പരീക്ഷാപ്പേപ്പർ കാണിച്ച് ടീച്ചർ പറയുന്നു: വീണ പണ്ടേ ‘പെർഫെക്ട് ഓക്കെ’
Mail This Article
കഴിഞ്ഞ 18 വർഷമായി പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളജിൽ ബിഎഡ് പഠിക്കുന്ന വിദ്യാർഥികൾക്ക് റഫറൻസ് ആണ് 2002-2003 ബാച്ചിലെ 'വീണ കുര്യാക്കോസിന്റെ ' ഉത്തരക്കടലാസ്. എങ്ങനെ മനോഹരമായി പരീക്ഷയെഴുതാം എന്നതിന് ഉദാഹരണമായി പൂർവവിദ്യാർഥി വീണയുടെ പരീക്ഷാ പേപ്പർ, പിന്നീട് വന്ന എല്ലാ ബാച്ചിലെയും വിദ്യാർഥികളെയും കാണിച്ചിട്ടുണ്ട് അധ്യാപിക ഡോ.റോസമ്മ ഫിലിപ് .
രണ്ടു പതിറ്റാണ്ടിനു മുൻപ് ടീച്ചറുടെ 'വെരി ഗുഡ് ' പരീക്ഷാ പേപ്പറിൽ വാങ്ങിയ വീണ ഇപ്പോൾ ജനങ്ങളുടെ 'വെരി ഗുഡ് ' വാങ്ങി മന്ത്രിയാകുന്നു. ആ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ്, കോളജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ കൂടിയായ ഡോ.റോസമ്മ ഫിലിപ് തന്റെ വിദ്യാർഥിയുടെ നേട്ടത്തിലുള്ള സന്തോഷം പങ്കുവച്ചത്. ബിഎഡുകാർ മാത്രമല്ല, എല്ലാ വിദ്യാർഥികളും മനസ്സിലാക്കേണ്ട ചില പാഠങ്ങൾ മന്ത്രിയുടെ ഉത്തരക്കടലാസിൽ ഉണ്ടെന്ന് ഡോ.റോസമ്മ പറയുന്നു.
പഠിപ്പിച്ചതല്ല എഴുതിയത്
'എല്ലാ ഉത്തരങ്ങളും പെർഫെക്ട് ആയൊരു പേപ്പറായിരുന്നു അത്. ഞാൻ ക്ലാസിൽ പഠിപ്പിച്ചതൊന്നുമല്ല വീണയുടെ പേപ്പറിൽ കണ്ടത്. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. ചിന്തിച്ച് സ്വയം കണ്ടെത്തിയ ഉത്തരങ്ങളായിരുന്നു അവ. പകർത്തിവയ്ക്കലല്ല, അറിവ് നിർമിക്കലാണ് പഠനത്തിന്റെ ലക്ഷ്യം. - ഡോ.റോസമ്മ പറയുന്നു. മാധ്യമ പ്രവർത്തകയും എംഎൽഎയും ആകുന്നതിനു മുൻപേ ഈ ഉത്തരക്കടലാസിലൂടെ കോളജിലെ വിദ്യാർഥികൾക്കു പരിചിതയായിരുന്നു വീണ.
ടീച്ചറായില്ലെങ്കിലും ചിലരെ ടീച്ചറാക്കി
വീണ ജോർജ് അധ്യാപനം പ്രഫഷനായി സ്വീകരിച്ചില്ലെങ്കിലും അവരെ മാതൃകയാക്കി ബിഎഡ് പഠിക്കാനെത്തിയ ഒരു വിദ്യാർഥിനിയെയും ഓർക്കുന്നുണ്ട് ഇവിടുത്തെ അധ്യാപകർ - പട്ടാഴി സ്വദേശിനി രാജി. വീണ വിദ്യാർഥി ആയിരുന്നപ്പോൾ അധ്യാപന പരിശീലനത്തിന്റെ ഭാഗമായി പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂളിൽ ക്ലാസ് എടുത്തിരുന്നു.
വർഷങ്ങൾക്കു ശേഷം ഒരു ബിഎഡ് ക്ലാസിൽ ,ഈ കോഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണം വിദ്യാർഥികളോട് ചോദിച്ചപ്പോൾ രാജി പറഞ്ഞു - ഇവിടെ മുൻപ് പഠിച്ചിരുന്ന 'വീണ കുര്യാക്കോസ് ' എന്ന ചേച്ചി ടീച്ചിങ് പ്രാക്ടീസിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ക്ലാസ് എടുക്കാൻ വന്നിരുന്നു. ആ ക്ലാസിൽ ഇരിക്കുമ്പോൾ തീരുമാനിച്ചതാണ്, ഞാനും ബിഎഡ് പഠിച്ച് ടീച്ചറാകുമെന്ന്.
മന്ത്രിക്കെതിരെ പരാതിക്കത്ത്
ഉത്തരക്കടലാസു മാത്രമല്ല, മന്ത്രിക്കെതിരെ 'ഗുരുതര ആരോപണ'വുമായി വന്ന ഒരു കത്തും ഡോ. റോസമ്മ സൂക്ഷിച്ചിട്ടുണ്ട്. വീണയുടെ സഹപാഠി സംഗീത് ജോസ് വർഷങ്ങൾക്കു ശേഷം എഴുതിയതാണ്. വീണ ജോർജ് ജോലി ചെയ്യുന്ന ചാനൽ ഓഫിസിനു മുന്നിൽ നിൽക്കുമ്പോൾ വീണ തൊട്ടടുത്തു കൂടി പോയെങ്കിലും തന്നെ കണ്ടില്ലത്രേ. പരാതിയിലെ കൗതുകം കൊണ്ടല്ല അതിലെ സാഹിത്യ ഭംഗി കൊണ്ടാണ് ആ കത്ത് സൂക്ഷിച്ചതെന്ന് ഡോ.റോസമ്മ പറയുന്നു.
English Summary: Veena George's teacher share her B.ed answer sheet as a model for students