ജനങ്ങൾക്കു ജയിലിൽനിന്ന് നന്ദി പറഞ്ഞ് അസമിലെ സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച ജനങ്ങൾക്കു ജയിലിൽനിന്ന് നന്ദി പറഞ്ഞ് സ്ഥാനാർഥി. അസമിലെ ശിവസാഗറിൽ വിജയിച്ച റെയ്ജോർ ദൾ പ്രസിഡന്റ് അഖിൽ ഗൊഗോയിയാണ് ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്, 2019 ഡിസംബറിലാണ് അഖിലിനെ ജയിലിലടച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ശിവസാഗറിൽനിന്നു മത്സരിക്കാൻ തീരുമാനിച്ചു. പ്രചാരണത്തിനു പോലും പോകാനാകാതെ ജയിലിൽ കിടന്ന അഖിലിനെ പക്ഷേ, ജനം നെഞ്ചിലേറ്റി. ഫലം വന്നപ്പോൾ എതിർ സ്ഥാനാർഥിയായ ബിജെപിയുടെ സുരഭ രാജ്കൻവറിനെ 11,875 വോട്ടുകൾക്കു തോൽപിച്ചു.
അസം ജാതീയ പരിഷദുമായി സഖ്യത്തിലാണ് അഖിലിന്റെ റെയ്ജോർ ദൾ മത്സരിച്ചത്. 94 സീറ്റിൽ മത്സരിച്ച സഖ്യം വിജയിച്ച ഏക സീറ്റും ഇതാണ്. ഫലപ്രഖ്യാപനത്തിനു പിന്നാലെ വാർത്താ സമ്മേളനം നടത്തിയ പാർട്ടി നേതാക്കളാണു ജനങ്ങൾക്കുള്ള അഖിലിന്റെ കത്ത് വായിച്ചത്.
‘സർക്കാരിനെതിരായ പോരാട്ടത്തിൽ എന്നെ സഹായിച്ച ജനങ്ങൾക്കു നന്ദി പറയുന്നു. അസമിൽ പ്രാദേശികവാദം വിജയിച്ചിരിക്കുന്നു. മനുഷ്യത്വമുള്ളവർ പ്രാദേശികവാദത്തെ പിന്തുണയ്ക്കണം. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കണമെന്ന് പുതിയ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കണം’– അഖിൽ കത്തിൽ കുറിച്ചു.
English Summary: "Thank You": Jailed Assam Activist Akhil Gogoi To Voters On Election Win