ചെങ്ങന്നൂരിനെ ചുവപ്പിച്ചു; ജീവകാരുണ്യത്തിൽ സജീവമായ സജി ചെറിയാൻ മന്ത്രിസഭയിലേക്ക്
Mail This Article
കോൺഗ്രസ് കോട്ടയായി അറിയപ്പെടുന്ന ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ച സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ മന്ത്രി. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റെ മാറ്റ് പൊതുതിരഞ്ഞെടുപ്പിൽ പൊലിപ്പിച്ചാണു ചെങ്ങന്നൂരിൽനിന്നു സജി ചെറിയാൻ രണ്ടാമതും ജയിച്ചത്. 31,984 വോട്ടിനായിരുന്നു ജയം. 2018ൽ കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ആദ്യ ജയം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി. എസ്‌എഫ്‌ഐയിലൂടെ പൊതുപ്രവർത്തനം തുടങ്ങി. മാവേലിക്കര ബിഷപ്പ്മൂർ കോളജ്, തിരുവനന്തപുരം ലോ അക്കാദമി, ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവം.
എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരള സർവകലാശാല സിൻഡിക്കേറ്റംഗം, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ക്രിസ്‌റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ.
Content Highlights: Saji Cherian, Kerala Cabinet, Pinarayi 2.0 Ministers, LDF Government