എല്ലാവർക്കും സൗജന്യ വാക്സീൻ; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രഖ്യാപനം. 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റിൽ വകയിരുത്തി. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടിയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ വാക്സീൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും വാക്സീൻ ഉത്പാദനത്തിനും ഗവേഷണത്തിനുമായി പദ്ധതി നടപ്പാക്കുമെന്നും വ്യക്തമാക്കി. ഇതിനായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
English Summary: Special Covid Package in Kerala - Budget Highlights