അസം മുഖ്യമന്ത്രി ആര്? ഡൽഹിയിൽ നിർണായക ചർച്ചകൾ
Mail This Article
ഗുവാഹത്തി∙ അസമിലെ മുഖ്യമന്ത്രി ആരാകും എന്നതിൽ ആശയക്കുഴപ്പം തുടരവേ സംസ്‌ഥാന നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ഡൽഹിയിൽ ചർച്ച നടത്തി. നിലവിൽ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന സർബാനന്ദ സോനോവാൾ, സംസ്‌ഥാനത്തെ ഏറ്റവും കരുത്തനായ മന്ത്രി എന്നറിയപ്പെടുന്ന ഹിമന്ത ബിശ്വ ശർമ എന്നിവരുമായി പ്രത്യേകം സംസാരിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടായ അക്രമസംഭവങ്ങൾ മൂലമാണു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ നീണ്ടതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് മികച്ച ഭരണകർത്താവ് എന്നു പേരുള്ള സർബാനന്ദ, പാർട്ടിയിലെ വിശ്വസ്തൻ ആയ ഹിമന്ത എന്നിവരിൽ ആരെ മുഖ്യമന്ത്രിയാക്കണം എന്ന കാര്യത്തിൽ ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തൽ ഇന്നത്തെ യോഗം നിർണായകമാണ്.
2016 തിരഞ്ഞെടുപ്പിനു മുൻപ് സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് ബിജെപി മത്സരത്തിന് ഇറങ്ങിയത്. എന്നാൽ 2021 തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സാധാരണഗതിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ബിജെപി പാർലമെന്ററി ബോർഡ് ഇതുവരെ യോഗം ചേർന്നിട്ടില്ല.
English Summary: BJP summons Sarbananda Sonowal, Himanta Sarma to Delhi for Assam decision