ഇനി സ്കൂള്‍തല തല്‍സമയ ഓണ്‍ലൈന്‍ ക്ലാസും; സാധ്യത ആരാഞ്ഞ് സര്‍ക്കാര്‍
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളില്‍ തല്‍സമയ ഓണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നു. വിക്ടേഴ്സ് ചാനല്‍വഴിയുള്ള സംപ്രേഷണത്തിനു പുറമെ, അധ്യാപകര്‍ അതാത് ക്ലാസുകള്‍ക്കായി ഒാണ്‍ലൈനായി ക്ലാസുകള്‍ നല്‍കുന്നതാണു പരിഗണനയില്‍. ഇതിനായി ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ ആപ്പുകളുപയോഗിക്കുന്നത് സര്‍ക്കാർ ആലോചിക്കുന്നു. കൂടാതെ കൈറ്റ്, വിക്ടേഴ്സ് എന്നീ സ്ഥാപനങ്ങളോട് ഏത് സാങ്കേതിക സംവിധാനം സാധ്യമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ചോദിച്ചിട്ടുണ്ട്.
സ്കൂളടിസ്ഥാനത്തില്‍ ഓരോ ക്ലാസിലെയും ഓരോ ഡിവിഷനും പ്രത്യേകമായി ക്ലാസ് നല്‍കുന്നതാണോ, ക്ലാസുകളുടെയോ സ്കൂളുകളുടെയോ ക്ലസ്റ്ററാണോ പ്രായോഗികം എന്നു വിലയിരുത്തും. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം നടത്താനാണ് ആലോചിക്കുന്നത്. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചു. സ്കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ടതും എല്ലാവര്‍ക്കും ലഭ്യമാകുന്നതുമായ രീതിയില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. നാളെ വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം വിശദീകരിക്കും.
English Summary: Kerala Government to consider live online classes along with Victers channel program