തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു; മറഞ്ഞത് ഹിറ്റുകളുടെ ‘രാജാവ്’
Mail This Article
കോട്ടയം ∙ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഏറ്റുമാനൂർ ചെറുവാണ്ടൂരിലെ വീട്ടിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് അപ്രതീക്ഷിതമായി വിട വാങ്ങിയത്.
മലയാള സിനിമയിൽ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ഒട്ടേറെ മെഗാഹിറ്റുകൾ അടക്കം 65 ഓളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ 1988 ലെ, കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20 ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നീസ് ജോസഫ്, ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു ബിരുദ പഠനവും പൂർത്തിയാക്കി. ഫാർമസിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
കട്ട് കട്ട് എന്ന സിനിമാ മാസികയിൽ പത്രപ്രവർത്തകനായാണ് തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിയിരുന്നു. ജേസിയുടെ ഈറൻ സന്ധ്യ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.
1980 കളിൽനിന്ന് 90കളിലേക്ക് മലയാള സിനിമയുടെ പ്രയാണം ഡെന്നിസിന്റെ തൂലികയിലൂടെയായിരുന്നു. നിറക്കൂട്ടിന്റെ മാന്ത്രിക വിജയം ഡെന്നിസിന് വലിയ താരമൂല്യം നൽകി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ കഥാപാത്രങ്ങൾ ഡെന്നിസിന്റെ തൂലികയിൽനിന്നു വാർന്നു വീണു. നിറക്കൂട്ടിലെ രവിവർമയും ന്യൂഡൽഹിയിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി.
മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് ഡെന്നിസിന്റെ എഴുത്തിനെ ഏറ്റവും മികച്ച വിജയഫോർമുലയിലെത്തിച്ചു. ജോഷിയും ഡെന്നിസും, തമ്പി കണ്ണന്താനവും ഡെന്നിസും മികച്ച ഹിറ്റ് ജോഡികളായി മാറിയ കാലം. ഡെന്നിസിന്റെ കഥ കേൾക്കാൻ രജനീകാന്ത് ചെന്നൈയിലെ ഹോട്ടൽ മുറിയിലെത്തിയതും മണിരത്നം ആ തിരക്കഥയ്ക്ക് കാത്തിരുന്നതും ഒരു കാലം.
ഫോർമുലകളെ തകർത്ത പുതു രീതിയാണ് ടി.എസ്.സുരേഷ്ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ കോട്ടയം കുഞ്ഞച്ചൻ. സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകളും ഡെന്നിസിന്റെ പേരിലുണ്ട്. മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തു. നിറക്കൂട്ടുകളില്ലാതെ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്.
ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്.
English Summary: Dennis Joseph passes away