കാമുകിക്കൊപ്പം കറങ്ങാനിറങ്ങി, അഴിക്കുള്ളിലായി; ചോക്‌സിയുടെ വമ്പന്‍ പിഴ, ഇനി ഇന്ത്യയിലേക്ക്?
Mail This Article
സെയ്ന്റ് ജോണ്‍സ്∙ വായ്പത്തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഇത്രനാള്‍ ഇന്ത്യന്‍ ഏജന്‍സികളെ വെട്ടിച്ച് നടന്നെങ്കിലും ഒരു നിമിഷത്തില്‍ ചെയ്തുപോയ വമ്പന്‍ പിഴ ഓര്‍ത്ത് ഡൊമിനിക്കയിലെ ജയിലില്‍ പശ്ചാത്തപിക്കുന്നുണ്ടാകാം.
ആന്റിഗ്വയില്‍ പൗരത്വ അപേക്ഷ നിലവിലുള്ളതിനാല്‍ ഇന്ത്യയിലേക്കു നാടുകടത്തുമെന്ന ഭീഷണിയില്ലാതെ കഴിയുന്നതിനിടെയാണ് കാമുകിയെയും കൊണ്ട് ഒന്നു കറങ്ങാനിറങ്ങിയാലോ എന്നു ചോക്‌സിക്കു തോന്നിയത്. നാലുപാടും വലവിരിച്ച് കാത്തിരിക്കുന്ന ഇന്ത്യന്‍ രഹസ്യാനേഷണ ഏജന്‍സികളെ ചോക്‌സി മറന്നു. ഒടുവില്‍ എത്തിപ്പെട്ടിരിക്കുന്നത് ഡൊമിനിക്കയിലെ ജയിലില്‍. ചോക്‌സിയെ തിരികെ നാട്ടിലെത്തിച്ചു വിചാരണ ചെയ്യാന്‍ സര്‍വസന്നാഹങ്ങളുമായാണ് ഇന്ത്യന്‍ ഏജന്‍സികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആന്റിഗ്വയില്‍നിന്നു കാമുകിക്കൊപ്പം ചുറ്റിയടിക്കാന്‍ എത്തിയപ്പോഴാണ് ഡൊമിനിക്കയില്‍ അറസ്റ്റിലായതെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആണ് വെളിപ്പെടുത്തിയത്. 'കാമുകിയെയും കൂട്ടി അത്താഴം കഴിക്കാന്‍ പോയപ്പോഴാണു പിടിയിലായതെന്നാണു ഞങ്ങള്‍ക്കു കിട്ടിയ വിവരം. വമ്പന്‍ മണ്ടത്തരമാണു ചോക്‌സി കാട്ടിയത്. കാരണം ചോക്‌സി ആന്റിഗ്വയിലെ പൗരന്‍ ആയതു കൊണ്ടു ഞങ്ങള്‍ക്കു നാടുകടത്താന്‍ കഴിയില്ല. ഇപ്പോള്‍ ഡൊമിനിക്കയില്‍ പിടിയിലായതിനാല്‍ അവിടെനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാനാകും. ഡൊമിനിക്കയില്‍നിന്നു മടക്കി ആന്റിഗ്വയിലേക്ക് അയച്ചാലും ചോക്‌സിക്കു സംരക്ഷണം ലഭിക്കും.' - ഗാസ്റ്റന്‍ ബ്രൗണ്‍ പറഞ്ഞു. ക്യൂബയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്‌സി പിടിയിലായതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ക്യൂബയും ഇന്ത്യയും തമ്മില്‍ കരാറില്ല.
ചോക്‌സിയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ അയച്ച സ്വകാര്യ വിമാനം ഡൊമിനിക്കയില്‍ എത്തിയതായി ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ വെളിപ്പെടുത്തിയിരുന്നു. ഖത്തര്‍ എയര്‍വെയ്‌സിന്റെ എ7സിഇഇ വിമാനം ഡൊമിനിക്കയിലെ ഡഗ്ലസ്-ചാള്‍സ് വിമാനത്താവളത്തില്‍ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയോടെ ഇറങ്ങിയതായി ആന്റിഗ്വയിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 27നു വൈകിട്ട് ഡല്‍ഹിയിലെത്തിയ വിമാനം പിറ്റേന്ന് മാഡ്രിഡ് വഴി 20 മണിക്കൂര്‍ യാത്ര ചെയ്താണ് ഡൊമിനിക്കയില്‍ എത്തിയതെന്നാണു റിപ്പോര്‍ട്ട്.
ചോക്‌സിയെ ഇന്ത്യയ്ക്കു കൈമാറുന്നത് ജൂണ്‍ 2 വരെ ഡൊമിനിക്കന്‍ ഹൈക്കോടതി വിലക്കിയിരിക്കയാണ്. ആന്റിഗ്വയിലെ ജോളി ഹാര്‍ബറില്‍നിന്ന് പൊലീസ് ചോക്‌സിയെ ഡൊമിനിക്കയിലേക്കു റാഞ്ചിക്കൊണ്ടുപോകുകയായിരുന്നെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ ആരോപിക്കുന്നു. ചുവന്നു വീര്‍ത്ത കണ്ണും കൈയില്‍ മുറിവുകളുമായി ഡൊമിനിക്കന്‍ ജയിലില്‍ കഴിയുന്ന ചോക്‌സിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആന്റിഗ്വയിലെയും ഡൊമിനിക്കയിലെയും പ്രതിപക്ഷ നേതാക്കളുമായി ചോക്സി രഹസ്യചര്‍ച്ച നടത്തിയതായും കരീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആന്റിഗ്വ പൗരത്വമുള്ള ചോക്‌സിയെ ഡൊമിനിക്കയില്‍നിന്ന് ഇന്ത്യയിലേക്കു കൊണ്ടുപോകുമെന്ന ബ്രൗണിന്റെ പ്രസ്താവനയെ ആന്റിഗ്വയിലെ പ്രതിപക്ഷം ചോദ്യം ചെയ്തു. ചോക്‌സിയെ തട്ടിക്കൊണ്ടുപോയി തല്ലിച്ചതയ്ക്കുകയായിരുന്ന എന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ തന്റെ നിലപാടിനെ പ്രധാനമന്ത്രി ന്യായീകരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം പ്രധാനമാണെന്നും ചോക്‌സി ഇന്ത്യന്‍ പൗരനായതിനാല്‍ ഇന്ത്യയ്ക്കു കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ പുത്രന്‍ നീരവ് മോദിയുമായി ചേര്‍ന്നു പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ ചോക്‌സി 2018 ലാണ് ആന്റിഗ്വയിലെത്തിയത്.
English Summary: Mehul Choksi Likely On Dominica Trip With Girlfriend Before Arrest: Report