17-ാം ഡപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ; എതിരില്ലാതെ എട്ടാമന്
Mail This Article
തിരുവനന്തപുരം∙ കേരള നിയമസഭയുടെ 17-ാം ഡപ്യൂട്ടി സ്പീക്കറെയാണ് ജൂണ്‍ 1ന് എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇതുവരെയുള്ള 17 തിരഞ്ഞെടുപ്പുകളില്‍ എതിരില്ലാതെ നടക്കുന്ന എട്ടാമത്തേതാണിത്.
കെ.ഒ. അയിഷാ ബായി (ഒന്നാം നിയമസഭ, 1957), എ. നബീസത്ത് ബീവി (രണ്ട്, 1960), എം.പി. മുഹമ്മദ് ജാഫര്‍ ഖാന് (മൂന്ന്, 1967), ഭാര്‍ഗവി തങ്കപ്പന് (എട്ട്, 1987), കെ. നാരായണ കുറുപ്പ് (ഒന്‍പത്, 1991), സി.എ. കുര്യന് (പത്ത്, 1996), എന്‍. സുന്ദരന്‍ നാടാര്‍ (പതിനൊന്ന്, 2001) എന്നിവരാണ് ഇതിനു മുന്‍പ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
7, 13 നിയമസഭകളില്‍ രണ്ടു പേര് വീതം ഡപ്യൂട്ടി സ്പീക്കറായതു കൊണ്ടാണ് 15 നിയമസഭകള്‍ക്ക് 17 പേര് ഈ പദവിയിലെത്തിയത്. ഇത്തവണ സ്പീക്കര്‍ - ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ക്ക് 7 ദിവസത്തെ ഇടവേളയാണുണ്ടായത്. 2, 8 നിയമസഭകളില്‍ (1960, 1987) 3 ദിവസമായിരുന്നു ഇടവേള. അതേസമയം 5-ാം നിയമസഭയിലെ (1977) ഇടവേള 100 ദിവസമായിരുന്നു.
ചിറ്റയം ഗോപകുമാര്‍ മൂന്നാം തവണ നിയമസഭാംഗമായതിനെ തുടര്‍ന്നാണ് ഡപ്യൂട്ടി സ്പീക്കറാകുന്നത്. ഡപ്യൂട്ടി സ്പീക്കര്മാരില് 5 പേര് ആദ്യ അവസരത്തില്‍ തന്നെ ആ പദവിയിലെത്തിയവരാണ്. തിരു-കൊച്ചി ഉള്‍പ്പെടെ അഞ്ചാമത്തെ വിജയത്തിനു ശേഷമാണ് കെ. നാരായണക്കുറുപ്പ് ഡപ്യൂട്ടി സ്പീക്കറായത്. കേരള നിയമസഭയില്‍ അംഗമാകുന്നതിനു മുന്‍പ് പി.കെ. ഗോപാലകൃഷ്ണന് മദ്രാസ് നിയമസഭയില്‍ അംഗമായിരുന്നു. കേരള നിയമസഭയുടെ 5-ാം സ്പീക്കറായ ഡി. ദാമോദരന്‍ പോറ്റി തിരു-കൊച്ചി നിയമസഭയുടെ അവസാന ഡപ്യൂട്ടി സ്പീക്കറായിരുന്നു.
Englsih Summary : Chittayam Gopakumar is the new Deputy Speaker of Kerala Assembly