ഇടതുപക്ഷത്തിന്റെ ക്യാപ്റ്റനായി പിണറായി; മുഖ്യമന്ത്രിയായി രണ്ടാംതവണ, പുതുചരിത്രം
Mail This Article
തുടർഭരണമെന്ന ചരിത്രം രചിച്ച്, ഇടതുപക്ഷത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും അതിജീവിച്ചാണ് പിണറായിയുടെ തേരോട്ടം.
നിയമസഭയിലേക്ക് ആറാം വിജയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇത്തവണയും ധർമടത്തുനിന്നാണ് ജയിച്ചത്. കോൺഗ്രസിന്റെ സി.രഘുനാഥനെതിരെ 50,123 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷം.
1945 മേയ് 24 ന് ജനനം. പിണറായി ശാരദ വിലാസം എൽപി സ്കൂൾ, പെരളശേരി ഗവ.ഹൈസ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കെഎസ്എഫ് പ്രസിഡന്റ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന സെക്രട്ടറി (1998 – 2015) എന്നീ ചുമതലകൾ വഹിച്ചു.
1970, 77, 91 തിരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പില്‍നിന്നും 1996ല്‍ പയ്യന്നൂരില്‍നിന്നും 2016 ൽ ധർമടത്തുനിന്നും നിയമസഭാംഗമായി. 1996ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി-സഹകരണ വകുപ്പു മന്ത്രിയായിരുന്നു (1996–98). കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രി എന്നതിനൊപ്പം ആഭ്യന്തരം, വിജിലന്‍സ്, ഐടി, യുവജനക്ഷേമം, അച്ചടി എന്നീ വകുപ്പുകളുടെയും ചുമതല വഹിച്ചു.
ഭാര്യ: തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അധ്യാപികയായിരുന്ന ടി.കമല. മക്കൾ: വിവേക് കിരൺ, വീണ.
English Summary: Pinarayi Vijayan Profile