തട്ടിക്കൊണ്ടു പോയവരുടെ വിവരം കൈമാറി ചോക്സി അനുകൂലികൾ; അന്വേഷണം തുടങ്ങി
Mail This Article
ന്യൂഡൽഹി∙ വിവാദ വ്യവസായി മെഹുൽ ചോക്സിയെ ആന്റിഗ്വയിൽനിന്ന് അയൽരാജ്യമായ ഡൊമിനിക്കയിലേക്കു കടത്തിക്കൊണ്ടു പോയെന്ന പരാതിയിൽ ആന്റിഗ്വ ആൻഡ് ബാർബുഡ റോയൽ പൊലീസ് അന്വേഷണം തുടങ്ങി. ചോക്സിയുടെ അഭിഭാഷകർ നൽകിയ പരാതിയിലാണ് അന്വേഷണം. ചോക്സിയെ തട്ടിക്കൊണ്ടുപോയവരുടെ പേരുകൾ അടക്കമുള്ള വിവരങ്ങൾ അഭിഭാഷകർ പൊലീസ് കമ്മിഷനർക്കു കൈമാറിയിട്ടുണ്ടെന്നു ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ അറിയിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമെങ്കിൽ വിഷയം ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.
‘ആന്റിഗ്വയിൽനിന്നു ഡൊമിനിക്കയിലേക്കു കടത്തിക്കൊണ്ടുപോയെന്ന പരാതി പൊലീസ് ഗൗരവമായാണു കാണുന്നത് അന്വേഷണം പുരോഗമിക്കുകയാണ്.’ ബ്രൗൺ പറഞ്ഞു. ചോക്സിയെ പ്രവേശിപ്പിച്ചിരിക്കുന്ന ഡൊമിനിക്കയിലെ ചൈന സൗഹൃദ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി അടക്കം പരാതിയിലുണ്ട്. ചോക്സിയുടെ ശരീരത്തിൽ പുതുതായി മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതു ചെറിയ മൽപ്പിടിത്തത്തിൽ ഉണ്ടായതായിരിക്കാം എന്നുള്ള ഡോക്ടർമാരുടെ മൊഴിയും പരാതിക്കൊപ്പമുണ്ട്.
അതേ സമയം ചോക്സിയെ മേയ് 23നു രാത്രി 10 മണിയോടെയാണ് കാലിയോപ് ഓഫ് ആർനെ എന്ന ഉല്ലാസബോട്ടിൽ ഡോമിനിക്കയിലെത്തിച്ചതെന്നുള്ള ഡൊമിനിക്കൻ പ്രതിപക്ഷ നേതാവ് ലെന്നോക്സ് ലിന്റെന്റെ അരോപണത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നപ്പെടുതായുള്ള റിപ്പോർട്ടും പുറത്തുവന്നു. മേയ് 23നു വൈകിട്ട് 5 മണി വരെ ചോക്സി ആന്റിഗ്വയിൽ ഉണ്ടായിരുന്നെന്നാണു കുടുംബാംഗങ്ങളുടെ അവകാശവാദം. അങ്ങനെയെങ്കിൽ പിന്നീടുള്ള 5 മണിക്കൂർ കൊണ്ട് 120 മൈൽ താണ്ടി ചോക്സിയെ ഡൊമിനിക്കയിൽ എത്തിക്കുക എന്നത് അസംഭവ്യമാണ്. ഇതിനു 12–13 മണിക്കൂർ എങ്കിലും വേണ്ടിവരും.
മേയ് 23നു രാത്രി 10 മണിയോടെയാണു ബോട്ട് ആന്റിഗ്വയിൽനിന്നു തിരിച്ചത് എന്നാണ് കസ്റ്റംസിന്റെ പക്കലുള്ള വിവരം. ചോക്സി 5 മണി വരെ വീട്ടിലുണ്ടായിരുന്നെന്നു വീട്ടുജോലിക്കാരൻ സ്ഥിരീകരിച്ചതോടെ ലിന്റൻ പറഞ്ഞ ബോട്ടിൽ ചോക്സി സഞ്ചരിച്ചിരിക്കാൻ ഇടയില്ല.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13, 500 കോടി തട്ടിയ കേസിൽ ഇന്ത്യ തിരയുന്ന ചോക്സി 2018 മുതൽ ആന്റിഗ്വൻ പൗരനാണ്. പെൺസുഹൃത്തിനൊപ്പം അനധികൃതമായി ഡൊമിനിക്കയിലേക്കു പ്രവേശിച്ചതിനാണു ചോക്സിയെ കസ്റ്റഡിയിലെടുത്തത് എന്നാണു ഡൊമിനിക്കൻ സർക്കാർ പറയുന്നത്.
English Summary: After Team Mehul Choksi Names Alleged Kidnappers, Antigua PM Orders Probe