ADVERTISEMENT

രിവാളേന്തിയ തൊഴിലാളികളുടെ ആയിരം നാവുകൾ ഗൗരിയമ്മയ്ക്ക് സിന്ദാബാദ് വിളിക്കുന്നത് കേട്ടാണ് ഓരോ ദിനവും അന്നാട്ടിൽ സൂര്യൻ ഉദിച്ചിരുന്നത്. ആ ജനതയുടെ മനസ്സിൽ അവർ കൊളുത്തിയ പ്രതീക്ഷയ്ക്ക് അക്കാലത്ത് മാനത്തെ സൂര്യനേക്കാൾ പ്രഭയുണ്ടായിരുന്നു.

വിപ്ലവ വനിതയുടെ ജീവസ്സുറ്റ കഥകളാണു പാടവരമ്പുകളിലും തോട്ടിറമ്പുകളിലും ആലപ്പുഴയുടെ മണ്ണിൽ ത്രസിച്ചുനിന്നത്. അതിൽനിന്ന് ഉയിർകൊണ്ടതാണ് എൺപതുകളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം – ‘‘കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരി ഭരിച്ചീടും.’’

ചേർത്തലയിലെ ഗ്രാമങ്ങളിലെ തൊഴിലാളി സമൂഹങ്ങളിൽ ഗൗരിയമ്മ ഒരു കാലത്തുണ്ടാക്കിയ ആവേശം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ കൂടിയാണു ബലപ്പെടുത്തിയത്. ഞാറു നടാനും കൊയ്യാനും കറ്റ മെതിക്കാനും കയർ പിരിക്കാനും പോകുന്ന സ്ത്രീകളുടെ മനസ്സിൽ ആവേശത്തിന്റെ വിപ്ലവനക്ഷത്രമായി ഗൗരിയമ്മ ജ്വലിച്ചുനിന്നു.

ഇല്ലായ്മകളുടെ നീറ്റലുകളിൽനിന്ന് മോചനം നൽകാൻ വിപ്ലവത്തിന്റെ തീപ്പന്തങ്ങൾ ഒരിക്കൽ നിറഞ്ഞാടുമെന്ന പ്രതീക്ഷയിൽ അവരുടെ ഓരോ ദിവസവും മുന്നോട്ടുനീങ്ങി. അതിന് അവരുടെ കൺകണ്ട ഉറപ്പായിരുന്നു ഗൗരിയമ്മ. ഇടതുപക്ഷത്തേക്ക് ജനത്തെ, വലിച്ചടുപ്പിച്ച കാന്തികശക്തിയായി കെ.ആർ. ഗൗരിയമ്മ മാറി. പ്രത്യേകിച്ചും സ്ത്രീകളെ.

പ്രദേശത്തെ തോടുകളിലും കുളങ്ങളിലും ഒക്കെയായി തേങ്ങ തൊണ്ട് ( മടൽ എന്നാണ്് ചേർത്തല ഭാഗത്തു പറയുന്നത്) ഇട്ട് ചീയിച്ച് എടുത്തശേഷം സ്ത്രീകൾ കൂട്ടമായി ഇരുന്ന് അത് തല്ലി ചകിരി എടുക്കുകയായിരുന്നു പതിവ്. ഇന്ന് തമിഴ്നാട്ടിൽനിന്നും മറ്റും ചകിരി എത്തുന്നതിനു മുൻപ്, യന്ത്രങ്ങൾ ഇല്ലാതിരുന്ന കാലത്തു അവരായിരുന്നു ചകിരി വേർതിരിക്കുന്ന യന്ത്രങ്ങൾ.

തോട്ടിറമ്പുകളിലും കുളക്കടവുകളിലുമൊക്കെയിരുന്നു സ്ത്രീകൾ ചെറിയ ഉരുളൻ വടികൊണ്ട് മടലു തല്ലിവന്നത്. അവരുടെ ഭർത്താക്കൻമാർ പറമ്പുകളിൽ കൂലിവേലയ്ക്കു പോയി. ചുരുക്കം ചിലർക്ക് കയർ കമ്പനികളിൽ ജോലി ലഭിച്ചു. കയർ മാറ്റുകളും കയർപായയും മറ്റ് ഉണ്ടാക്കുന്ന കമ്പനികളായിരുന്നു ഇവ. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികളായിരുന്നു ഇവയിലേറെയും.

വീടുകളിലും ചകിരികൊണ്ടുപോയി കയർ പിരിച്ചെടുക്കുന്നതും പതിവ്. കുറച്ചുപേർ ചേർന്ന് ചില വീടുകളിൽ കയർ പിരിച്ചെടുക്കാൻ റാട്ടും അന്നുണ്ടായിരുന്നു. ഈ സാമൂഹിക, തൊഴിൽ പശ്ചാത്തലത്തിലാണ് ടി.വി.തോമസിന്റെയും കെ.ആർ.ഗൗരിയമ്മയുടെയും ഒക്കെ കരുത്തൻ നേതൃത്വം അവർക്ക് ആവേശമായി മാറിയത്. അതിൽ ഏറ്റവും തിളക്കം ഗൗരിയമ്മയ്ക്കായിരുന്നു.

ചകിരിയുടെ കൊച്ചുക്കൂനകൾക്കിടയിൽ റാട്ട് തിരിച്ചിരിക്കുമ്പോഴും കയറുപിരിച്ചു കിട്ടാനായി കിലോമീറ്ററുകൾ രണ്ട് റാട്ടുകൾക്കിടയിൽ വേഗത്തിൽ നടന്ന് തളരുമ്പോഴുമെല്ലാം തൊഴിലാളി സ്ത്രീകൾക്കു പ്രതീക്ഷയുടെ ജീവശ്വാസം നൽകിയത് ഗൗരിയമ്മയെന്ന നേതാവിന്റെ ധീര മുന്നേറ്റങ്ങളായിരുന്നു.

ഓരോ തൊഴിലാളിയുടെയും മനസ്സിൽ അവർ പ്രതീക്ഷയുടെ അണയാത്ത വിളക്കായി. തൊഴിലാളിയുടെ വിയർപ്പിൽനിന്നാകും ലോകത്തെ മാറ്റി മറിക്കുന്ന, സമത്വത്തിന്റെയും സമൃദ്ധിയുടെയും നാളുകളുണ്ടാകുകയെന്ന തത്വശാസ്ത്രം അവർ വിശ്വസിച്ചു. ഗൗരിയമ്മ എത്തുന്ന പ്രസംഗ വേദികളിൽ ജനക്കൂട്ടം ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.

പ്രാദേശിക നേതാക്കൾക്കെല്ലാം അവരോട് ആദരവായിരുന്നു. ആണുങ്ങളെക്കാൾ കരുത്തുണ്ട് ഗൗരിയമ്മയ്ക്ക് എന്ന് അവർ പറയുമായിരുന്നു. ഗൗരിയമ്മ പറയുന്നതു ചെയ്യുമെന്നും എന്തിനും മടിയില്ലെന്നുമുള്ള സന്ദേശങ്ങളായിരുന്നു അണികളിലേക്ക് ഇറങ്ങി ചെന്നത്.

ആണിന്റെ ധൈര്യമുണ്ടായിരുന്ന നേതാവായിരുന്നു ഗൗരിയമ്മയെന്ന് തൊഴിലാളിയായ ചേർത്തല സ്വദേശി രമണൻ പറയുന്നു. തന്റെ കുഞ്ഞുനാളിൽ കേട്ടിരുന്ന നേതാക്കളിൽ ഏറ്റവും മുന്നിൽനിന്നിരുന്ന പേരായിരുന്നു ഗൗരിയമ്മ. മടിയില്ലാതെ പ്രവർത്തിച്ചിരുന്നവരായിരുന്നു അവരെന്നു രമണൻ പറഞ്ഞു.

ചെറുയോഗങ്ങൾ മുതൽ വൻ സമ്മേളനങ്ങളിൽവരെ ഗൗരിയമ്മയുടെ സാന്നിധ്യം ആവേശം പകർന്നു. കേരളത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വനിതാ നേതാവായി മാറിയ അവർ ആലപ്പുഴയിൽനിന്നുള്ള രാഷ്ട്രീയ അതികായൻമാർക്കൊപ്പം ജനമനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടി. രാഷ്ട്രീയ ചേരിതിരിവുകളിൽ ഗൗരിയമ്മ കളങ്ങൾ മാറിയപ്പോഴും അവർ കോറിയിട്ട രാഷ്ട്രീയമുദ്രകൾ ജനത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അതിനാലാകാം, അണികൾ ആ മാറ്റങ്ങളെ വലിയ രീതിയിൽ സ്വീകരിക്കാതിരുന്നത്.

വെളുത്ത മണൽത്തരികൾ നിറഞ്ഞ ചേർത്തലയുടെയും അരൂരിന്റെയും മണ്ണ് ഇന്നും രാഷ്ട്രീയമായി ചുവന്നു നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഗൗരിയമ്മയെന്ന സ്ത്രീ ഒരു കാലത്തു നട്ടു വളർത്തിയെടുത്ത വിപ്ലവ ആവേശത്തിന്റെ തണലാണ്. വിപ്ലവനായിക എന്ന വിളിപ്പേരോടെ കേരള രാഷ്്ട്രീയത്തിൽ സമാനതകളില്ലാതെ ഉയർന്നു നിന്ന ഒരു നേതാവിന് കൂടിയാണ് കേരളം യാത്രാമൊഴിയേകുന്നതും.

English Summary: KR Gouri Amma: Symbol of women empowerment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com