മധ്യകേരളത്തിൽ പ്രളയനിയന്ത്രണത്തിന് ശാസ്ത്രീയ സംവിധാനം വേണം: ജോസഫ് എം. പുതുശേരി
Mail This Article
തിരുവല്ല∙ അച്ചൻകോവിൽ, മണിമല, മീനച്ചിലാർ തുടങ്ങിയ നദികളിലൂടെ മഴക്കാലത്ത് എത്തുന്ന ജലം ഉയർത്തുന്ന ഭീഷണി നേരിടാൻ പ്രളയനിയന്ത്രണ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
2018ലെ പ്രളയത്തിനു ശേഷം കേരളത്തിനു രക്ഷയൊരുക്കാൻ റൂം ഫോർ വാട്ടർ എന്ന ആശയം ഇവിടെ നടപ്പാക്കുന്നതിനു മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും സംഘവും നെതർലൻഡ്സും മറ്റും സന്ദർശിച്ചിരുന്നു. വേണു രാജാമണിയെപ്പോലുള്ള മുൻ അംബാസഡർമാർ ഇതെപ്പറ്റി പഠിച്ച് എഴുതുകയും ചെയ്തു. എന്നിട്ടും മേയ് മാസത്തിൽ വേനൽമഴ കനത്തു പെയ്തപ്പോഴേക്കും കഴിഞ്ഞ ദിവസം മധ്യതിരുവിതാംകൂറിനായി ഈ സീസണിലെ ആദ്യ പ്രളയ മുന്നറിയിപ്പ് കേന്ദ്ര ജല കമ്മിഷന് നൽകേണ്ടി വന്നു.
മേയ് മാസത്തിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ വരാൻ പോകുന്ന മൺസൂൺകാലം എങ്ങനെയായിരിക്കുമെന്നു പറയാനാവില്ല. ദക്ഷിണ കേരളത്തിൽ ഇക്കുറി മഴ അൽപ്പം കൂടുതലായിരിക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പായ ഐ.എം.ഡി. നൽകുന്നത്.
2018 ആവർത്തിക്കുമോ
2018 ആവർത്തിക്കുമോ എന്ന ഭീഷണിക്കു മുകളിലാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളം. ദുരിതാശ്വാസ ക്യാംപുകളും ഭക്ഷണകിറ്റുകളും ലഭ്യമാക്കാൻ നടപടി ഉണ്ടായേക്കാം എന്നതൊഴിച്ചാൽ ഈ പ്രദേശങ്ങളെ പ്രളയത്തിൽ നിന്നു രക്ഷിക്കാൻ ശാശ്വതമായ ശാസ്ത്രീയ – എൻജിനീയറിങ് പരിഹാര നടപടികൾ ഒന്നും പ്രത്യേകിച്ച് സർക്കാർ ചെയ്തിട്ടില്ല.
മുങ്ങുന്ന റോഡ്
ആലപ്പുഴ – ചങ്ങനാശേരി റോഡ് ഉയർത്താൻ നടപടിയുണ്ടെങ്കിലും പത്തനംതിട്ട ജില്ലയുടെ മുഖ്യപാതയായ തിരുവല്ല–കുമ്പഴ റോഡ് മഴ കനത്തു പെയ്താൽ വെള്ളക്കെട്ടാണ്. ബന്ധപ്പെട്ട ജനപ്രതിനിധികൾ പോലും ഇത് കാണുന്നില്ല എന്നതു ഖേദകരമാണ്. വെള്ളം ഒഴിഞ്ഞു പോകാൻ വേണ്ട ആധുനിക ഡ്രെയിനേജ് സംവിധാനങ്ങളെപ്പറ്റി ആലോചിക്കണം.
പ്രളയം വന്നാൽ ഒറ്റപ്പെട്ടു പോകുന്ന ഏക ജില്ലാ ആസ്ഥാനമാണ് പത്തനംതിട്ട. ആറന്മുള–ചെങ്ങന്നൂർ റോഡും ഇതുപോല തന്നെ. വെള്ളം വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താൻ പോലും കഴിഞ്ഞിട്ടില്ല. റോഡിലെ ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി എലിവേറ്റഡ് പാതയാക്കാൻ ഉടൻ പദ്ധതി വേണം. എംസി റോഡിനെയും പ്രളയത്തിന് അതീതമാക്കാൻ നടപടി വേണം.
വേണം, പ്രളയത്തടയണ
പമ്പാ നദിക്ക് ചെറുതും വലുതുമായ ഇരുപതിലേറെ ഡാമുകൾ ഉണ്ടെങ്കിലും മണിമല,അച്ചൻകോവിൽ, മീനച്ചിൽ എന്നീ നദികൾക്ക് ഡാമുകൾ ഇല്ലാത്തത് പെട്ടെന്നു ജലനിരപ്പ് ഉയരുന്നതിനു കാരണമാകുന്നു. പീരുമേട് മലനിരകളിൽ മഴ പെയ്താൽ മണിമലയിൽ പ്രളയമാകും. വന്യമായ വേഗത്തിൽ ഒഴുകുന്ന കാട്ടാറിന്റെ സ്വഭാവമാണ് ഈ നദികൾക്കെന്നു മനസ്സിലാക്കി പ്രളയനിയന്ത്രണ ഡാമുകളോ തടയണകളോ നിർമിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. വൻകിട ഡാം നിർമിച്ച് വനഭൂമി നഷ്ടമാക്കാനോ ഈ നദികളിലെ നീരൊഴുക്ക് ഇല്ലാതാക്കാനോ അല്ല ഈ നിർദേശം.
വീണ്ടെടുക്കണം പ്രളയസമതലം
പ്രളയത്തെ ഉൾക്കൊള്ളാൻ ഇടനാടൻ തണ്ണീർത്തടങ്ങളായ പാടങ്ങൾ വഹിച്ചിരുന്ന പങ്ക് ചെറുതല്ല. അതിനാൽ നികത്തിപ്പോയ തണ്ണീർത്തടങ്ങൾ ഭാഗികമായെങ്കിലും വീണ്ടെടുക്കാനും ഉള്ളവയെ പ്രളയ സമതല റിസർവുകളായി പ്രഖ്യാപിച്ച് നിലനിർത്താനും നടപടി വേണം. വേനലിൽ ഇവയെ പ്രാദേശിക ജലസ്രോതസ്സുകളായും ഉപയോഗിക്കാം.
മഴമാപിനികൾ ഇനിയും വേണം
കാലാവസ്ഥാ മാറ്റം കാരണം കേരളത്തിലെ മഴയുടെ പെയ്ത്തു രീതി മാറി. ഏറെ തീവ്രമാണ് ഇപ്പോഴത്തെ മഴ. ഈ സാഹചര്യത്തിൽ കിഴക്കൻ മലയോരത്ത് കൂടുതൽ മഴമാപിനികൾ സ്ഥാപിച്ച് മഴയുടെ തോത് തത്സസമയം ലഭ്യമാക്കുന്നതു ദുരന്തനിവാരണത്തിന് അനിവാര്യമാണ്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് മഴമാപിനികളുള്ളത്. തിരുവല്ലയിലെ 100 വർഷത്തിലേറെ പഴക്കമുള്ള മഴമാപിനിക്ക് ഐഎംഡിയുമായി ഉണ്ടായിരുന്ന പഴയ ബന്ധം പുനഃസ്ഥാപിക്കണം.
ഹെവി ഡ്യൂട്ടി പമ്പ് പ്രളയത്തിൽ കൂട്ട്
കേരളത്തിന്റെ കടലോരം വൻ ഭീഷണി നേരിടുകയാണ്. കിഴക്കൻ വെള്ളം കടലിലേക്ക് പോകാതെ കടൽകുത്തി നിന്നതാണ് 2018 ൽ മധ്യകേരളത്തെ മുക്കിയതിന്റെ ഒരു കാരണം. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും ഉദ്ദേശിച്ച ഫലം കണ്ടില്ല.
ഈ സാഹചര്യത്തിൽ കുട്ടനാട്ടിൽ സ്ഥിരം ഹെവി ഡ്യൂട്ടി പമ്പുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കണം. എസി റോഡിൽ ഇതു മുൻപ് പരീക്ഷിച്ച് വിജയിച്ചതാണ്. കനത്ത പ്രളയത്തെ വേഗം കടലിലേക്ക് തള്ളാൻ ഇതു സഹായിക്കും. പ്രളയത്തിന്റെ ആഘാതം ഇങ്ങനെ കുറയ്ക്കാനാവും.
മധ്യതിരുവിതാംകൂറിൽ പുതു ഭരണസംവിധാനം
2018 ൽ പ്രളയത്തിന്റെ പ്രഭവ കേന്ദ്രമായ ചെങ്ങന്നൂരിലേക്ക് ബോട്ട് ചോദിച്ചപ്പോൾ അത് പത്തനംതിട്ട ജില്ലയുടെ ഭാഗമല്ലേ എന്നൊരു വാദമുണ്ടായി. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും ചെങ്ങന്നൂരിന്റെ പ്രത്യേക സ്വഭാവം പരിഗണിക്കണം. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന 2018 ൽ 3 നദികളും തടാകം പോലെ ചെങ്ങന്നൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മധ്യതിരുവിതാംകൂർ ആസ്ഥാനമായി ശക്തമായ റവന്യൂ ഭരണ സംവിധാനമോ ദുരന്ത നിവാരണ കേന്ദ്രമോ ആരംഭിക്കാൻ നടപടി വേണം– പുതുശേരി നിവേദനത്തിൽ ആവശ്യപ്പെട്ടു.
English Summary: Needs a scientific system for Flood controlling: Joseph M Puthussery