രാഷ്ട്രീയവും പരിസ്ഥിതിയും ചേർത്തുപിടിച്ച് പി.പ്രസാദ്; ചേർത്തലയുടെ സ്വന്തം മന്ത്രി
Mail This Article
രാഷ്ട്രീയവും പരിസ്ഥിതിയും ഇഴചേർത്തുള്ള പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ തെളിച്ചത്തോടെയാണു പി.പ്രസാദ് ഇടതു സർക്കാരിൽ മന്ത്രിയാകുന്നത്. ചേർത്തലയിൽനിന്ന് നിയമസഭയിലേക്ക് കന്നിജയം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള ഹൗസിങ് ബോർഡ് ചെയർമാനുമാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേലിൽ 1969ൽ ജനനം.
എഐടിയുസി നേതാവും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു പിതാവ് ജി.പരമേശ്വരൻ നായർ. നൂറനാട് സിബിഎം ഹൈസ്കൂൾ, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. സ്കൂൾകാലത്ത് എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന പ്രസിഡന്റുമായി.
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, ഓൾ ഇന്ത്യ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. 2011ൽ അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മാനേജരുമായിരുന്നു.
പരിസ്ഥിതി പ്രവർത്തകൻ കൂടിയായ പ്രസാദ് ആറന്മുള വിമാനത്താവളം വിരുദ്ധ സമരം, പ്ലാച്ചിമട സമരം, കരിമണൽ ഖനന വിരുദ്ധ സമരം തുടങ്ങിയവയ്ക്കു നേതൃത്വം നൽകി. മേധാ പട്കർക്കൊപ്പം നർമദ ബച്ചാവോ ആന്തോളൻ സമരത്തിൽ പങ്കടുത്തിട്ടുണ്ട്. ഭാര്യ: ലൈന. മക്കൾ: ഭഗത്, അരുണ അൽമിത്ര.
English Summary: Profile of R Prasad, member of Team Pinarayi Cabinet 2.0