യ കേരള കോൺഗ്രസ്):51,223
∙ബിജു മാധവൻ (ബിഡിജെഎസ്): 27403
∙ പീരുമേട്
പീരുമേട്ടിൽ സിപിഐ സ്ഥാനാർഥി വാഴൂർ സോമന് വിജയം. കോൺഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടിനാണ് സോമൻ പരാജയപ്പെടുത്തിയത്.
തോട്ടംതൊഴിലാളി പ്രശ്നങ്ങൾ നീറിനിൽക്കുന്ന പീരുമേട്ടിൽ ഇത്തവണ രണ്ടുമുന്നണികളും കളത്തിലിറക്കിയത് തൊഴിലാളിയൂണിയൻ നേതാക്കളെയാണ്. കഴിഞ്ഞ മൂന്നു ടേമിലായി ഇ.എസ്. ബിജിമോൾ ജയിച്ചുകയറിയ മണ്ഡലം നിലനിർത്താൻ ഇത്തവണ സിപിഐ നിയോഗിച്ചത് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമനെയാണ്. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി സിറിയക് തോമസിനെയാണ് യുഡിഎഫ് ഇത്തവണയും മൽസരത്തിനിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 314 വോട്ടുകൾക്കാണ് സിറിയക് തോമസ് ബിജിമോളോടു പരാജയപ്പെട്ടത്. മണ്ഡലത്തിൽ പരിചിതനായ ശ്രീനഗരി രാജനായിരുന്നു ബിജെപി സ്ഥാനാർഥി.
ഇരുപതു വർഷത്തിനിടെ ഒട്ടേറെ തോട്ടങ്ങൾക്കു പൂട്ടു വീണ, ഏറെ തൊഴിലാളികൾ ദുരിതത്തിലായ പീരുമേട്ടിൽ അതുതന്നെയായിരുന്നു പ്രധാന തിരഞ്ഞെടുപ്പു വിഷയം. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ മുന്നിൽവച്ച് എൽഡിഎഫ് പ്രചാരണം നടത്തിയപ്പോൾ, അടഞ്ഞ തോട്ടങ്ങൾ ഇതുവരെ തുറക്കാനാകാത്തത് എൽഡിഎഫ് സർക്കാരിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇരുമുന്നണികളും പരാജയമാണെന്ന് എൻഡിഎ ആരോപിച്ചു.
ഫലം
∙ വാഴൂർ സോമൻ (സിപിഐ): 60141
∙ സിറിയക് തോമസ് (കോൺഗ്രസ്): 58306
∙ ശ്രീനഗരി രാജൻ (ബിജെപി): 7126
∙ഭൂരിപക്ഷം:
2016 ലെ ഫലം
∙ഭൂരിപക്ഷം : 314
∙ഇ.എസ്.ബിജിമോൾ (സിപിഐ):56,584
∙സിറിയക് തോമസ് (കോൺഗ്രസ്):56,270
∙കെ.കുമാർ (ബിജെപി): 11,833
English Summary: Kerala Assembly Election Results- Idukki District