‘വാക്സീനായി എത്ര പണം വേണമെങ്കിലും ചെലവാക്കും; പുതിയ നികുതി പഠിച്ചശേഷം’
Mail This Article
തിരുവനന്തപുരം∙ പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചശേഷം ഭാവിയിൽ തീരുമാനിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് സാഹചര്യവും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് നികുതി വർധന ഒഴിവാക്കിയത്. ധനകാര്യ കമ്മിഷനുകളുടെ നിലപാട് ബുദ്ധിമുട്ടിക്കുന്നതാണെന്നു ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി വന്നതു കൂടുതൽ പ്രശ്നമായി. സിഎൻജിയുടെയും മദ്യത്തിന്റേയും നികുതി ജിഎസ്ടിയിൽ കൊണ്ടുവരണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണ്. 4700 കോടിരൂപ ജിഎസ്ടി നഷ്ടപരിഹാരമായി സർക്കാരിനു ലഭിക്കാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
അനാവശ്യ ചെലവുകൾ അംഗീകരിക്കാനാകില്ല. അത്തരം ചെലവുകൾ കർശനമായി നിയന്ത്രിക്കും. സർക്കാരിനു കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കും. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ കിറ്റ് വിതരണം തുടരും. 400 കോടിയോളം രൂപ ഒരുമാസം ഇതിനു ചെലവു വരും. സമൂഹ്യക്ഷേമ പെൻഷനിലൂടെയും തൊഴിലുറപ്പ് പദ്ധതികളിലൂടെയും ജനങ്ങളിൽ നേരിട്ടു പൈസ എത്തിക്കും. പൈസ എത്തുന്നതോടെ ജനങ്ങളുടെ വാങ്ങൽ ശേഷി കൂടും.
കോവിഡ് വാക്സീനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നല്ല പൈസ ചെലവാക്കുന്നതെന്നു ധനമന്ത്രി പറഞ്ഞു. വാക്സീൻ ചാലഞ്ചിലൂടെ ലഭിച്ച തുകയും കേന്ദ്രത്തിന്റെ ഗ്രാന്റുകളും ഇതിനായി ഉപയോഗിക്കും. 1000 കോടിയാണ് സൗജന്യ വാക്സീനായി വകയിരുത്തിയതെങ്കിലും അധികമായി വരുന്ന തുക സർക്കാർ വഹിക്കും. വാക്സീനായി എത്ര പണം വേണമെങ്കിലും ചെലവാക്കും.
വാക്സീൻ നൽകുന്നത് പൂർത്തിയായാൽ സാമ്പത്തികരംഗം മെച്ചപ്പെടും. ടൂറിസം രംഗം സജീവമാകും. മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പഴയ ബജറ്റിലെ നിർദേശങ്ങളൊന്നും മാറ്റിയിട്ടില്ലെന്നും അതു തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അതിനോടൊപ്പം കൂട്ടിച്ചേർക്കാനുള്ള കാര്യങ്ങളാണ് പുതിയ ബജറ്റിൽ പറഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
English Summary: Kerala revised budget highlights