ബിസിനസ് തുടങ്ങാൻ ബന്ധപ്പെട്ടു, പിന്നെ ലിവിങ് ടുഗെതർ; നടിയുടെ പരാതിയിൽ വാട്സാപ് ചാറ്റുകളും
Mail This Article
ചെന്നൈ∙ നടിയുടെ പീഡന പരാതിയിൽ അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എം.മണികണ്ഠനെ അടുത്ത ദിവസം ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചതിനും സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയതിനും ചെന്നൈ അടയാര്‍ പൊലീസാണ് കേസെടുത്തത്. ലിവിങ് ടുഗെതർ പങ്കാളിയായ നടി നല്‍കിയ പരാതിയിലാണ് കേസ്.
നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയുടെ പരാതിയാണ് മുന്‍മന്ത്രി എം. മണികണ്ഠന്റെ അറസ്റ്റിലേക്കു നീളുന്നത്. വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ 2017 മുതല്‍ ഒരുമിച്ചു താമസിച്ചെങ്കിലും .മണികണ്ഠൻ ചതിച്ചെന്നാണു പരാതി. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടയാര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി എട്ടുകുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്നാണു ലിവിങ് ടുഗെതര്‍ ബന്ധത്തിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു നടി വാട്സാപ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി പരാതി നല്‍കിയത്. എന്നാല്‍ നടിയെ അറിയില്ലെന്ന നിലപാടിലാണു മണികണ്ഠന്‍. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി മണികണ്ഠനെ ചെന്നൈയിലേക്കു വിളിച്ചുവരുത്തും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. പീഡന ആരോപണത്തോടെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി രാമാനാഥപുരത്തെ പ്രമുഖ നേതാവായ മണികണ്ഠനെ കൈവിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.
English Summary: Former Minister M Manikandan Booked for Rape based on Complaint Lodged by Actress