ഭരണത്തുടർച്ചയ്ക്ക് നന്ദി പറഞ്ഞ് കേരള ബജറ്റ്; സിഎച്ചിന് ശേഷം ബാലഗോപാൽ
Mail This Article
തിരുവനന്തപുരം ∙ ഭരണത്തുടർച്ചയ്ക്കു നന്ദി പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാൻ കേരളത്തിൽ അവസരം ലഭിച്ചത് രണ്ടു ധനമന്ത്രിമാർക്ക്; സി.എച്ച്.മുഹമ്മദ് കോയയ്ക്കും, കെ.എൻ.ബാലഗോപാലിനും. കാലാവധി കഴിയുന്നതുവരെ സർക്കാർ തുടരുകയും പിന്നീട് തിരഞ്ഞെടുപ്പിൽ അതേ മുന്നണിതന്നെ അധികാരത്തിൽ വരികയും ചെയ്തത് 1977, 2021 വർഷങ്ങളിലാണ്.
സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിനുശേഷം 1977ൽ അധികാരത്തിലേറിയ കെ.കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു സിഎച്ച്. 1977 മാർച്ച് 28ന് ആണ് സിഎച്ച് ബജറ്റ് അവതരിപ്പിച്ചത്. അന്നു റവന്യൂ മിച്ചം 11.7 കോടിയായിരുന്നു. 44 വർഷത്തിനുശേഷം കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ റവന്യൂകമ്മി 16,910 കോടി രൂപ.
∙ സി.എച്ച്. മുഹമ്മദ്കോയയുടെ പ്രസംഗം
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭ അതിന്റെ കാലാവധി കഴിയുന്നതുവരെ ഭരണസാരഥ്യം വഹിക്കുന്നതും തിരഞ്ഞെടുപ്പിനെ നേരിടുന്നതും വർധിച്ച ജനപിന്തുണ നേടി ഭരണകക്ഷി വീണ്ടും ഭരണച്ചുമതല ഏറ്റെടുക്കുന്നതും. കഴിഞ്ഞ ആറു വർഷക്കാലത്തെ സുസ്ഥിരവും ജനക്ഷേമകരവുമായ ഭരണത്തിനു കേരള ജനത നൽകിയ അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിധിയിൽ അന്തർഭവിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഈ വിധിയെഴുത്തിനു പ്രബുദ്ധരായ ജനങ്ങളോട് ഭാവി തലമുറകൾ കൃതജ്ഞതാ നിർഭരമായ അഭിനന്ദനം രേഖപ്പെടുത്തുമെന്നുള്ളത് നിസന്ദേഹമാണ്.
∙ കെ.എൻ.ബാലഗോപാലിന്റെ പ്രസംഗം
കേരള ഭരണത്തിൽ ജനാധിപത്യവൽക്കരണത്തിന്റെ കാര്യത്തിൽ അഭിമാനകരമായ വളർച്ചയാണ് സംഭവിക്കുന്നത്. അതിന്റെ ഏറ്റവും തിളക്കമാർന്ന തെളിവാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു കേരള ജനത നൽകിയ തുടർഭരണം. ഇത് കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ല. കേരള ജനതയുടെ വിജയം കൂടിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ചരിത്ര വിജയം നൽകിയ കേരള ജനതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.
Content Highlights: CH Muhammed Koya, KN Balagopal, budget speech