ജലദോഷം പോലെ ഒരു രോഗം; കാൻസറിനോട് നന്ദു പറഞ്ഞു: ‘സോറി, ഐ ആം ബിസി’
Mail This Article
യൗവനത്തിന്റെ തുടക്കത്തിൽ പ്രണയിക്കാനെത്തിയ കാൻസറിനോട്, ‘സോറി, ഐ ആം ബിസി’ എന്നു പറഞ്ഞു നന്ദു
2018 ഏപ്രിൽ 1; തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദുവിന്റെ മുന്നിൽ ഡോക്ടർ ബയോപ്സി റിപ്പോർട്ടുമായി എത്തിയ ദിവസം. ഡോക്ടർ പറഞ്ഞത് വിഡ്ഢിദിനത്തിലെ തമാശയായിട്ടാണു നന്ദുവിനു തോന്നിയത്. എന്നാൽ, അധികം വൈകാതെ അതൊരു യുദ്ധകാഹളമായിരുന്നെന്നു നന്ദു തിരിച്ചറിഞ്ഞു. കാൻസർ തന്നെ പോരിനു വിളിക്കുന്നു.
ആദ്യമൊന്നു വിരണ്ടു. എന്നാൽ, നേരിടുകയല്ലാതെ മാർഗമില്ലെന്നു തിരിച്ചറിഞ്ഞ നിമിഷം നന്ദു പോരാളിയായി മാറി. വേദനയിൽ പുളയുമ്പോഴും കാൻസറിനോടു പറഞ്ഞു; ‘കട്ടയ്ക്ക് നിൽക്കാൻ തന്നെയാണു തീരുമാനം’. ഒരു കാൽ നഷ്ടമായെങ്കിലും ഒടുവിൽ വിജയസ്മിതം നന്ദുവിനു തന്നെ.
വല്ലാത്തൊരു പ്രണയം
ബിബിഎ പഠനത്തിനു ശേഷം, കുടുംബ ബിസിനസായ കേറ്ററിങ് യൂണിറ്റ് നോക്കി നടത്താനാരംഭിച്ച സമയം. 23 വയസ്. കൂട്ടുകാരോടൊപ്പം പുതിയ സംരഭം തുടങ്ങാനും പദ്ധതിയുണ്ടായിരുന്നു. നന്ദുവിന്റെ വാക്കുകളിൽ പറഞ്ഞാൽ, സ്വപ്നങ്ങൾ പൂവണിയിക്കാൻ ശ്രമിക്കുന്നതിനിടെയാണു കാൻസർ പ്രണയിച്ചു തുടങ്ങിയത്.
ഇടതുകാലിൽ നീരുവന്നതായിരുന്നു തുടക്കം. ഓസ്റ്റിയോസർകോമ ഹൈ ഗ്രേഡ് എന്ന ബോൺ കാൻസർ. എന്തു ചെയ്യണമെന്നറായിതെ നന്ദുവും കുടുംബവും പകച്ചു നിന്നു. കാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അന്ന് ആവശ്യത്തിലധികമുണ്ടായിരുന്നു.
ജലദോഷം പോലെ ഒരു രോഗം
ഡോക്ടറോട് ചോദിച്ചും മറ്റു മാർഗങ്ങളിൽ നിന്നും നന്ദു രോഗത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. എന്നിട്ടു ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘എനിക്ക് കാൻസറാണ്. പക്ഷേ, ഇതിനെ മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷം പോലെ ഞാനിതിനെ നേരിടും.’ ഒന്നരലക്ഷത്തോളം പേരാണു കുറിപ്പ് വായിച്ചു ലൈക്കടിച്ചത്.
രോഗം ആരെയും അറിയിക്കരുതെന്നും ഭാവിയിൽ ദോഷം ചെയ്യുമെന്നും പലരും പറഞ്ഞു. എന്നാൽ, ഒളിച്ചുവയ്ക്കേണ്ട ഒന്നല്ല കാൻസറെന്നായിരുന്നു നന്ദുവിന്റെ നിലപാട്.
ആർസിസിയിൽ റേഡിയേഷൻ ഉൾപ്പെടെയുള്ള ചികിൽസകളുമായി മുന്നോട്ട് പോയി. പക്ഷേ, കാലിലെ വേദന സഹിക്കാവുന്നതിനപ്പുറമായിരുന്നു. കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. ഒറ്റക്കാലിൽ എഴുന്നേറ്റു നിന്നു നേരം വെളുപ്പിച്ച രാത്രികളെക്കുറിച്ചു പറയുമ്പോൾ നന്ദുവിന്റെ കണ്ണുകൾ നിറയുന്നു. ഇടതു കാൽ മുറിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല എന്ന് ഡോകടർമാർ പറഞ്ഞു. എങ്ങനെയെങ്കിലും വേദനയിൽ നിന്നു രക്ഷപ്പെടണമെന്നു കരുതിയിരുന്ന നന്ദുവിന് അതു പൂർണസമ്മതമായിരുന്നു. അമ്മ ലേഖയും അച്ഛൻ ഹരിയും സഹോദരങ്ങളായ അനന്തുവും സായ് കൃഷ്ണയും താങ്ങായി ഇടംവലം നിന്നു.
‘അതിജീവനം’ കൂട്ടായ്മ
വീട്ടിലെ വിശ്രമകാലം. സമൂഹമാധ്യമങ്ങളിൽ സജീവമായ നന്ദുവിന് ഒട്ടേറെ കൂട്ടുകാരുണ്ടായി. അക്കൂട്ടത്തിൽ കാൻസറിനെ അതിജീവിച്ചവരും ചികിൽസയിലിരിക്കുന്നവരുമൊക്കെ ഉണ്ടായിരുന്നു. അവരെയെല്ലാം ചേർത്ത് ‘അതിജീവനം’ എന്ന കൂട്ടായ്മ ഉണ്ടാക്കി. കേരളത്തിലുടനീളമുള്ള കാൻസർ രോഗികൾക്കു കൂട്ടായ്മ പിന്തുണ നൽകുന്നു. ദിവസം 10 പേരെങ്കിലും തന്നെ വിളിക്കാറുണ്ടെന്നു നന്ദു പറയുന്നു.
അതിനിടെ, നന്ദു പാടിയ പാട്ടുകൾ യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകൾ കേട്ടു. നന്ദു അഭിനയിച്ച വിഡിയോകൾ തരംഗമായി. സമൂഹമാധ്യമങ്ങളിൽ 10 വർഷ ചാലഞ്ച് പടർന്നു പിടിച്ചപ്പോൾ നന്ദു പോസ്റ്റ് ചെയ്തത് കാൻസർ ചാലഞ്ചായിരുന്നു. ചികിൽസയുടെ ഭാഗമായി മുടി പോയി ക്ഷീണിച്ച അവസ്ഥയും ഭേദമായ ശേഷം തലമുടി വീണ്ടും വന്ന സമയത്തെ ചിത്രവും. പിന്നീട് ഒട്ടേറെപ്പേർ കാൻസർ ചാലഞ്ച് ഏറ്റെടുത്തു. ആയിരക്കണക്കിന് കാൻസർ രോഗികൾക്കു പ്രചോദനമായി നന്ദു പോരാട്ടം തുടരുകയാണ്. ഒളിച്ചുവയ്ക്കാനുള്ളതല്ല കാൻസറെന്നും സമൂഹം അവർക്കു കൊടുക്കേണ്ട പിന്തുണയെക്കുറിച്ചും വാചാലനാകുന്നു. അതെ, കാൻസർ ഫുൾ സ്റ്റോപ്പല്ല, പുതിയ ജീവിതത്തിന്റെ സ്റ്റാർട്ടിങ് പോയിന്റാണ്...
(2019 ഫെബ്രുവരിയിൽ മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനം)
English Summary: Nandu Mahadeva the real cancer survivor