ADVERTISEMENT

ബെയ്ജിങ് ∙ മേഖലയിലെ തന്ത്രപരമായ സ്ഥിരത തകർക്കുന്ന തരത്തിൽ അയൽരാജ്യങ്ങളിൽ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാനുള്ള യുഎസ് പദ്ധതികളെ എതിർത്ത് ചൈന. രാജ്യാന്തരതലത്തിൽ ആയുധ നിയന്ത്രണം, നിരായുധീകരണം, അണ്വായുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയല്‍ എന്നിവ മുന്നോട്ടു കൊണ്ടുപോകണമെന്നും ചൈന ആഹ്വാനം ചെയ്തു.

ജനീവയിൽ നിരായുധീകരണം സംബന്ധിച്ച സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിൽ സംസാരിക്കവേയാണു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നിലപാടു വ്യക്തമാക്കിയത്. തന്ത്രപരമായ സ്ഥിരതയെ വെല്ലുവിളിച്ചുള്ള ഒരു പ്രത്യേക രാജ്യത്തിന്റെ പ്രാദേശിക, ആഗോള മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ വിന്യാസത്തെ എതിർക്കുന്നു. മറ്റു രാജ്യങ്ങളുടെ സമീപപ്രദേശങ്ങളിൽ കരയിൽനിന്ന് ആക്രമണം നടത്താവുന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കുന്നതിനെയും അംഗീകരിക്കുന്നില്ലെന്നു വാങ് പറഞ്ഞു.

us-missile
യുഎസ് മിസൈൽ (ഫയൽ ചിത്രം)

യുഎസിന്റെ പേര് നേരിട്ടു പറഞ്ഞില്ലെങ്കിലും ഏഷ്യയിൽ വാഷിങ്ടൻ മധ്യദൂര മിസൈലുകൾ വിന്യസിച്ചാൽ ശക്തിയായി എതിർക്കുമെന്നു ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈനയുടെ മിസൈൽ നീക്കങ്ങൾ നിരീക്ഷിക്കാവുന്ന അത്യാധുനിക താഡ് (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) ദക്ഷിണ കൊറിയയിൽ വിന്യസിക്കാനുള്ള യുഎസ് നീക്കത്തെ ചൈന കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി നിരീക്ഷിക്കാൻ പാക്കിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അനുവദിക്കണമെന്നും യുഎസ് അഭ്യർഥിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ചൈന കൂടുതൽ പ്രകോപിതരാകും.

joe-biden-new
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

ആണവായുധമില്ലാത്ത രാജ്യങ്ങൾക്കും ആണവായുധ രഹിത മേഖലകൾക്കുമെതിരെ ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന നയത്തിന് ചൈന പ്രതിജ്ഞാബദ്ധമാണ്. ആണവയുദ്ധത്തിൽ ആരും ജയിക്കില്ലെന്നും ഒരിക്കലും യുദ്ധം ചെയ്യരുതെന്നും മനസ്സിലാക്കി യുഎൻ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾ തമ്മിൽ സുപ്രധാന തത്വം രൂപീകരിക്കണം. സഹകരണം ശക്തിപ്പെടുത്തണം. പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് ആഴത്തിൽ സംഭാഷണങ്ങൾ നടത്തണം തുടങ്ങിയ കാര്യങ്ങളും ചൈനീസ് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റിൽ പോസ്റ്റു ചെയ്ത പ്രസംഗത്തിൽ വാങ് ചൂണ്ടിക്കാട്ടി. 

English Summary: Oppose deployment of missiles in other countries' neighbourhoods: China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com