കോവിഡ്: സുന്ദര ദ്രാവിഡചിത്രങ്ങളുടെ കലാകാരൻ എസ്.ഇളയരാജ അന്തരിച്ചു
Mail This Article
ചെന്നൈ ∙ ജീവൻ തുളുമ്പുന്ന നിരവധി ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ഇടംനേടിയ ചിത്രകാരൻ എസ്.ഇളയരാജ(43) അന്തരിച്ചു. കോവിഡ് രോഗത്തിന് ചികിൽസയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
റിയലിസ്റ്റിക് രീതിയിലുള്ള ചിത്രരചനയിലൂടെയാണ് ഇളയരാജ പ്രശസ്തനായത്. ദ്രാവിഡ സ്ത്രീകളുടെ ദിനചര്യകളുടെ നിരവധി പെയിന്റിങ്ങുകളിലൂടെ ശ്രദ്ധേയനായി. തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം സെമ്പിയാവരമ്പിൽ ഗ്രാമത്തിലായിരുന്നു ജനനം. ചെന്നൈ ഫൈൻ ആർട്സ് കോളജിൽ നിന്ന് ചിത്രരചനയിൽ പഠനം പൂർത്തിയാക്കി.
തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനിൽ 2010 മുതൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലൂടെയാണ് ഇളയരാജ ശ്രദ്ധ നേടുന്നത്. യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് ആരാധകപ്രശംസ നേടി. ദ്രാവിഡ സ്ത്രീകളുടെ ദിനചര്യകൾ, ആരാധനാരീതികൾ, ആചാരങ്ങൾ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന രചനകളിൽ ഏറെയും. ചിത്രങ്ങളിൽ വെളിച്ചത്തിന്റെ ലയവിന്യാസങ്ങളിൽ കൃത്യത ഉറപ്പിച്ചതോടെ ഡിജിറ്റൽ ഫോട്ടോകളെ പോലും വെല്ലുന്ന ചിത്രങ്ങളായി അവ മാറി.
കുംഭകോണത്ത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണ് കോവിഡ് ലക്ഷണങ്ങൾ തുടങ്ങിയത്. ശ്വാസതടസമുൾപ്പെടെ ബുദ്ധിമുട്ടുകൾ അധികരിച്ചതോടെ എഗ്മൂറിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
English Summary: COVID 19 claims the life of Realism Artist S Ilayaraja