ഏറ്റുമാനൂരിൽനിന്ന് ഇടതു സർക്കാരിലേക്ക്; സഹപ്രവർത്തകരുടെ വിഎൻവി ഇനി മന്ത്രി
Mail This Article
വിഎൻവി എന്ന ചുരുക്കപ്പേരിനു മുൻപിൽ ഇനി 2 അക്ഷരം കൂടി ചേരും, മന്ത്രി. ചതുഷ്കോണ മത്സരം നടന്ന ഏറ്റുമാനൂരിൽനിന്നാണു വി.എൻ.വാസവൻ നിയമസഭയിലേക്കു ജയിച്ചു കയറിയത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വാസവൻ ചേട്ടനും മുതിർന്നവർക്കു വിഎൻവിയുമാണു നിയുക്ത മന്ത്രി വി.എൻ.വാസവൻ. കോട്ടയം പാമ്പാടിയിൽനിന്നുള്ള ആദ്യ മന്ത്രി.
ഐടിഐ വിദ്യാഭ്യാസ രംഗത്തു നിന്നാണ് വാസവൻ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് എത്തുന്നത്. വിദ്യാർഥി സംഘടന ബന്ധം നാട്ടിലെ നേതാക്കളുടെയും പ്രിയങ്കരനാക്കി. നിയമസഭയിലേക്ക് രണ്ടാം ജയം. നിലവില്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗവുമാണ്. ഇത്തവണ ഏറ്റുമാനൂരിൽ 14,303 വോട്ടിന് കേരള കോൺഗ്രസിന്റെ പ്രിൻസ് ലൂക്കോസിനെ തോൽപിച്ചു. 2006ൽ കോട്ടയം എംഎൽഎയായിരുന്നു.
മറ്റക്കര സ്വദേശിയാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. കെഎസ്‌വൈഎഫിന്റെയും ഡിവൈഎഫ്ഐയുടെയും ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി എന്നിവയിലംഗമായി. സിഐടിയു ജില്ലാ സെക്രട്ടറി, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.
സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക ഗീത വാസവനാണ് ഭാര്യ. ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ എന്നിവർ മക്കൾ. ഡോ.നന്ദകുമാർ മരുമകനാണ്.
Content Highlights: VN Vasavan, Kerala Cabinet, Pinarayi 2.0 Ministers, LDF Government