ADVERTISEMENT

ന്യൂഡൽഹി∙ വായ്പത്തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി നിലവിൽ ഡൊമിനക്കയുടെ പ്രശ്നമാണെന്ന് ആന്റിഗ്വ. ചോക്സിയെ തിരിച്ചയച്ചാൽ പ്രശ്നം രാജ്യത്തേയ്ക്ക് മടങ്ങിവരുമെന്നും കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡ വ്യക്തമാക്കി. ബുധനാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് വിലയിരുത്തൽ. മെഹുൽ ചോക്സിയെ നേരെ ഇന്ത്യയിലേയ്ക്ക് അയയ്ക്കണമെന്നും ആന്റിഗ്വ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആന്റിഗ്വ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2018ൽ മെഹുൽ ചോക്സി ആന്റിഗ്വയിൽ പൗരത്വം സ്വന്തമാക്കിയിരുന്നു. മേയ് 23നാണ് ചോക്സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അടുത്ത ദ്വീപ് രാജ്യമായ ഡൊമിനിക്കയിൽവച്ചാണ് മെഹുൽ ചോക്സി അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായത്. എന്നാൽ ആന്റിഗ്വയിലെ ജോളി ഹാർബറിൽനിന്നും ഡൊമിനിക്കൻ ബോട്ടിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് മെഹുൽ ചോക്സിയുടെ അഭിഭാഷകൻ ആരോപിച്ചു. 

മെഹുൽ ചോക്സിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനോട് എതിർപ്പില്ലെന്നു ഡൊമിനിക്കൻ സർക്കാർ അറിയിച്ചിരുന്നു. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  (ഇഡി) ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിട്ടുണ്ട്. ഡൊമിനിക്കയിൽനിന്നു നേരിട്ട് ഇന്ത്യയ്ക്കു കൈമാറണമെന്ന് ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആന്റിഗ്വ പൗരത്വം 2019ൽ തന്നെ റദ്ദാക്കിയതാണെന്നും ബ്രൗൺ പറഞ്ഞു.

English Summary: Antigua prefers Mehul Choksi's direct extradition to India

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com