മ്യൂക്കർമൈക്കോസിസ് എന്നു വിളിക്കണം; ബ്ലാക്ക്, വൈറ്റ് ഫംഗസ് അല്ല: വിദഗ്ധർ
Mail This Article
ന്യൂഡൽഹി∙ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്ന പേരിൽ നിറത്തിന്റെ അടിസ്ഥാനത്തിൽ രോഗത്തെ വേർതിരിക്കരുതെന്ന് വിദഗ്ധർ. ശരീരത്തിന്റെ പല ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഫംഗസ് വ്യത്യസ്ത രീതിയിലായിരിക്കും കാണപ്പെടുകയെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ തിങ്കളാഴ്ച പറഞ്ഞു. മ്യൂക്കർമൈക്കോസിസ് എന്ന പേരിൽ ആണ് അറിയപ്പെടേണ്ടത്, ഫംഗസിന്റെ നിറത്തിന്റെ പേരിലല്ല, അദ്ദേഹം വ്യക്തമാക്കി.
മ്യൂക്കർമൈക്കോസിസ്‍, ക്യാൻഡിഡ, ആസ്പെർഗില്ലോസിസ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഫംഗസ് അണുബാധ കാണുന്നത്. കോവിഡ് ബാധിച്ചവരിൽ മ്യൂക്കർമൈകോസിസ് ആണ് കൂടുതലും കാണപ്പെടുന്നത്. ആസ്പെർഗില്ലോസിസ് ബാധിക്കുന്നത് ശ്വാസകോശത്തെയും. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ മൂന്ന് ഫംഗസ് രോഗങ്ങളും ബാധിക്കുക. സൈനസ്, മൂക്ക്, കണ്ണിനു ചുറ്റുമുള്ള എല്ല് തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ഈ ഫംഗസുകൾ തലച്ചോറിനെയും ബാധിക്കാം.
ഫംഗസ് രോഗം ഇന്ത്യയിൽ വർധിക്കുന്നുണ്ടെന്നും എന്നാൽ ഒരാളിൽനിന്ന് മറ്റൊരാളിലേക്കു പകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Colour Classification of Fungal Infection Misleading, Says AIIMS Director