ADVERTISEMENT

മാടമ്പ് അവസാനകാലത്ത് എഴുതിയ 2 തിരക്കഥകളുടെയും (ശ്യാമരാഗം, പൂർണേന്ദുമുഖി) സംവിധായകൻ സേതു ഇയ്യാൽ ഓർമിക്കുന്നു ആ അവസാന ദിനങ്ങൾ..

ഒന്നരമാസം മുൻപ് ‘പൂർണേന്ദുമുഖി’യുടെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ആരോഗ്യത്തെക്കുറിച്ചു ഞാൻ ആശങ്ക പ്രകടിപ്പിച്ചു. അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: താൻ പേടിക്കണ്ടടോ, തന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയിട്ടേ ഞാൻ പോകൂ.. ’ എന്നിട്ട്, മുറുക്കാൻ ഒന്നുകൂടി ചുവപ്പിച്ചിട്ട്, ശബ്ദം താഴ്ത്തിയൊരു പറച്ചിൽ: ‘ ഞാൻ 84 വയസ്സുവരെ ഇവിടെയൊക്കെ കാണുമെടോ..’

മാടമ്പ് തിരുമേനി എനിക്കു നൽകിയ ആ 2 വാക്കും തെറ്റിച്ചാണ് പോയത്. പൂർണേന്ദുമുഖി സ്ക്രിപ്റ്റ് പൂർത്തിയാക്കിയില്ല. 84 വരെ ഇവിടെയൊക്കെ കാണുമെന്നു പറഞ്ഞും പറ്റിച്ചു. സത്യത്തിൽ ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു. ഇതെന്തൊരു കാലമാണ്.

sethu-iyyal-director
സംവിധായകൻ സേതു ഇയ്യാൽ

അവസാനകാലത്ത് അദ്ദേഹം എഴുതിയ 2 തിരക്കഥകളും എനിക്കു വേണ്ടിയായിരുന്നു. ശ്യാമരാഗം എന്ന സിനിമയായിരുന്നു ആദ്യത്തേത്ത്. അത് പൂർത്തിയാക്കി. ലാപ്ടോപ്പിൽ അദ്ദേഹത്തെ കാണിച്ചും കൊടുത്തു.
കണ്ടുകഴിഞ്ഞ് സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം ചോദിച്ചു: തനിക്ക് തൃപ്തി ആയില്ലേടോ..
ശ്യാമരാഗം തീർന്നയുടൻ അടുത്ത സിനിമയെക്കുറിച്ചായി ഞങ്ങളുടെ ചർച്ച. പൂർണേന്ദുമുഖി എന്നു പേരിട്ടു. എഴുത്തും തുടങ്ങി.

പുലർച്ചെ 3 മണിക്ക് എഴുന്നേറ്റ് എഴുതുന്നതാണ് ശീലം. അതൊരു ആറുമണി വരെ നീളും. രാവിലെ ചെല്ലുമ്പോൾ നല്ലൊരു ഭാഗം എഴുതി തീർത്തിട്ടുണ്ടാവും. എത്രയോ കാലമായി പകൽ ഞാൻ അദ്ദേഹത്തിനൊപ്പമായിരുന്നു. പകൽ അദ്ദേഹം ഒന്നും എഴുതില്ല. സ്ക്രിപ്റ്റിൽ എന്തെങ്കിലും സജഷൻ കൊടുത്താൽ അത് നോട്ടുചെയ്ത വയ്ക്കും. പകൽ പത്രവായനയും പുസ്തകവായനയും മറ്റുമായി അങ്ങനെ കൂടും.

11 മണിക്ക് ഉച്ചഭക്ഷണം, വൈകിട്ട് ആറുമണി കഴിയുമ്പോൾ അത്താഴം കഴിക്കും. വൈകിട്ട് നേരത്തേ കിടക്കും. മിക്കവാറും എട്ടരയാകുമ്പോൾ. അവസാനകാലത്ത് കുറച്ചു നാൾ ഒരുമിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ സ്ഥാനത്ത് കണ്ട് ഉണ്ടായൊരു അടുപ്പം അതാണെനിക്ക് ഇല്ലാതാവുന്നത്. എന്തു വിഡ്ഢിത്തരം വേണമെങ്കിലും ചോദിക്കാം.
അദ്ദേഹത്തിന് അറിയാത്ത വിഷയങ്ങളില്ല. ആന ശാസ്ത്രം മുതൽ മുറുക്കാൻ ചെല്ലം വരെയുള്ള വിഷയങ്ങൾ. വായിച്ച പുസ്തകങ്ങൾ.. എഴുതിത്തീർത്ത കഥകൾ... പശുവും തൊഴുത്തും മരങ്ങളും...അങ്ങനെ..

madambu-kunjukuttan-laugh-
മാടമ്പ് കുഞ്ഞുകുട്ടൻ

പൂർണേന്ദുമുഖി എഴുതുന്ന സമയത്ത് ഇടയ്ക്ക് വയ്യാതെ വന്നു. ആശുപത്രിയിൽ കുറച്ചു നാൾ ഗുരുതരമായി കിടക്കുകയും ചെയ്തു. അതിനുശേഷം തിരിച്ചെത്തിയപ്പോഴും പോയി കണ്ടിരുന്നു. ‘താൻ പേടിക്കണ്ടടോ, എനിക്ക് ഇനിയും 4 കൊല്ലം കൂടിയുണ്ട്... തനിക്കിത് ഭംഗിയാക്കി തന്നിട്ടേ ഞാൻ പോകൂ’ അപ്പോെഴനിക്കു സന്തോഷമാകും. എന്റെ തിരക്കഥയെക്കുറിച്ചോർത്തല്ല. 4 കൊല്ലം കൂടി തിരുമേനി എന്റെ കൂടെയുണ്ടല്ലോ എന്നോർത്ത്.

ഭരണിയാണ് തിരുമേനിയുടെ നക്ഷത്രം. വിടവാങ്ങുന്നതും അതേ നക്ഷത്രത്തിൽ. പൂർണേന്ദുമുഖി, അപൂർണമാക്കിവച്ചാണ് മാടമ്പ് തിരുമേനി മടങ്ങുന്നത്. എല്ലാ മരണവും അപൂർണമാണ്. പൂർത്തിയാകാത്തത് എന്തെങ്കിലുമൊക്കെയുണ്ടാകും.

പക്ഷേ, അദ്ദേഹം ഒന്നരമാസം മുൻപ് എനിക്കുവേണ്ടി ഒന്നു ചെയ്തുവച്ചു. പൂർണേന്ദുമുഖിയുടെ വൺലൈൻ. അത് പൂർത്തിയാക്കി. മിനുക്കുപണികൾ മാത്രം ബാക്കി വച്ചു. ഇനി അതു പൂർത്തിയാക്കാൻ പകരമൊരാളില്ല. പക്ഷേ, എന്റെ ധൈര്യം ചോർന്നു പോകുന്നില്ല. കാരണമെന്തെന്നോ..

ഒന്നു കണ്ണടച്ചാൽ എനിക്ക് ഇപ്പോഴും ചാരുകസേരയിൽ മുറുക്കിച്ചുവപ്പിച്ചു ചിരിക്കുന്ന തിരുമേനിയെ കാണാം. മുറുക്കൻ ഒന്നുകൂടി ചുവപ്പിച്ചിട്ട് ആസ്വദിച്ച് തിരുമേനി ദാ ഇപ്പോഴും എന്നെ നോക്കി പറയുന്നുണ്ട് ദാ ഇങ്ങനെ:
‘‘ താൻ പേടിക്കണ്ടടോ, ഞാനിവിടെയൊക്കെ ഉണ്ടടോ!’’

English Summary: Director Sethu Iyyal Remembering Madambu Kunjukuttan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com