ഡിജിറ്റൽ മീഡിയ നിയമം: വിശദാംശം നൽകാൻ ഓൺലൈൻ വാർത്താ പ്രസാധകർക്ക് 15 ദിവസം
Mail This Article
ന്യൂഡൽഹി ∙ പുതിയ ഡിജിറ്റൽ മീഡിയ നിയമങ്ങൾ പാലിക്കുന്നതിനുള്ള വിശദാംശങ്ങൾ നൽകുന്നതിന് ഓൺലൈൻ വാർത്താ പ്രസാധകർക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും 15 ദിവസം നൽകി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കു സമാനമായ കാര്യത്തിൽ റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ 24 മണിക്കൂർ സമയം നൽകിയിരുന്നു.
ഫെബ്രുവരിയിലാണു പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നത്. ഇതിനെതിരെ നിരവധി പ്ലാറ്റ്ഫോമുകൾ വിവിധ കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി സ്ട്രീമിങ് സേവനങ്ങൾ എന്നിവയുടെ നിയന്ത്രണമാണു നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നിയമപ്രകാരം, എല്ലാ ഡിജിറ്റൽ മീഡിയ സൈറ്റുകളിലും പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. അവിടെ ഉദ്യോഗസ്ഥർ പരാതികൾ പരിശോധിച്ചു പരിഹരിക്കുകയും ആക്ഷേപകരമായ ഉള്ളടക്കം നിരീക്ഷിക്കുകയും നീക്കംചെയ്യുകയും കംപ്ലയിൻസ് റിപ്പോർട്ടുകൾ നൽകുകയും ചെയ്യണം. ഡിജിറ്റൽ ന്യൂസ് മീഡിയയെ പുതിയ നിയമം വഴി പ്രസ് കൗൺസിലിന്റെ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവന്നിരുന്നു.
വാർത്താ സൈറ്റുകളിൽ പ്രസാധകരുടെ സ്വയം നിയന്ത്രണം, പ്രസാധകരുടെ സമിതിയുടെ സ്വയം നിയന്ത്രണം, ഇതിനെല്ലാം പുറമെ മേൽനോട്ട സംവിധാനം എന്നിവയും നിർദേശിക്കുന്നു. ജോയിന്റ് സെക്രട്ടറി അല്ലെങ്കിൽ അതിനുമുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥനെ ‘ഓതറൈസ്ഡ് ഓഫിസർ’ ആയി നിയമിക്കും. ഈ ഉദ്യോഗസ്ഥനു നേരിട്ട് ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ അധികാരമുണ്ടാകും. നിയമത്തിനെതിരെ വിമർശനമുണ്ടായപ്പോൾ, പുരോഗമനപരവും സമകാലികവും സ്വതന്ത്രവുമായ ചട്ടക്കൂടാണെന്നാണു കേന്ദ്രം പ്രതികരിച്ചത്.
English Summary: Give Details On Compliance In 15 Days: Centre To Online News Publishers