താമര വിരിയാതെ പാലക്കാട്; മെട്രോമാനെ നിരാശപ്പെടുത്തി ഇടതുതരംഗം
Mail This Article
വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ടുനിന്ന മെട്രോമാൻ ഇ. ശ്രീധരനെ അവസാനലാപ്പിൽ മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സീറ്റ് നിലനിർത്തിയതാണ് ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ആവേശകരമായ വിജയം. തൃത്താലയിൽ തീപാറുന്ന പോരാട്ടം നടത്തി സിറ്റിങ് എംഎൽഎ വി.ടി. ബൽറാമിനെ മൂവായിരത്തോളം വോട്ടുകൾക്കു മറികടന്ന എം.ബി. രാജേഷിന്റെ വിജയമാണു മറ്റൊരു തിളക്കം.
2016ൽ 9 സീറ്റിൽ വിജയിച്ച എൽഡിഎഫ് അത് 10 ആയി ഉയർത്തി. സിപിഎം സിറ്റിങ് എംഎൽഎമാരായ പി.കെ.ശശി, പി. ഉണ്ണി, മന്ത്രി എ.കെ. ബാലൻ എന്നിവരെ മാറ്റിനിർത്തി ഒറ്റപ്പാലം, ഷൊർണൂർ, തരൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളായ കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, പി.പി. സുമോദ് എന്നിവർ മികച്ച ഭൂരിപക്ഷത്തിനു തന്നെ വിജയിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ചിറ്റൂരിൽ 35,136 വോട്ടുകൾക്കു വിജയിച്ച ജനതാദൾ (എസ്) സ്ഥാനാർഥി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കാണ്.
കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തിയിരുന്ന പട്ടാമ്പിയിൽ സിപിഐ സ്ഥാനാർഥി മുഹമ്മദ് മുഹസിൻ ഭൂരിപക്ഷം ഇരട്ടിയാക്കി വിജയം ആവർത്തിച്ചു. ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തായപ്പോൾ പാലക്കാട് സിപിഎമ്മും മലമ്പുഴയിൽ കോൺഗ്രസും മൂന്നാം സ്ഥാനത്തായി.
ഇ. ശ്രീധരന്‍ മത്സരത്തിനെത്തിയതും 20 വര്‍ഷം മലമ്പുഴയെ പ്രതിനിധീകരിച്ച വി.എസ്. അച്യുതാനന്ദന്റെ അഭാവവുമാണ് ഇത്തവണ ശ്രദ്ധാകേന്ദ്രമായത്. തൃത്താലയില്‍ എം.ബി. രാജേഷ്-വി.ടി. ബല്‍റാം പോരും പാലക്കാടിന്റെ തിരഞ്ഞെടുപ്പ് കാറ്റിനു ചൂടേറ്റി.
2016ല്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. തൃത്താല, പാലക്കാട്, മണ്ണാര്‍കാട് എന്നിവിടങ്ങള്‍ യുഡിഎഫിനെ തുണച്ചു. പാലക്കാട്ടും മലമ്പുഴയിലും ബിജെപി രണ്ടാമതെത്തുകയും ചെയ്തിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തിയിരുന്നു. നാലിടത്തു മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടകള്‍ പലതും എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു.
പാലക്കാട്
മെട്രോമാൻ ഇ ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിന് മൂന്നാമൂഴം. 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി ഇ. ശ്രീധരനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ അപമാന ഭാരം മറികടക്കാൻ സി.പി. പ്രമോദിലൂടെ കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയപ്പെട്ടത് സിപിഎമ്മിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയായി.
ഭൂരിപക്ഷം: 3,859
ആകെ വോട്ട്: 1,88,534
പോൾ ചെയ്തത്: 1,42,104
ഷാഫി പറമ്പിൽ (യുഡിഎഫ്): 54,079
ഇ. ശ്രീധരൻ (എൻഡിഎ): 50,220
സി.പി. പ്രമോദ് (എൽഡിഎഫ്): 36,433
മെട്രോമാന്റെ വരവോടെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് പാലക്കാട്. 2016ല്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചത്. 57,559 വോട്ടുകള്‍ ഷാഫി നേടിയിരുന്നു. 40,076 വോട്ട് നേടി ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ രണ്ടാമതെത്തിയിരുന്നു. സിപിഎമ്മിന്റെ എന്‍.എന്‍ കൃഷ്ണദാസ് 38,675 വോട്ട് നേടി മൂന്നാമതാണ് എത്തിയത്. 2011-ല്‍ ഷാഫി പറമ്പില്‍ 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചത്.
മലമ്പുഴ
ഇടതുമുന്നണി തോറ്റ ചരിത്രമില്ലാത്ത, 20 വര്‍ഷം തുടര്‍ച്ചയായി വി.എസ്. അച്യുതാനന്ദന്‍ പ്രതിനിധീകരിച്ച മലമ്പുഴ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി എ.പ്രഭാകരന്‍ 25,734 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. ബിജെപിയുടെ സി. കൃഷ്ണകുമാര്‍ രണ്ടാമതും കോണ്‍ഗ്രസിന്റെ എസ്.കെ. അനന്തകൃഷ്ണന് മൂന്നാമതുമെത്തി.
ഭൂരിപക്ഷം: 25,734
ആകെ വോട്ട്: 2,13,231
പോൾ ചെയ്തത്: 1,63,605
എ. പ്രഭാകരൻ (എൽഡിഎഫ്): 75,934
സി. കൃഷ്ണകുമാർ (എൻഡിഎ): 50,200
എസ്.കെ. അനന്തകൃഷ്ണൻ (യുഡിഎഫ്): 35,444
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തുടക്കത്തില്‍ കോണ്‍ഗ്രസിലുണ്ടായ കല്ലുകടി തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. ഇക്കുറിയും കോണ്‍ഗ്രസ് മൂന്നാമത് ഒതുങ്ങി. ഇടതുമുന്നണി തോറ്റ ചരിത്രമില്ലാത്ത മണ്ഡലത്തില്‍ 2016ല്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 27,142 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വി.എസ്. 73,299 വോട്ട് നേടിയപ്പോള്‍ 46,157 വോട്ടുമായി എന്‍ഡിഎയുടെ സി. കൃഷ്ണകുമാര്‍ രണ്ടാമതെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. ജോയിക്ക് 35,333 വോട്ടാണ് ലഭിച്ചത്. 2011ല്‍ വി.എസ്. 23,440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തൃത്താല
സംസ്ഥാനം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച തൃത്താലയിലെ പോരാട്ടത്തിൽ എം.ബി. രാജേഷിലൂടെ സിപിഎമ്മിന്റെ ശക്തമായ തിരിച്ചുവരവ്. മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ വി.ടി. ബൽറാമിനെ 3016 വോട്ടുകൾക്കു കീഴടക്കിയാണ് തൃത്താലയെ ഒരിക്കൽ കൂടി രാജേഷ് ചുവപ്പണിയിച്ചത്.
ഭൂരിപക്ഷം: 3,016
ആകെ വോട്ട്: 1,94,108
പോൾ ചെയ്തത്: 1,52,311
എം.ബി.രാജേഷ് (എൽഡിഎഫ്): 69,814
വി.ടി.ബൽറാം (യുഡിഎഫ്): 66,798
ശങ്കു.ടി.ദാസ് (എൻഡിഎ): 12,851
ജില്ലയില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്ന മണ്ഡലമാണ് തൃത്താല. കഴിഞ്ഞ പത്തു വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തേടി രംഗത്തെത്തിയ വി.ടി. ബല്‍റാമിനെ നേരിടാന്‍ എം.ബി. രാജേഷിനെ സിപിഎം കളത്തിലിറക്കിയതോടെയാണ് മത്സരം കനത്തത്. 2016ലെ തിരഞ്ഞെടുപ്പില്‍ ബല്‍റാം 10,547 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബല്‍റാമിന് 66,505 വോട്ട് ലഭിച്ചിരുന്നു. സിപിഎമ്മിന്റെ സുബൈദ് ഇസഹാക്ക് 55,958 വോട്ടും ബിജെപിയുടെ വി.ടി. രമ 14,510 വോട്ടും നേടിയിരുന്നു. 2011ല്‍ ബല്‍റാം 3,197 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
പട്ടാമ്പി
പട്ടാമ്പി മണ്ഡലം നിലനിര്‍ത്തി സിപിഐ. മുഹമ്മദ് മുഹസീന്‍ 17,974 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിയാസ് മുക്കോളിയെ പരാജയപ്പെടുത്തി.
ഭൂരിപക്ഷം: 17,974
ആകെ വോട്ട്: 1,94,858
പോൾ ചെയ്തത്: 1,51,909
മുഹമ്മദ് മുഹ്സിൻ (എൽഡിഎഫ്): 75,311
റിയാസ് മുക്കോളി (യുഡിഎഫ്): 57,337
കെ.എം.ഹരിദാസ് (എൻഡിഎ): 14,578
മുന്‍മുഖ്യമന്ത്രി ഇഎംഎസ് മൂന്നു തവണ ജയിച്ച പട്ടാമ്പി പിന്നീട് കോണ്‍ഗ്രസിനെയും തുണച്ചിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം 2016-ല്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് മുഹമ്മദ് മുഹ്‌സീനെ ഇറക്കി ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി മുഹ്‌സീന് 64,025 വോട്ടുകള്‍ ലഭിച്ചു (ഭൂരിപക്ഷം 7,404). യുഡിഫിന്റെ സിപി മുഹമ്മദിന് 56,621 വോട്ടും എന്‍ഡിയുടെ അഡ്വ. പി. മനോജ് 14,824 വോട്ടും ലഭിച്ചു. 2011ല്‍ സി.പി. മുഹമ്മദ് 12,475 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചിരുന്നു.
ഒറ്റപ്പാലം
ഒറ്റപ്പാലത്ത് വിജയത്തുടര്‍ച്ചയുമായി സിപിഎം സ്ഥാനാര്‍ഥി കെ. പ്രേംകുമാര്‍. 15,152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. പി. സരിനെ പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്.
ഭൂരിപക്ഷം: 15,152
ആകെ വോട്ട്: 2,077,23
പോൾ ചെയ്തത്: 1,61,161
കെ. പ്രേംകുമാർ (എൽഡിഎഫ്): 74,859
ഡോ.പി. സരിൻ (യുഡിഎഫ്): 59,707
പി. വേണുഗോപാലൻ (എൻഡിഎ): 25,056
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇടതു സ്ഥാനാര്‍ഥികളെ മാത്രം തുണയ്ക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം. 2016ല്‍ ഷാനിമോള്‍ ഉസ്മാനെ 16,088 വോട്ടിന്റെ ഭൂരിപക്ഷത്തിനു തറപറ്റിച്ച സിറ്റിങ് എംഎല്‍എ പി. ഉണ്ണിക്കു പകരം യുവനേതാവ് കെ. പ്രേംകുമാറിനെയാണ് സിപിഎം രംഗത്തിറക്കിയത്. മണ്ഡലം പിടിച്ചെടുക്കാന്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി. സരിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. 2016ല്‍ പി. ഉണ്ണിക്ക് 67,161 വോട്ടുകള്‍ ലഭിച്ചു. ഷാനിമോള്‍ക്ക് 51,073 വോട്ടും എന്‍ഡിഎയുടെ പി. വേണുഗോപാലന് 27,605 വോട്ടുമാണ് ലഭിച്ചത്. 2011ല്‍ എല്‍ഡിഎഫിന്റെ എം. ഹംസ 13,203 വോട്ടിനാണ് ജയിച്ചത്.
ഷൊര്‍ണൂര്‍
സിപിഎമ്മിന്റെ പി. മമ്മിക്കുട്ടി 36674 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബുവിനെ പരാജയപ്പെടുത്തിയത്.
ഭൂരിപക്ഷം: 36,674
ആകെ വോട്ട്: 1,89,518
പോൾ ചെയ്തത്: 1,51,911
പി. മമ്മിക്കുട്ടി (എൽഡിഎഫ്): 74,400
ടി.എച്ച്. ഫിറോസ് ബാബു (യുഡിഎഫ്): 37,726
സന്ദീപ് ജി.വാരിയർ (എൻഡിഎ): 36,973
2011ല്‍ രൂപീകൃതമായതു മുതല്‍ ഇടതിനൊപ്പം നിന്ന ഷൊര്‍ണൂരില്‍ ബിജെപി സന്ദീപ് വാര്യരെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് മത്സരം ശ്രദ്ധേയമായത്. 2016ല്‍ സിപിഎമ്മിന്റെ പി.കെ. ശശിക്ക് 66,165 വോട്ട് നേടിയാണ് ഇവിടെ ജയിച്ചത്. ഭൂരിപക്ഷം-24,547. യുഡിഎഫിന്റെ സി. സംഗീത 41,618 വോട്ടും എന്‍ഡിഎയുടെ വി.പി. ചന്ദ്രന്‍ 28,836 വോട്ടും നേടി. 2011ല്‍ ്എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. സലീഖ 13,493 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
കൊങ്ങാട്
അന്തരിച്ച എംഎല്‍എ കെ.വി. വിജയദാസിനു പകരം സിപിഎമ്മിനു വേണ്ടി മത്സരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി 27219 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത സീറ്റില്‍ ലീഗ് മൽസരിപ്പിച്ചത് യു.സി. രാമനെയായിരുന്നു.
ഭൂരിപക്ഷം: 27,219
ആകെ വോട്ട്: 1,81,172
പോൾ ചെയ്തത്: 1,38,508
കെ. ശാന്തകുമാരി (എൽഡിഎഫ്): 67,881
യു.സി. രാമൻ (യുഡിഎഫ്): 40,662
സുരേഷ് ബാബു എം. (എൻഡിഎ): 27,661
സംവരണ മണ്ഡലമായ കൊങ്ങാട് നിലവില്‍ ഇടതിനൊപ്പമാണ്. അന്തരിച്ച എംഎല്‍എ കെ.വി. വിജയദാസിനു പകരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയെയാണ് സിപിഎം രംഗത്തിറക്കിയത്. കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത സീറ്റില്‍ യു.സി. രാമനെയാണ് ലീഗ് സ്ഥാനാര്‍ഥിയാക്കിയത്. 2016ല്‍ കെ.വി. വിജയദാസ് 60,790 വോട്ടുകള്‍ നേടി (ഭൂരിപക്ഷം-13,271) കോണ്‍ഗ്രസിന്റെ പന്തളം സുധാകരനെയാണ് തോല്‍പ്പിച്ചത്. പന്തളം സുധാകരന്‍ 47,519 വോട്ടും എന്‍ഡിഎയുടെ രേണുക സുരേഷ് 23,800 വോട്ടും നേടി. 2011ല്‍ കെ.വി. വിജയദാസ് 3,565 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
മണ്ണാര്‍കാട്
ഹാട്രിക്ക് വിജയവുമായി 5870 വോട്ട് ഭൂരിപക്ഷത്തിന് അഡ്വ. എന്‍. ഷംസുദീന്‍ മണ്ഡലം നിലനിര്‍ത്തി. ഷംസുദീന് 71,657 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി. സുരേഷ് രാജിന് 65,787 വോട്ടും ലഭിച്ചു.
ഭൂരിപക്ഷം: 5,870
ആകെ വോട്ട്: 1,98,223
പോൾ ചെയ്തത്: 1,52,102
എൻ. ഷംസുദ്ദീൻ (യുഡിഎഫ്): 71,657
കെ.പി. സുരേഷ് രാജ് (എൽഡിഎഫ്): 65,787
നസീമ പി. (എൻഡിഎ): 10,376
1980ന് ശേഷം ലീഗിനെയും സിപിഐയേയും മാറിമാറി തുണയ്ക്കുന്ന മലയോര മണ്ഡലമായ മണ്ണാര്‍കാട്ട് കഴിഞ്ഞ രണ്ടു തവണയും ലീഗിനായിരുന്നു വിജയം. ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് അഡ്വ. എന്‍. ഷംസുദീന്‍ കളത്തിലിറങ്ങിയത്. 2016ല്‍ ഷംസുദീന്‍ 73,163 വോട്ട് നേടി (ഭൂരിപക്ഷം-12,325). എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി. സുരേഷ് രാജ് 60,838 വോട്ടും എന്‍ഡിഎയുടെ കേശവ്‌ദേവ് പുതുമന 10,107 വോട്ടും നേടി. 2011ല്‍ എന്‍. ഷംസുദീന്‍ 8,270 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തരൂര്‍
കഴിഞ്ഞ രണ്ടു തവണയും മന്ത്രി എ.കെ. ബാലന്‍ അടക്കിവാണ മണ്ഡലത്തില്‍ ഇക്കുറി പി.പി. സുമോദ് 24,531 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ കെ.എ. ഷീബയെ പരാജയപ്പെടുത്തിയത്.
ഭൂരിപക്ഷം: 24,531
ആകെ വോട്ട്: 1,70,119
പോൾ ചെയ്തത്: 1,31,347
പി.പി. സുമോദ് (എൽഡിഎഫ്): 67,744
കെ.എ.ഷീബ (യുഡിഎഫ്): 43,213
കെ.പി. ജയപ്രകാശൻ (എൻഡിഎ): 18,465
2011ല്‍ രൂപീകൃതമായതിനു ശേഷം രണ്ടു തവണയും ഇടതിനൊപ്പമായിരുന്നു സംവരണമണ്ഡലമായ തരൂര്‍. കഴിഞ്ഞ രണ്ടു തവണയും മന്ത്രി എ.കെ. ബാലന്‍ അടക്കിവാണ മണ്ഡലം. ഇക്കുറി ബാലന് പകരം പി.പി. സുമോദാണ് ഇടത് സ്ഥാനാര്‍ഥി. 2016ല്‍ എ.കെ. ബാലന്‍ 23,068 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബാലന് 67,047 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സി. പ്രകാശിന് 43,979 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി കെ.വി. ദിവാകരന് 15,493 ്വോട്ടും ലഭിച്ചു. 2011ല്‍ ബാലന്റെ ഭൂരിപക്ഷം 25,756 വോട്ട് ആയിരുന്നു.
ചിറ്റൂര്‍
ചിറ്റൂരില്‍ ജെഡിഎസ് സ്ഥാനാര്‍ഥി മന്ത്രി കെ. കൃഷ്ണന്‍കുട്ടി 33,878 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. സുമേഷ് അച്യുതനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ഭൂരിപക്ഷം: 33,878
ആകെ വോട്ട്: 1,89,203
പോൾ ചെയ്തത്: 1,52,905
കെ. കൃഷ്ണൻകുട്ടി (എൽഡിഎഫ്): 84,672
സുമേഷ് അച്യുതൻ (യുഡിഎഫ്): 50,794
വി. നടേശൻ (എൻഡിഎ): 14,458
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ള ചിറ്റൂരില്‍ ജെഡിഎസ് സ്ഥാനാര്‍ഥി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ഇക്കുറി നേരിട്ടത് കഴിഞ്ഞ തവണത്തെ എതിരാളിയായ കെ. അച്യുതന്റെ മകന്‍ സുമേഷ് അച്യുതനാണ്. 2016ല്‍ കെ. കൃഷ്ണന്‍കുട്ടി, യുഡിഎഫിന്റെ കെ. അച്യുതനെ 7,285 വോട്ടിനാണ് തോല്‍പിച്ചത്. കൃഷ്ണന്‍കുട്ടിക്ക് 69,270 വോട്ടും അച്യുതന് 61,985 വോട്ടും എന്‍ഡിഎയുടെ എം. ശശികുമാറിന് 12,537 വോട്ടും ലഭിച്ചു. 2011ല്‍ കെ. അച്യുതന്‍ 12,330 വോട്ടിനാണ് ഇവിടെ ജയിച്ചത്.
നെന്മാറ
2008ല്‍ രൂപീകൃതമായതു മുതല്‍ ഇടതിനൊപ്പം നില്‍ക്കുന്ന നെന്മാറയില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെ. ബാബു 28,704 വോട്ട് ഭൂരിപക്ഷത്തിന് സിഎംപിയിലെ സി.എന്‍. വിജയകൃഷ്ണനെ പരാജയപ്പെടുത്തി.
ഭൂരിപക്ഷം: 28,704
ആകെ വോട്ട്: 1,92,592
പോൾ ചെയ്തത്: 1,51,535
കെ. ബാബു (എൽഡിഎഫ്): 80,145
സി.എൻ. വിജയകൃഷ്ണൻ (യുഡിഎഫ്): 51,441
എ.എൻ. അനുരാഗ് (എൻഡിഎ): 16,666
സിഎംപിക്കു സീറ്റ് വിട്ടു നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. 2016ല്‍ 7,408 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ. ബാബു ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എ.വി. ഗോപിനാഥിന് 58,908 വോട്ടും എന്‍ഡിഎയുടെ എന്‍. ശിവരാജന് 23,096 വോട്ടും ലഭിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 30,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
ആലത്തൂര്‍
ഇടതു കോട്ടയായ ആലത്തൂരില്‍ സിപിഎം സിറ്റിങ് എംഎല്‍എ കെ.ഡി. പ്രസേനന്‍ 34,118 വോട്ടിന്റെ ഭൂരിപക്ഷത്തിന് രണ്ടാം ജയം സ്വന്തമാക്കി. പ്രസേനന്‍ 74,653 വോട്ടും കോണ്‍ഗ്രസ് സ്ഥാനാർഥി പാളയം പ്രദീപ് 40,535 വോട്ടും നേടി
ഭൂരിപക്ഷം: 34,118
ആകെ വോട്ട്: 1,70,984
പോൾ ചെയ്തത്: 1,35,366
കെ.ഡി. പ്രസേനൻ (എൽഡിഎഫ്): 74,653
പാളയം പ്രദീപ് (യുഡിഎഫ്): 40,535
പ്രശാന്ത് ശിവൻ (എൻഡിഎ): 18,349
ആലത്തൂര്‍ 1991ല്‍ മാത്രമാണ് അപ്രതീക്ഷിതമായി ചതിച്ചത്. സിറ്റിങ് എംഎല്‍എ കെ.ഡി. പ്രസേനന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ മണ്ഡലം ഏറ്റെടുത്ത കോണ്‍ഗ്രസ് പാളയം പ്രദീപിനെ കളത്തിലിറക്കി. 2016ല്‍ കെ.ഡി. പ്രസേനന്‍ 36,060 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചത്. യുഡിഫ് സ്ഥാനാര്‍ഥി അഡ്വ. കുശലകുമാറിന് 35,146 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എംപി ശ്രീകുമാറിന് 19,610 വോട്ടുമാണ് ലഭിച്ചത്. 2011ല്‍ എല്‍ഡിഎഫിന്റെ എം. ചന്ദ്രന്‍ 24,741 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
English Summary: Kerala Assembly Election Results- Palakkad District