കോവിഡ്: ഒടുവില്‍ വിമര്‍ശിച്ച് അനുപം ഖേറും; 'കേന്ദ്രത്തിനു പാളി, കടമ നിര്‍വഹിക്കണം'
Mail This Article
ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിയിൽ സർക്കാരിന് അടിപതറിയെന്ന് ബോളിവുഡ് നടൻ അനുപം ഖേർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ വലിയ രീതിയിൽ പ്രതിരോധിക്കുകയും ചെയ്തിരുന്നയാളാണ് അനുപം ഖേർ. അതുകൊണ്ട് തന്നെ കേന്ദ്രത്തെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത് ചർച്ചയായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ കിരൺ ഖേർ ബിജെപി എംപി കൂടിയാണ്.
‘അവർക്ക് എവിടെയൊക്കെയോ വീഴ്ചപറ്റി. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനേക്കാൾ പ്രധാനപ്പെട്ടത് ജീവൻ നിലനിർത്തുന്നതിനാണെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ – ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനുപം ഖേറിന്റെ ഈ അഭിപ്രായപ്രകടനം.
‘ധാരാളം സംഭവങ്ങൾ കാണുമ്പോൾ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ശരിയാണെന്നു കരുതുന്നു. സാഹചര്യത്തിനൊത്ത് സർക്കാർ ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ആ കടമ അവർ നിർവഹിക്കണം. മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. മനുഷ്യത്വമില്ലാത്തവരെ മാത്രമേ ആ കാഴ്ച ബാധിക്കാതിരിക്കൂ. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റു പാർട്ടികൾ അതു ഉപയോഗിക്കുന്നതും ശരിയല്ല. ജനങ്ങൾ എന്ന നിലയിൽ രോഷം തോന്നണം. ഇതിന് ഉത്തരവാദികള്‍ സർക്കാരാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാഴ്ചയ്ക്കു മുൻപ് മോദിയെ കുറ്റപ്പെടുത്തിയുള്ള ഒരു ട്രോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച്, ‘മോദി തിരികെയെത്തും’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദിസർക്കാർ പാളിച്ച വരുത്തിയതായി ദേശീയ, രാജ്യാന്തര നേതാക്കളും സംഘടനകളും ആരോപിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഉറച്ച പിന്തുണക്കാരനായ അനുപം ഖേറിന്റെ വിമർശനം വരുന്നത്.
English Summary: "More To Life Than Just Image-Building": Did Anupam Kher Criticise Centre?