ADVERTISEMENT

കൊച്ചി∙ നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി.

ഇയാളുടെ നിർദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും രവി പൂജാരി പറഞ്ഞു. ഇരകളെ ഭയപ്പെടുത്താൻ വെടിവയ്പുകൾ ആസൂത്രണം ചെയ്തതും ഈ സൂത്രധാരനും അയാളുടെ അടുപ്പക്കാരായ ഗുണ്ടാ സംഘങ്ങളുമാണ്. പെരുമ്പാവൂർ, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്.

പാർലർ ഉടമ ലീന മരിയ പോളിന്റെ പക്കൽ 25 കോടി രൂപയുടെ ഹവാല പണം എത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് അതു തട്ടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു രവി പൂജാരി വധഭീഷണി നാടകം കളിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ലീന മരിയയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതു താൻ തന്നെയാണെന്ന കുറ്റസമ്മത മൊഴികൾ രവി പൂജാരി അന്വേഷണ സംഘത്തോട് ഇന്നലെ ആവർത്തിച്ചു. ലീനയടക്കം കേരളത്തിലുള്ള ആരെയും നേരിട്ടു പരിചയമില്ല. 

ഫോണിൽ ഭീഷണിപ്പെടുത്തേണ്ടവരുടെ പേരും ഫോൺ നമ്പറും കൈമാറിയിരുന്നതു പൊലീസ് അന്വേഷിക്കുന്ന സൂത്രധാരനാണ്. കേസിലെ പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി അജാസും ഇയാളുടെ സുഹൃത്തായ ഡോക്ടറും വധഭീഷണി നാടകത്തിൽ പങ്കാളികളാണ്. ലീന മരിയ പോളും ഇവരുടെ സുഹൃത്താണ്. പൊലീസിനു പിടികൊടുക്കാതെ അജാസ് വിദേശത്തേക്കു കടന്നിരുന്നു. രവി പൂജാരിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ, കാസർകോട് ഗുണ്ടാ സംഘങ്ങളിലെ ചിലരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യും. ക്രൈംബ്രാഞ്ചിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. 

English Summary: Ravi pujari reveals main conspirator's name in Beauty Parlour shooting case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com