വിപണിയെ ഉയർത്താൻ ശ്രമം; ബജറ്റ് ലക്ഷ്യം ഭാവിയിലെ പകർച്ചവ്യാധി വ്യാപനം തടയലും
Mail This Article
സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കു പരിഹാരം തേടുന്ന, തളർന്നു കിടക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്ന, കാലം ആവശ്യപ്പെടുന്ന യുക്തിസഹജമായ, ജാഡരഹിതമായ ഒന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ കന്നി ബജറ്റ്. 2021-22 വർഷത്തേക്കു മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പൂർണ ബജറ്റിൽ നടത്തിയ കൂട്ടിച്ചേർക്കൽ മാത്രമാണ് ബാലഗോപാൽ അവതരിപ്പിച്ച അധിക ബജറ്റ്. അതുകൊണ്ടുതന്നെ അദ്ദേഹം അടിയന്തര പ്രാധാന്യം നൽകിയിരിക്കുന്നത് ആരോഗ്യ മേഖലയ്ക്കും തീരമേഖലയ്ക്കുമാണ്.
അതേസമയം, കാർഷിക മേഖലയിലേക്കും ചെറുകിട ഉൽപാദന രംഗത്തേക്കും സമൂഹത്തിന്റെ താഴേക്കിടയിലേക്കും പണമെത്തിച്ച് വിപണിയെ ഉയർത്താൻ ശ്രമിക്കുന്നുമുണ്ട് അദ്ദേഹം. ആരോഗ്യ മേഖലയ്ക്കായി 20,000 കോടിയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതിൽ 1000 കോടി കോവിഡ് വാക്‌സിനേഷനു മാത്രമായാണു നൽകുക. കോവിഡിന്റെ മൂന്നാം തരംഗം ഉൾപ്പെടെയുള്ള ഭാവിയിലെ പകർച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ മേഖലയിൽ വമ്പിച്ച പശ്ചാത്തല വികസനത്തിനുമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ ദീർഘമായ തീരമേഖല സംരക്ഷിക്കാനും, അവിടത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുമായി 4 വർഷംകൊണ്ട് 18,000 കോടി മുടക്കും. ഇപ്പോൾ 5300 കോടി തീരമേഖലയുടെ സംരക്ഷണത്തിനായി നൽകും. ഇതിൽ 1500 കോടി കിഫ്‌ബിയുടെ വിഹിതമായിരിക്കും. കാർഷിക മേഖലയ്ക്ക് 4 ശതമാനം നിരക്കിൽ, 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഉറപ്പാക്കും. കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള ആധുനിക സംഭരണ സംവിധാനം ഒരുക്കുന്നതിന് 10 കോടി വക കൊള്ളിച്ചിട്ടുണ്ട്.
വിപണന ശൃംഖല വ്യാപിപ്പിക്കാൻ 10 കോടി നൽകും. 10 കോടി മുടക്കി 5 അഗ്രോ പാർക്കുകൾ സ്ഥാപിക്കും, റബർ സബ്സിഡി കുടിശ്ശിക നൽകാനായി 50 കോടി ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. വിവിധ മേഖലയിലെ ജനങ്ങൾക്ക് 8900 കോടി നൽകും. കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി ഏർപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിഹിതവും വിപണിയിൽനിന്ന് കടമെടുത്തുമാണ് പദ്ധതികളും, പരിപാടികളും നടപ്പാക്കുന്നത്.
ബജറ്റിലെ പ്രധാന നിർദേശങ്ങൾ:
ആരോഗ്യ മേഖല (കോവിഡ് പാക്കേജ്): 20,000 കോടി
തീരമേഖല സംരക്ഷണം: 5300 കോടി
കാർഷിക മേഖല: 2000 കോടി (വായ്പ)
കോൾഡ് സ്റ്റോറേജ്: 10 കോടി
വിപണന ശൃംഖല: 10 കോടി
കുടുംബശ്രീ: 1000 കോടി വായ്പ, 10000 കുടുംബശ്രീ ഓക്സിലറി യൂണിറ്റുകൾ.
പ്രവാസി ക്ഷേമം: തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചെത്തിയ പ്രവാസികളുടെ സംരംഭത്തിന് 1000 കോടി വായ്പ.
(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)
Content Highlight: Kerala revised budget highlights