മേയ് 23ന് എൻഇഎഫ്ടി ഇടപാടുകൾ 14 മണിക്കൂറോളം മുടങ്ങും: ആർബിഐ
Mail This Article
മുംബൈ∙ ഓൺലൈൻ പണമിടപാട് സങ്കേതമായ നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്‍ഫർ (എൻഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മേയ് 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണു പിറ്റേന്നു തടസ്സം നേരിടുകയെന്ന് ആർബിഐ അറിയിച്ചു.
മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോൾ സമയം നീണ്ടേക്കാം. എന്നാൽ, ഈ സമയത്തും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സൗകര്യം പതിവുപോലെ തുടരും. ആർടിജിഎസിൽ സമാനമായ സാങ്കേതിക നവീകരണം ഏപ്രിൽ 18ന് പൂർത്തിയായിരുന്നു.
ഏപ്രിലിൽ എൻഇഎഫ്ടി, ആർടിജിഎസ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ബാങ്ക് ഇതര പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും അനുമതി നൽകിയതിന്റെ തുടർച്ചയാണു സാങ്കേതിക നവീകരണം. ‘യുപിഐ ഇടപാടുകളുടെ വിജയത്തിനു ശേഷമുള്ള ഈ തീരുമാനം പുതിയ അവസരമാണ്. ഉപഭോക്തൃ ഇടപാടുകൾ വർധിപ്പിക്കാനും കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽനിന്നു കരകയറാനും കമ്പനികളെ സഹായിക്കും’– മണിടാപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ അങ്കുർ മഹേശ്വരി പറഞ്ഞു.
English Summary: NEFT Money Transfer Facility Will Not Be Available for 14 hours on Sunday: RBI