ADVERTISEMENT

മകൻ ജനിക്കുമ്പോൾ നാട്ടിലുണ്ടായിട്ടും പരമേശ്വരൻ നായർ കാണാനെത്തിയത് കുറെ ദിവസങ്ങൾക്കു ശേഷമാണ്. തൊട്ടുപിന്നാലെ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി, ജയിലിലടച്ചു. പിന്നീടും ആ വീട്ടിലേക്കു പോകാൻ എല്ലാവരും ഭയപ്പെട്ടു. സ്നേഹമുള്ളവർക്കും സഹായിക്കാൻ കഴിയാത്ത വിധം ആ വീട് ഒറ്റപ്പെട്ടു നിന്നു. അറസ്റ്റിലായ വീട്ടുകാരൻ നക്സലൈറ്റായിരുന്നതാണ് കുറ്റം. കുട്ടി വളർന്നപ്പോൾ അവനും വിപ്ലവത്തിന്റെ വഴിയിൽ നടന്നു. പിതാവ് എതിരു പറഞ്ഞില്ല. പൊലീസിന്റെ തല്ലുകൊണ്ടു വന്ന മകനെ പരിചരിക്കുകയും ചെയ്തു. ആ കുട്ടി കഴിഞ്ഞ ദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൃഷിമന്ത്രി പി.പ്രസാദ്.

അച്ഛന്‍ പിന്നീട് നക്സൽ പ്രസ്ഥാനം വിട്ട് സിപിഐയിലെത്തി. പ്രസാദ് എഐഎസ്എഫിലൂടെയും എഐവൈഎഫിലൂടെയും സിപിഐ നേതൃത്വത്തിലേക്ക് ഉയർന്നു. അച്ഛനും താനും തമ്മിൽ നടന്ന രാഷ്ട്രീയ സംവാദങ്ങൾ, വായനയിൽ അച്ഛന്റെ പ്രേരണ, മകൻ പൊലീസിന്റെ തല്ലു കൊള്ളുന്നതിൽ പരിഭവിച്ച അമ്മ... കണ്ണു നനയിക്കുന്ന അനുഭവങ്ങൾ ഏറെയുണ്ട് പ്രസാദിന്. ‘കേരളമാകെ സംഭവബഹുലമായ നാളുകളായിരുന്നു അത്. അച്ഛൻ ചില കേസുകളിൽ പ്രതിയായി ഒളിവിലായിരുന്നു. ഞാൻ ജനിച്ച് കുറെ ദിവസം കഴിഞ്ഞാണ് അച്ഛന് വീട്ടിലെത്താൻ കഴിഞ്ഞത്. മടങ്ങുമ്പോൾതന്നെ കെ.ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ മാസങ്ങളോളം ജയിലിലായി.

P Prasad Minister
പി.പ്രസാദ്

‘ഈ കഥയൊക്കെ പിന്നീടു പറഞ്ഞു കേട്ടതാണ്. കുടുംബം അന്നും നൂറനാട്ടെ വീട്ടിൽ തന്നെ. വീടിനു പുറത്തുനിന്നാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. അതിനു ശേഷവും അടുത്ത ബന്ധുക്കൾ പോലും പേടിച്ചു വീട്ടിലേക്കു വന്നിരുന്നില്ല. വന്നാൽ പൊലീസ് പിടിക്കുമെന്ന ഭയം നാട്ടിലാകെ ഉണ്ടായിരുന്നു. അച്ഛനെ കൊണ്ടുപോയ ശേഷവും പൊലീസ് അമ്മയെ ചോദ്യം ചെയ്തിരുന്നു’– മന്ത്രി പറയുന്നു. ജയിലിൽനിന്നിറങ്ങി കുറെ കഴിഞ്ഞ് പരമേശ്വരൻ നായർ സിപിഐയുമായി അടുത്തു. പ്രസാദിന് ഓർമ വയ്ക്കുമ്പോൾ അദ്ദേഹം സിപിഐയിലാണ്. പ്രസാദ് ഹൈസ്കൂളിൽ പഠിക്കുമ്പോഴൊക്കെ പരമേശ്വരൻ നായർ പന്തളം മണ്ഡലം സെക്രട്ടറിയാണ്.

നന്ദാവനത്തെ മർദനം, അച്ഛന്റെ പരിചരണം

പരമേശ്വരൻ നായർ ഒരുപാടു പൊലീസ് മർദനമേറ്റയാളാണ്. പക്ഷേ, തല്ലുണ്ടാക്കാൻ വേണ്ടി സമരം ചെയ്യുന്നതിനോട് എതിർപ്പായിരുന്നു. സമരത്തിന്റെ നായകർ എന്നാൽ കൂടെയുള്ളവർക്ക് അധികം മർദനമേൽക്കാതെ പോരാട്ടം ജയിക്കാൻ ശ്രമിക്കേണ്ടവരാണെന്ന് അദ്ദേഹം പ്രസാദിനെ ഉപദേശിച്ചിരുന്നു. 1994ൽ സെക്രട്ടേറിയറ്റിനു മുന്നിലും നന്ദാവനം പൊലീസ് ക്യാംപിലും ക്രൂര മർദനമേറ്റ പ്രസാദിനെ പരിചരിച്ചത് പരമേശ്വരൻ നായരാണ്. എഐവൈഎഫിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെയായിരുന്നു പൊലീസ് നടപടി.

‘ഭീകരമായ ലാത്തിച്ചാർജിനു ശേഷം ഞങ്ങളെ അറസ്റ്റ് ചെയ്ത് നന്ദാവനം പൊലീസ് ക്യാംപിൽ കൊണ്ടുപോയി. അവിടെവച്ചും മർദിച്ചു. എന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. പിന്നീട് പ്രഭാത് ബുക്ക് ഹൗസിന്റെ വാഹനത്തിൽ അടൂർ ആശുപത്രിയിൽ എത്തിച്ചു. വേദനയൊക്കെ കുറഞ്ഞപ്പോൾ പത്തനംതിട്ട കുമ്പളാംപൊയ്കയിലെ മുരുകൻ വൈദ്യരുടെയടുത്ത് തിരുമ്മു ചികിത്സ. അന്തരിച്ച സിപിഐ നേതാവ് എം.സുകുമാര പിള്ള സാറാണ് അത് ഏർപ്പാട് ചെയ്തത്.

അച്ഛൻ വൈദ്യശാലയിൽ എന്നെ കാണാൻ വരുമായിരുന്നു. വഴക്കൊന്നും പറഞ്ഞില്ല. ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയിട്ടും കടുത്ത പഥ്യം തുടർന്നു. സൂര്യപ്രകാശം ഏൽക്കരുത്, ദേഹത്തു നേരിട്ടു വെള്ളമൊഴിക്കരുത്, സ്വയം കുളിക്കരുത്, മറ്റാരെങ്കിലും കുളിപ്പിക്കണം. അച്ഛനാണ് എന്നെ കുളിപ്പിച്ചിരുന്നത്. എനിക്കു വല്ലാതെ വിഷമം തോന്നി. പക്ഷേ, അച്ഛന് അതിൽ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. കുളിപ്പിക്കുമ്പോഴും തല്ലു കൊള്ളാൻ പോയതെന്തിന് എന്നൊന്നും ചോദിച്ചിട്ടില്ല, കുത്തുവാക്കു പറഞ്ഞിട്ടില്ല. അമ്മ സങ്കടപ്പെട്ടു വഴക്കു പറയുമായിരുന്നു.

Minister P Prasad
അമ്മയോടൊപ്പം പി.പ്രസാദ്. ചിത്രം: മനോരമ

ഒരിക്കൽ നവോദയ സ്കൂൾ വിഷയത്തിൽ സമരം ചെയ്ത് മർദനമേറ്റ് ഞാൻ ആശുപത്രിയിലായി. വീട്ടിൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അച്ഛൻ വീട്ടിലില്ല. വീടിനു മുന്നിലൂടെ പ്രതിഷേധ പ്രകടനം പോയപ്പോൾ മുദ്രാവാക്യം വിളി കേട്ടാണ് അമ്മ കാര്യമറിഞ്ഞത്. എനിക്കു കാണേണ്ട, ഞാൻ ആശുപത്രിയിൽ പോകില്ല എന്നൊക്കെ അമ്മ പിണങ്ങിപ്പറഞ്ഞു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ ആൾ എന്റെ കട്ടിലിനരികിലുണ്ട്...’– പ്രസാദ് ചിരിയോടെ പറയുന്നു.

വായനയുടെ പകർച്ച

പരമേശ്വരൻ‍ നായർ വലിയ പുസ്തകപ്രേമിയായിരുന്നു. വീട്ടിലെ ലൈബ്രറിയുടെ വളർച്ച തുടങ്ങുന്നത് അദ്ദേഹത്തിലൂടെയാണെന്ന് മന്ത്രി. കുറെക്കാലം നാട്ടിൽ ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്നു പരമേശ്വരൻ നായർ. പുസ്തകങ്ങളിലും പത്രങ്ങളിലും ആനുകാലികങ്ങളിലുമൊക്കെ വായിച്ചതു വച്ച് അച്ഛനും മകനും തമ്മിൽ രാഷ്ട്രീയ ചർച്ചയും തർക്കവും കൂടെക്കൂടെ ഉണ്ടായിരുന്നു.

‘വായിച്ച കാര്യങ്ങളെപ്പറ്റി അച്ഛൻ പറയുമ്പോൾ ചിലപ്പോൾ ഞാൻ ആ വിഷയം അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. വായിക്കാൻ സമയം കിട്ടിയില്ല എന്നൊന്നും അച്ഛനോടു പറയാൻ പറ്റില്ല. മറുപടി ഇങ്ങനെയാവും: സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്, വായിക്കാൻ സമയമില്ലെന്നു പറഞ്ഞാൽ ജീവിക്കാൻ സമയമില്ലെന്നാണ് അർഥം. ഞങ്ങൾ തമ്മിൽ രാഷ്ട്രീയം നന്നായി സംസാരിക്കുമായിരുന്നു. ഞാൻ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിനോട് അച്ഛന് പൂർണ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, വിയോജിപ്പു പറഞ്ഞിട്ടില്ല. ജീവിതത്തെപ്പറ്റി ചിന്തിക്കണമെന്നു മാത്രം പറഞ്ഞിരുന്നു. ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. എന്നു കരുതി വളരെ വലിയ പ്രോത്സാഹനം തന്നിട്ടുമില്ല...’

അന്നം സ്നേഹമാണ്, നിരസിക്കരുത്

ഒളിവു ജീവിതത്തിൽ വിശപ്പ് നന്നായി അറിഞ്ഞയാളാണ് പരമേശ്വരൻ നായർ. അന്നത്തിനുള്ളതു വിളയിക്കുന്ന കൃഷിക്കാരനുമായിരുന്നു. അതുകൊണ്ടാവും ഭക്ഷണത്തെപ്പറ്റി അദ്ദേഹത്തിനൊരു ഫിലോസഫിയുണ്ടായിരുന്നു. അതു മക്കളോടും പങ്കു വച്ചിരുന്നു. ‘അച്ഛന്റെ ഒരുപദേശമുണ്ട്. നിങ്ങൾക്കൊരാൾ സ്നേഹപൂർവം ഭക്ഷണം നൽകിയാൽ‍ നിരസിക്കരുത്. ഇപ്പോൾ കഴിച്ചതേയുള്ളൂ, വയറിനു പ്രശ്നമാണ് എന്നൊന്നും പറയരുത്. അൽപമെങ്കിലും കഴിക്കണം.

ചിലപ്പോൾ അവരുടെ ചുറ്റുപാട് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാകാം. പക്ഷേ, അവർ ഏറ്റവും വൃത്തിയായിട്ടാകും നിങ്ങൾക്കു ഭക്ഷണം തരുന്നത്. നിരസിക്കാൻ നിങ്ങൾ പറയുന്ന കാരണം കള്ളമാണെന്ന് അവർക്കും മനസ്സിലാകും. അൽപമെങ്കിലും കഴിച്ചാലേ നിങ്ങൾക്ക് അവരുടെ മനസ്സിൽ കയറാൻ പറ്റൂ...’ ഉപദേശം കേട്ടിരുന്ന മകൻ ഇപ്പോൾ അന്നം വിളയിക്കുന്നവരുടെ മന്ത്രിയാണ്. മലയാളികൾക്ക് ഏറ്റവും നല്ല ഭക്ഷണത്തിനുള്ളത് ഇവിടെത്തന്നെ ഉണ്ടാക്കണമെന്ന ചിന്തയുള്ള മന്ത്രി.

English Summary: Unknown Life Story of P Prasad, Kerala's New Agriculture Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com